.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
റഷ്യൻ എഴുത്തുകാരൻ ഇവാൻ തുർജനേവ് (1818-1883) എഴുതിയ "ഫാദേഴ്സ് ആൻഡ് സൺസ്' (പിതാക്കന്മാരും ആൺമക്കളും) 1862ൽ പുറത്തുവന്നു.
ദസ്തയെവ്സ്കി പിന്നീട് "ബ്രദേഴ്സ് കരമസോവ്' (1879) എന്ന ബൃഹദ് നോവൽ എഴുതാൻ പ്രചോദനമായത് ഈ കൃതിയാണെന്ന് അനുമാനിക്കാം. തുർജനേവിന്റെ നോവൽ രണ്ടു തലമുറകൾ തമ്മിലുള്ള സംഘർഷമാണ് പറയുന്നത്. പുതിയ തലമുറ എല്ലാത്തിനെയും നിഷേധിക്കുന്നു. അവരെ നിഹിലിസ്റ്റുകളെന്നാണ് വിളിക്കുന്നത്. അവർ കാൽപനികവും ആദർശാത്മകവുമായ വച്ചുകെട്ടുകളെ എതിർത്ത് കൂടുതൽ യാഥാർഥ്യബോധം നേടുന്നു. എന്നാൽ പഴയ തലമുറ മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും തുടരുന്നു. ദസ്തയെവ്സ്കിയുടെ നോവൽ ഇതിൽ നിന്ന് മുന്നോട്ടു പോയി സഹോദരങ്ങൾ തമ്മിലുള്ള, കുടുംബത്തിലുള്ളവർ തമ്മിലുള്ള സംഘർഷങ്ങളും ആശയപരമായ പോരാട്ടങ്ങളും ആഴത്തിൽ പരിശോധിക്കുന്നു.
തുർജനേവിന്റെ നോവൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖമായ റഷ്യൻ കൃതി എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ കൃതിയിൽ യുവതലമുറയെ പ്രതിനിധീകരിക്കുന്നത് വൈദ്യശാസ്ത്ര ബിരുദധാരിയായ അർകാഡിയും, സുഹൃത്തും ഡോക്റ്ററുമായ ബസാറോവുമാണ്. അർക്കാഡി സുഹൃത്തിനെയും കൊണ്ട് തന്റെ വീട്ടിലേക്ക് വരികയാണ്. അതോടെ തലമുറകളുടെ സംഘട്ടനം ആരംഭിക്കുന്നു. പ്രണയത്തീയും രതിയും ഒരു ആവശ്യമായി യുവതലമുറ അനുഭവിക്കുകയാണ്.
തുർജനേവിന്റെ നോവലിലെ ബസാറോവിന്റെ വാക്കുകൾ ഇങ്ങനെ: "ഓരോ ആളിനെയും പ്രത്യേകമായി പഠിക്കേണ്ടതില്ല. എല്ലാ മനുഷ്യരും അകത്തും പുറത്തും ഒന്നു തന്നെയാണ്. ഒരു മനുഷ്യനിലൂടെ മറ്റുള്ളവരെയും വിലയിരുത്താം'.
വ്യക്തികളെ അനാവശ്യമായി മഹത്വവത്ക്കരിക്കുന്നതിനെ നിഹിലിസ്റ്റുകൾ എതിർക്കുന്നു. ഈ നോവൽ എല്ലാ കാലത്തും പ്രാധാന്യം നേടും. കാരണം, തലമുറകളുടെ ഏറ്റുമുട്ടൽ എല്ലാ കാലത്തും ഉണ്ടായിരിക്കും.
ഒരേ പാതയിൽ
ഒരു നിഹിലിസ്റ്റ് എന്തിനാണ് എല്ലാ സ്ഥാപനങ്ങളെയും എതിർക്കുന്നത്? അത് കാലത്തിന്റെ ആവശ്യമാണ്. സമൂഹം സ്വന്തം നിലയിൽ മുന്നോട്ടു പോകണം. എന്നാൽ അത് മിക്കപ്പോഴും ജീർണിക്കുന്നു. ഒരേ പാതയിൽ തന്നെ തുടർന്ന് അത് അഴുകുന്നു. നിരന്തരമായി ഒരേ ചിന്തയിൽ കെട്ടിയിടപ്പെടുന്നത് തകർച്ചയ്ക്കു കാരണമാകും. ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണമെന്ന് ഒരു കാലത്ത് വിശ്വസിച്ചിരുന്നവരുണ്ടായിരുന്നല്ലോ. എന്നാൽ അത് അധഃപതനമായിരുന്നു. അതിനെ എതിർക്കുന്നവരെ നിഹിലിസ്റ്റ് എന്നു വിളിച്ചിട്ട് കാര്യമില്ല. സമൂഹത്തിന് മുന്നോട്ടാണു പോകേണ്ടത്.
"ആളുകളെ വനത്തിലെ മരങ്ങളെ പോലെ കാണാം. ഓരോ മരത്തെയും പ്രത്യേകമായി പഠിക്കാൻ ഒരു സസ്യശാസ്ത്രജ്ഞനും തയാറാവില്ല'- തുർജനേവിന്റെ നോവലിലെ നിഹിലിസ്റ്റിന്റെ വാക്കുകൾ.
എന്തുകൊണ്ട്? ചില വ്യക്തികൾ ഉന്നതരാണെന്ന് വിചാരിക്കുന്നതിൽ അർഥമില്ല, ധാർമിക ബോധമില്ലെങ്കിൽ.
മാറ്റത്തിനു വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ മിക്ക സമൂഹങ്ങളിലും ഉയർന്നുവരാറുണ്ട്. അവർ പരമ്പരാഗതമായ ചില ആചാരങ്ങളോട് പ്രതിഷേധിക്കുന്നു. അവരിൽ നാളെയുടെ വസന്തങ്ങൾ അലയടിച്ചുയരുകയാണ്. സുതാര്യമായ മനുഷ്യത്വത്തിന്റെ സർവ്വാശ്ലേഷിയായ സംഗീതം അവരിൽ മരിക്കാതെ മുഴങ്ങുകയാണ്. അവർ സ്വാർഥമായ ലക്ഷ്യങ്ങളിൽ നിന്നു മാറി ലോകത്തിന്റെ മാറുന്ന മുഖത്തെക്കുറിച്ച് ചിന്തിക്കുന്നു.
"സ്വയം വിദ്യാഭ്യാസം നേടണം. സ്ത്രീയും പുരുഷനും തമ്മിലുളള വ്യത്യാസം ശാരീരികമാണ്. അല്ലാത്തതെല്ലാം അസംബന്ധമാണ്'.
കലയെ ഒരു ഘട്ടത്തിൽ ബസാറോവ് എതിർക്കുന്നുണ്ട്. കവിതയെയും അദ്ദേഹം നിരാകരിക്കുന്നു. മനുഷ്യന്റെ സൗന്ദര്യശാസ്ത്രമോ കാൽപ്പനികതയോ ഭ്രമമോ നമ്മെ നേരായ രീതിയിൽ നയിക്കുമെന്നതിനു ഗ്യാരന്റിയില്ല എന്ന അറിവാണ് അതിനു പിന്നിൽ. കലയായാൽ എന്താണ്, അത് ദുഷിച്ചതും ജീർണിച്ചതും അർഥം നഷ്ടപ്പെട്ടതും അപരിഷ്കൃതവുമാണെങ്കിൽ? അവിടെ സ്വതന്ത്രമായ അനുഭവങ്ങളുടെയും സ്വതന്ത്രമായ സൗന്ദര്യാസ്വാദനത്തിന്റെയും ഉന്നതമായ മനസ് ഉണ്ടാകില്ല.
റഷ്യൻ ജീവിതം
മനുഷ്യന്റെയുള്ളിലെ അതിമാനുഷനെ കണ്ടെത്താനാണ് ജർമൻ തത്ത്വചിന്തകനായ ഫ്രഡറിക് നിഷെ നിഹിലിസ്റ്റായത്. നിഹിലിസ്റ്റ് സമൂഹത്തിനെതിരല്ല. ഒരേ തരം ചിന്ത, ഒരേ തരം ജീവിതം ആരെയാണ് മടുപ്പിക്കാത്തത്? മനുഷ്യർക്ക് ചിറകുകൾ ആവശ്യമായ ഒരു ഘട്ടം വരും. അപ്പോഴാണ് റിച്ചാർഡ് ബാക്കിന്റെ "ജോനഥൻ ലിവിങ്സ്റ്റൺ സീഗളി'ലെ കടൽക്കാക്കയെപ്പോലെ ഏറ്റവും ഉയരത്തിൽ ആരെയും ഭയക്കാതെ പറക്കാൻ തോന്നുന്നത്.
"മനുഷ്യരുടെ രോഗങ്ങൾക്കുള്ള കാരണം മനസിലാക്കാം. എന്നാൽ ധാർമികമായ അധഃപതനം തെറ്റായ വിദ്യാഭ്യാസം കൊണ്ട് ഉണ്ടാകുന്നതാണ്. സാമൂഹിക വീക്ഷണത്തിന്റെ ആവശ്യം നിറവേറ്റാൻ എല്ലാത്തരം വഴിപിഴച്ച കാര്യങ്ങളും കുട്ടികളിലേക്ക് കയറ്റി വിടുന്നു' - നിഹിലിസ്റ്റ് ബസാറോവ് തുറന്നു പറയുകയാണ്. ബസാറോവ് ധാർമിക അധഃപതനത്തെയാണ് ഏറ്റവും വെറുക്കുന്നത്. അത് കാണുന്നിടത്തെല്ലാം അയാൾ രോഷാകുലനാകുന്നു. മനുഷ്യനു മറ്റെന്തുണ്ടായിട്ടും കാര്യമില്ല, അവൻ ഉള്ളിൽ ഒരു ചെകുത്താനായി തുടരുകയാണെങ്കിൽ. മനുഷ്യനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സൗന്ദര്യസങ്കൽപവും കവിതയുമുണ്ടെന്ന് കരുതുക. എന്നാൽ അവൻ പ്രേമഭാജനത്തെ ഉപേക്ഷിക്കുകയും സന്താനങ്ങളെ കൊല്ലുകയും ചെയ്യുകയാണെങ്കിൽ?
"ഒരു നിഹിലിസ്റ്റ് ഒരു അധികാര കേന്ദ്രത്തെയും അംഗീകരിക്കുന്നില്ല. ഒരു വിശ്വാസത്തെയും പ്രമാണത്തെയും സ്വീകരിക്കുന്നില്ല'. തുർജനേവ് തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് ഇതുപോലൊരു നോവലെഴുതാൻ പ്രേരിപ്പിച്ചതെന്ന് കാണാം. റഷ്യൻ ജീവിതം ഒരു ഘട്ടത്തിൽ നിശ്ചലമാവുകയും അത് പൂർവകാലങ്ങളിലെ പ്രഭുത്വത്തിന്റെ സാഹചര്യങ്ങളിലേക്ക് മൗനത്തിൽ അമരുകയും ചെയ്തു. അപ്പോഴാണ് നവലോകത്തെക്കുറിച്ചുള്ള സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ തുർജനേവ് എഴുതാൻ തുടങ്ങിയത്.
തുർജനേവ് മോസ്കോ യൂണിവേഴ്സിറ്റിയിലും സെന്റ് പീറ്റേഴ്സ് യൂണിവേഴ്സിറ്റിയിലും പഠിച്ച ശേഷമാണ് സാഹിത്യത്തെയും തത്ത്വചിന്തയെയും കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്. തുടർന്ന് ബെർലിൻ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പഠിച്ചു. യൂറോപ്യൻ ചിന്തകൾ അദ്ദേഹത്തെ പ്രചോദിപ്പിച്ചു, വിപ്ലവകരമായി ജീവിതത്തെ മുന്നോട്ടു നയിക്കണമെന്ന കാര്യത്തിൽ.
നിഷ്കളങ്കമായ കണ്ണുകൾ
"ശവക്കല്ലറയ്ക്കുള്ളിൽ, വികാര തീക്ഷ്ണതയുള്ള, പാപിയായ, പ്രക്ഷുബ്ധനായ ഒരു മനുഷ്യൻ വിശ്രമിക്കുന്നുണ്ടാവാം; എന്നാൽ അതിനു മുകളിൽ വളരുന്ന പൂവുകൾ നമ്മെ അവയുടെ നിഷ്കളങ്കമായ കണ്ണുകളാൽ ശാന്തമായി തുറിച്ചു നോക്കുന്നു. അനശ്വരമായ ശാന്തിയെക്കുറിച്ച് മാത്രമല്ല അവ സംസാരിക്കുന്നത്; പ്രകൃതിയുടെ നിരപേക്ഷമായ, മഹത്തായ സമാധാനത്തെക്കുറിച്ചാണ്. എന്നത്തേയും ഒത്തുതീർപ്പിനെക്കുറിച്ചും അവസാനിക്കാത്ത ജീവിതത്തെക്കുറിച്ചും അവ സംസാരിക്കുന്നു'.
അദ്ദേഹം ഇങ്ങനെ എഴുതുന്നത് ബാസിറോവിന്റെ ശവക്കല്ലറയുടെ പശ്ചാത്തലത്തിലാണ്. ബാസിറോവിനെ അദ്ദേഹം വെറുക്കുന്നില്ല. പകരം ആ ചിന്തകൾ എങ്ങനെയെല്ലാം ചുറ്റുമുള്ളവരെ കൂടുതൽ നന്മകളിലേക്കും അർഥവത്തായ അനുരഞ്ജനങ്ങളിലേക്കും നയിച്ചു എന്നു വ്യക്തമാക്കുകയാണ്.
കല്ലറയ്ക്കുള്ളിലെ മനുഷ്യ ഹൃദയം പാപിയുടേതാകാം; അല്ലെങ്കിൽ വിപ്ലവത്തിനു വേണ്ടി പ്രവർത്തിച്ചവന്റേതാകാം. എന്നാൽ അവനെയും കാലം ഉൾക്കൊള്ളുന്നു. അവൻ നൽകിയ വെളിച്ചം പിന്നെയും ശേഷിക്കുകയാണ്. കല്ലറയ്ക്ക് മുകളിലെ പൂക്കൾ നമ്മെ ശാന്തതയോടെ, പ്രതീക്ഷയോടെ നോക്കുകയാണ്. ഇനിയും നല്ല പുലരികൾ വരാനുണ്ടെന്ന അറിയിപ്പാണത്.
പ്രത്യക്ഷത്തിൽ ഒരു മതവിശ്വാസത്തിനു വേണ്ടിയോ, മതാചാരത്തിനു വേണ്ടിയോ അല്ല തുർജനേവ് എഴുതുന്നത്. ഒരു നല്ല മതവിശ്വാസിയാകുന്നതിന്റെ സംഘർഷങ്ങൾ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. മനുഷ്യന്റെ ബുദ്ധിപരമായ ഉണർവ്, നവീനമായ ഉയിർപ്പ് അദ്ദേഹത്തെ കരുത്തനാക്കി. ഈ മനോഭാവമാകാം ടോൾസ്റ്റോയിയുമായി അകലാൻ ഇടയാക്കിയത്.
"വിശക്കുമ്പോൾ ഒരു കഷണം റൊട്ടി കഴിക്കാൻ യുക്തിവാദം ഒന്നും വേണ്ട. ഇങ്ങനെയുള്ള അവ്യക്തചിന്തകൾ കൊണ്ട് ഒരു പ്രയോജനവുമില്ല' - ബാസിറോവ് ഖണ്ഡിക്കുന്നു. ചിന്ത അസംബന്ധമോ വ്യർഥതയോ ആണെന്നു ബോധ്യപ്പെട്ട ശേഷം അതിനു താത്വിക അടിത്തറ നൽകാൻ ശ്രമിക്കുന്നത് അപക്വമാണ്.
ഉത്തര രേഖകൾ
1) ഒരു കാലത്ത് ആയിരക്കണക്കിനാളുകൾ അതീവ താൽപര്യത്തോടെ വി. സാംബശിവന്റെ കഥാപ്രസംഗം കേൾക്കാൻ ഒത്തുകൂടി. മൈതാനങ്ങൾ രാത്രിയെ പകലാക്കി. രാവിനെ ഇത്രയധികം ആഘോഷിച്ച ഒരു കാലമുണ്ടായിട്ടില്ല. എന്തുകൊണ്ടാണ് സാംബശിവനു ശേഷം അതുപോലൊരാൾ ഉയർന്നു വരാത്തത്?
ഉത്തരം: സ്വന്തം മാധ്യമത്തോട്, സാംബശിവനെ പോലെ ആത്മാർഥതയുള്ളവർ ഉണ്ടാകണം. മാത്രമല്ല, കഥാപ്രസംഗം എന്ന മാധ്യമത്തെ സമകാലികമാക്കി നിലനിർത്തണം. അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങൾക്ക് ഒരു കനവും സാമൂഹിക പ്രസക്തിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും പത്രപ്രവർത്തകനുമായ വി. സുബ്രഹ്മണ്യൻ എഴുതിയ "വി സാംബശിവൻ: പാവങ്ങളുടെ പാട്ടുകാരൻ' എന്ന പുസ്തകം ആ വലിയ കാഥികന്റെ പണിപ്പുര രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ്.
2) കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാടകം ഏതാണ്?
ഉത്തരം: തോപ്പിൽ ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'. ഈ നാടകം 1952ൽ തിരു-കൊച്ചി മുഖ്യമന്ത്രി നിരോധിച്ചു. ഇന്ന് ആരും അത് നിരോധിക്കാൻ പറയില്ല. കാരണം, വിപ്ലവത്തിന്റെ ആ പാതകൾ നമ്മൾ പിന്നിട്ടിരിക്കുന്നു. അന്ന് നാടക നിരോധനത്തിനെതിരെ തിരുവനന്തപുരം പഴവങ്ങാടി മൈതാനത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ജോസഫ് മുണ്ടശേരി, പി. കേശവദേവ്, സി. നാരായണപിള്ള, സി.ഐ. പരമേശ്വരൻ പിള്ള, തോപ്പിൽ ഭാസി, കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
3) ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംഭാവനയെ എങ്ങനെ കാണുന്നു?
ഉത്തരം: രേഖാചിത്രകലയിൽ നമ്പൂതിരി ഇല്ലായിരുന്നുവെങ്കിൽ ആ കല ഇത്രയും ചർച്ച ചെയ്യപ്പെടുകയില്ലായിരുന്നു. നമ്പൂതിരി സാഹിത്യ കൃതികൾക്ക് വേണ്ടി വരച്ച ചിത്രങ്ങൾ സ്വന്തമായി തന്നെ നിൽക്കും. നമ്പൂതിരിയുടെ വരകൾ, മനുഷ്യരൂപങ്ങൾ കേരളീയ ജീവിതത്തിന്റെ ചരിത്രപരമായ നോട്ടങ്ങളെയും പരിണാമങ്ങളെയും സാമൂഹികമായ അന്തർധാരകളെയും ആലേഖനം ചെയ്യുകയാണ്. ഒരു ചിത്രകാരനു രേഖകൾ മതി, നിറങ്ങൾ വേണ്ട എന്നാണ് നമ്പൂതിരിച്ചിത്രങ്ങൾ നൽകുന്ന സന്ദേശം.
4) ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പ്രതിഛായയ്ക്ക് എന്താണ് സംഭവിച്ചത്?
ഉത്തരം: ഉമ്മൻ ചാണ്ടി മറ്റു രാഷ്ട്രീയക്കാരിൽ നിന്നു വ്യത്യസ്തമായി, തന്നോടൊപ്പം സാധാരണക്കാരെയും കൊണ്ടു നടന്നു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയെ അറിഞ്ഞവർ ധാരാളമാണ്. എന്നാൽ അവരെക്കാൾ പതിന്മടങ്ങ് പേർ ഇപ്പോൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. ജനാധിപത്യം എന്നാൽ സ്നേഹവും സമഭാവനയുമാണെന്ന ചിന്ത അദ്ദേഹം ഒരിക്കലും മറന്നിട്ടില്ല.
മരണം ഒരാളുടെ കൈയൊപ്പും വിലയിരുത്തലുമാണ്. ഒരാൾ എന്താണെന്ന് വിലയിരുത്തുന്നത് മരിക്കുമ്പോഴാണ്. അയാൾ തന്റെ ജീവിതത്തെ അതിലൂടെ സ്ഥിരീകരിക്കുകയാണ്. മരണശേഷം മറ്റൊരു ഇരിപ്പിടമാണ് കിട്ടുന്നത്. മരണം ഒരു വിപ്ലവമാണ്. മരണം ഉമ്മൻചാണ്ടിയുടെ ജീവിതത്തിനു പുതിയ അർഥങ്ങൾ നല്കിയിരിക്കയാണ്. എന്നാൽ ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ യഥാർഥ മഹത്വവും ജീവിതവും എന്താണെന്നു വ്യക്തമാക്കുന്ന ഒരു നല്ല ലേഖനം എഴുതാൻ ആർക്കും കഴിഞ്ഞില്ല. ഇതാണ് ഏറ്റവും സങ്കടകരം.
5) ചില പുതുകവികൾ വായനക്കാരെ അന്ധാളിപ്പിക്കാൻ വേണ്ടി അവർക്ക് പോലും ഭാവന ചെയ്യാനാകാത്ത വിധം എഴുതുന്നതായി തോന്നിയിട്ടുണ്ടോ?
ഉത്തരം: ഓരോ കാലത്തും കാവ്യാത്മകമെന്നു വിവക്ഷിക്കപ്പെട്ട ഒരു ഭാഷയുണ്ട്. അത് അനുകരിച്ചാൽ കവിതയായി എന്നു വിചാരിക്കുന്നവരുണ്ട്.
ചങ്ങമ്പുഴയുടെ കാലത്ത് നിരുപദ്രവകരമായ കാൽപനികത ഒരാചാരമായിരുന്നു. ആധുനികതയുടെ കാലത്ത് അനാവശ്യമായ വിലാപവും കരച്ചിലുമാണ് നാം ഭാഷയിൽ കേട്ടത്. ഇപ്പോൾ വക്രീകരിക്കപ്പെട്ടതും കൃത്രിമവും അർഥശൂന്യവുമായ ഭാഷയ്ക്ക് പിടിവലിയാണ്.
"പുകച്ചുരുളുകൾ പോലെ
മേഘങ്ങൾ മണ്ണിൽ മുളച്ചിരുന്നില്ല'
(റോഷ്നി സ്വപ്ന, ജീവിതത്തിൽ ഞാൻ, പച്ചമലയാളം, ജൂലൈ) തുടങ്ങിയ വരികൾ ഉദാഹരണം.
6) കവിതാ രചന വളരെ ഉദാസീനവും സാധാരണവുമായ ഒരു കലാപ്രവർത്തനമായിട്ടുണ്ടോ?
ഉത്തരം: അങ്ങനെയാണ് പലരും എഴുതുന്നത്. മന്ത്രിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ കവിത എഴുതുകയാണ്. എല്ലാവരുടെയും മാധ്യമമാണ് കവിത. വിജയകുമാർ കൈപ്പള്ളി എഴുതിയ തങ്കശേരിക്കോട്ട (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 14-20) എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധേയമാണ് :
"ക്ലൈമാക്സ് മുറുകി
മരിച്ചവരും ജീവിച്ചവരും
തമ്മിലെ യുദ്ധം
ജീവനുള്ളവരും
ജീവിക്കാനുള്ളവരും
തമ്മിലെ യുദ്ധം
മരിച്ചവർ സെമിത്തേരിയിലേക്കും
ജീവനുള്ളവർ ഉമിത്തീയിലേക്കും
പിരിയുമ്പോൾ കാണികൾ
കോട്ടുവായിട്ട് കൈയടിച്ചു'.
പി. പി. രാമചന്ദ്രൻ വെടിവട്ടം പറയുന്നതും കവിതകളിലാണ്.
"പുസ്തകം, മിഠായി,
ചർച്ച, സിഗരറ്റ്,
എക്കണോമിക്സ്,
പൊളിറ്റിക്സ്, കാൻറീ-
ലുച്ചയൂൺ, ചായ,
ഇലക്ഷൻ, പ്രചരണം,
എസെഫൈകേയെസ്യു
സംഘട്ടനം,
യൂത്ത് ഫെസ്റ്റിവൽ
തെങ്ങിൻ പറമ്പിലെ മേളനം'
(പ്രഭാതരശ്മി, ഓർമച്ചാർത്ത്, ഏപ്രിൽ, മെയ്).
രാമചന്ദ്രനോട് പറയാനുള്ളത് ഇതാണ്: ഇതൊക്കെ ഒരു കാലത്ത് എല്ലാവരുടെയും അനുഭവമാണ്. വ്യതിരിക്തമായത് എന്തെങ്കിലും ഉണ്ടെങ്കിൽ അതാണ് എഴുതേണ്ടത്. സാമാന്യവത്കരിക്കപ്പെട്ട വിവരങ്ങൾ ഇനിയും കവിതയിലിറക്കി വയ്ക്കണോ?
7) ജീവിതം ജീവിച്ച ശേഷമാണല്ലോ അത് എങ്ങനെയായിരിക്കണമെന്ന് നമ്മൾ ചിന്തിക്കുന്നത്. അതുകൊണ്ട് സെൽഫ് ഹെൽപ് പുസ്തകങ്ങൾ നമ്മെ സഹായിക്കുമോ?
ഉത്തരം: മഹാനായ തത്ത്വചിന്തകൻ ജിദ്ദു കൃഷ്ണമൂർത്തി ജീവിതത്തെക്കുറിച്ച് പറഞ്ഞത് ഉദ്ധരിക്കാം: ""അസുഖകരമായ സാഹചര്യങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല. നിങ്ങൾ അത് മനസിലാക്കുക. പരിശോധിക്കുക. നിങ്ങൾ ഇഷ്ടപ്പെടുന്നതിലെല്ലാം ഹൃദയം കൊടുത്തു നീങ്ങുക, സ്വതന്ത്രമായ ഒരു ജീവിതം കണ്ടെത്താൻ. അത് നിങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു.
ഇവിടെ ഒരു അധ്യാപകനില്ല, ഗുരുവില്ല, വിദ്യാർഥിയില്ല, നേതാവില്ല, രക്ഷകനില്ല. നിങ്ങൾ തന്നെയാണ് അധ്യാപകനും വിദ്യാർഥിയും. നിങ്ങളാണ് ഗുരു. നിങ്ങളാണ് എല്ലാം. എന്താണോ നിങ്ങൾ, അത് മാറ്റിമറിക്കുന്നതിനു വേണ്ടിയാണ് മനസിലാക്കൽ ആവശ്യമായി വരുന്നത്''.