പി. ജ്യോതിശ്രീ
അവൾവന്നതിൽ പിന്നെയാണ്
അവന്‍റെ ആകാശത്ത് വസന്തം നിറഞ്ഞത്!
വയലറ്റ് പൂക്കൾ
മേഘങ്ങൾക്കിടയിൽ
പാതിവിരിഞ്ഞത്!
പൂക്കൾ മഴയെ പ്രണയിച്ചത്,
മഴത്തുള്ളികൾക്കായ്
ഇതൾ നീർത്തിയത്!
വരിനിലച്ച കവിതകൾ
പ്രണയരാഗം മൂളിയത്,
അക്ഷരങ്ങളൊരു പുഞ്ചിരിയെ തൊട്ടുണർത്തിയത്!
അടച്ചിട്ട സ്വപ്നക്കൂടാരങ്ങൾ
അറിയാതെ തുറന്നത്,
മെല്ലെ തുളുമ്പിയ
നിറക്കൂട്ടുകളാലവൻ
വഴുതി വീണത്!!
കടൽവറ്റിയ കണ്ണുകളിൽ
നീലിമ പടർന്നത്,
നെഞ്ചിലേതോ തിരമാലകൾ
നിലയ്ക്കാതെയായത്!
ഒറ്റയായ രാത്രികളിൽ
നിലാവു കൂട്ടിരുന്നത്,
മിന്നാമിനുങ്ങൊരു സ്നേഹത്തിൻ
വെളിച്ചമായത്!
അതെ,
അവൾ വന്നതിൽപ്പിന്നെയാണ്
അവനിൽ
വിളക്കു തെളിഞ്ഞത്!
അതുകൊണ്ടാണ്
അവളുടെ ഓർമ്മകൾ വന്നവനെ ചുംബിക്കുംതോറും
അവനൊരു മഴവില്ലിന്‍റെ
പടിക്കെട്ടുകൾ കയറുന്നത്!!
മരുഭൂമിയിൽ നിന്ന്
പൂക്കാലത്തിലെക്കെന്ന പോലെ....