സമകാലിക കവിത
file photo
അക്ഷരജാലകം|എം.കെ.ഹരികുമാർ
ഒരു നല്ല കവിയാകണമെങ്കിൽ നല്ല വായനക്കാരനാകണമെന്ന് അമെരിക്കൻ കവി റെജിനാൾഡ് ഷെപ്പേർഡ് ഒരു ലേഖനത്തിൽ (എ ഫ്യൂ തോട്സ് ഓൺ പോയട്രി ആൻഡ് ക്രിട്ടിക്സ്, പോയട്രി ഫൗണ്ടേഷൻ) സൂചിപ്പിച്ചത് കൗതുകകരമായി തോന്നി. അത് വിചിന്തനം ആവശ്യപ്പെടുന്നു. എഴുതാനുള്ള കഴിവ് ഒരു താല്പര്യത്തിന്‍റെ പേരിൽ സംഭവിക്കാം. എഴുതുമ്പോൾ സ്വന്തം വാക്കുകളുടെ ശേഖരം മാത്രം മതി എന്നു വിചാരിക്കരുത്. അതു വികസിപ്പിക്കേണ്ടതാണ്. പ്രയോഗരീതികൾ സ്ഥിരം ചാലിലൂടെ നീങ്ങിയാൽ ബോറടിപ്പിക്കും. ഒരേ പ്രയോഗം എല്ലാ കവിതകളിലും ആവർത്തിക്കുന്നവരെ കവിയായി കാണാനാവില്ല. കവി കൂടുതൽ പ്രസംഗിച്ചതു കൊണ്ടോ ദൃശ്യപരതയിൽ സ്വയം നിലനിർത്തിയതു കൊണ്ടോ ഈ പരാധീനത മറികടക്കാനാവില്ല. വായനക്കാർ എത്രയൊക്കെ പുകഴ്ത്തിയാലും വസ്തുതകളെ കൃത്യമായി പരിശോധിക്കുന്ന വിമർശകർ പിന്നാലെ വന്നുകൊണ്ടിരിക്കും.
വിമർശനം ചിലർക്ക് അരുചിയായി തോന്നാം. അത് സാഹിത്യലോകത്തെ വേണ്ട പോലെ മനസിലാക്കാത്തതു കൊണ്ടും അഭിരുചിയുടെ കാര്യത്തിൽ വേണ്ടത്ര വികാസം നേടാത്തതുകൊണ്ടുമാണ്. ചുറ്റും അനുദിനം വികസിക്കുന്ന ഭാഷയുണ്ട്. ഭാഷയുടെ ബന്ധങ്ങളുണ്ട്. ഭാഷയെ പലർ പല രീതിയിൽ ഉപയോഗിച്ച് അർഥവ്യാപ്തിയുണ്ടാക്കുന്നു. അത് നൂതനമായിക്കൊണ്ടിരിക്കും. പുതിയ അഭിരുചി വികസിപ്പിക്കാനും വാക്കുകളെ പുതിയ രീതിയിൽ കൂട്ടിയോജിപ്പിച്ച് ക്രമീകരിക്കാനും നാം ബാധ്യതപ്പെട്ടവരാണ്. അതിൽ നിന്ന് ഒഴിയാനാവില്ല. ഓരോ ഭാഷാഭേദവും നമ്മുടെ മനസിന്‍റെ മാറുന്ന സ്വഭാവത്തെയും ബുദ്ധിയെയും കാഴ്ചയെയും കാണിച്ചുതരുകയാണ്.
താമരയിതളുകൾ
പതിറ്റാണ്ടുകളായി ഒരേപോലെ ഒരു വസ്തുവിനെ നോക്കിക്കൊണ്ടിരിക്കാനാവില്ല. ഒരു പെണ്ണ് സുന്ദരിയാണെന്നു സ്ഥാപിക്കാൻ പണ്ട് കവികൾ അവളുടെ കണ്ണുകൾ താമരയുടെ ഇതളുകൾ പോലെയാണെന്നു പറയുമായിരുന്നു. അവളുടെ കണ്ണുകൾ മാത്രം സസൂക്ഷ്മം പഠിച്ച് അതിന് ഏത് ആകൃതിയാണുള്ളതെന്നു കണ്ടെത്തേണ്ട ഉത്തരവാദിത്വമാണ് അന്നു കവികൾ ഏറ്റെടുത്തത്. താമര ഇതളുകൾ പോലെയുള്ള കണ്ണുകളോടു കൂടിയവൾ സുന്ദരി എന്ന് സങ്കല്പിക്കപ്പെട്ടു. ഇന്ന് അങ്ങനെയാരും എഴുതില്ല. താമര നല്ലതാണെങ്കിലും, താമരയിതളുകൾ പോലെയുള്ള കണ്ണുകൾ ഒരു ആകർഷണമല്ല എന്നു കവികൾ മനസിലാക്കിയിരിക്കുന്നു. പഴയ അളവുകോലുകൾ കവികൾ തന്നെ ഉപേക്ഷിച്ചിരിക്കുന്നു. ഈ മാറ്റം എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ചങ്ങമ്പുഴ ഉപയോഗിച്ച കോമള പദങ്ങൾ ഈ തലമുറയിലെ യഥാർഥ കവികൾ ആവർത്തിക്കില്ല. ആവർത്തിക്കുന്നവർ പഴയ കാലത്തു തന്നെ മനസു കൊണ്ട് ജീവിക്കുന്നവരാണ്. കോമളപദങ്ങൾ ഭാഷയിൽ സംഗീതാത്മകമായി നിലനിന്നിട്ടുണ്ടാവാം. എന്നാൽ അത് പരിഭാഷപ്പെടുത്തിയാൽ തകരും. പരിഭാഷ ചെയ്തുവരുമ്പോൾ കവിതയിൽ തെളിയുന്ന സൗന്ദര്യമാണ്, അർഥവ്യാപ്തിയാണ് പ്രധാനം. പെണ്ണിന്‍റെ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് പറയുന്നതു പോലും ശരിയല്ലെന്നാണ് പുതിയകാലം സൂചിപ്പിക്കുന്നത്. സൗന്ദര്യം ആരുടെയും കുത്തകയല്ലെന്ന ദൈവബോധം ജനാധിപത്യവത്കരിക്കപ്പെട്ടിരിക്കുന്നു. എല്ലാവരിലും സൗന്ദര്യമുണ്ട്, സുന്ദര ഭാവങ്ങളുണ്ട്. അതിനെ അഭിസംബോധന ചെയ്യാൻ സിദ്ധിയുണ്ടാവണം.
അതുകൊണ്ട് കവി എഴുതാൻ കാണിക്കുന്ന താത്പര്യം വായിക്കുന്നതിലും ഉണ്ടാകണം. എങ്ങനെ വായിക്കണമെന്നു പഠിക്കാനുണ്ട്. മറ്റുള്ളവരുടെ കവിതകൾ മാത്രമല്ല, വിമർശന രചനകളും വായിക്കണം. വിമർശനം ബുദ്ധിപരമായി ഉയർന്ന ഒരാളുടെ വായനാനുഭവം മാത്രമല്ല, നിലപാടുമാണ്. സൗന്ദര്യബോധത്തിന്‍റെ പ്രസക്തി അവിടെ വിലയിരുത്തപ്പെടുന്നു. കവിതയിൽ ആസ്വദിക്കപ്പെടാനായി എന്തെങ്കിലുമുണ്ടോ, അത് ഈ കാലത്തിന് ഏതെങ്കിലും തരത്തിൽ ആവശ്യമുള്ളതാണോ എന്ന് വിമർശകൻ ആലോചിക്കുന്നു. അത് കവികൾ വായിക്കുന്നത് തന്‍റെ കവിതയെ ഏതു രീതിയിലാണ് സമകാലികമാക്കേണ്ടത് എന്നറിയാൻ സഹായിക്കും.
കാളിദാസനോട് മത്സരിക്കേണ്ട
കാലത്തിനൊപ്പമാണു കവി സഞ്ചരിക്കേണ്ടത്. പഴയ രൂപങ്ങളിലേക്ക് ഇനി തിരിച്ചു പോകാനാവില്ല. ആട്ടക്കഥ രചിച്ച് ഇന്ന് നവീനതയുണ്ടാക്കാനാവില്ല. അത് ഉപയോഗിച്ച് വിരസമായിത്തീർന്ന രൂപമാണ്. ഇന്നത്തെ കവി കാളിദാസനോട് മത്സരിക്കാൻ പോകേണ്ട; കാളിദാസൻ തന്‍റെ കാലത്ത് സുരക്ഷിതനായിരിക്കുകയാണ്. അദ്ദേഹത്തെ അനുകരിച്ച് എഴുതിയാൽ അത് അദ്ദേഹത്തോടുള്ള മത്സരമായി മാറും. അതിനേക്കാൾ വ്യത്യസ്തമായ രൂപമാണ് പരീക്ഷിക്കേണ്ടത്. പാബ്ലോ നെരൂദയുടെ "ഹൈറ്റ്സ് ഓഫ് മാച്ചു പിച്ചു, ടി.എസ്.എലിയറ്റിന്‍റെ "തരിശുഭൂമി', വാൾട്ട് വിറ്റ്മാന്‍റെ "ലീവ്സ് ഓഫ് ഗ്രാസ്' തുടങ്ങിയ കാവ്യങ്ങൾ കവിത എന്ന മാധ്യമത്തെ സ്വതന്ത്ര, വികസിത മേഖലകളിൽ എത്തിച്ചതിന്‍റെ അടയാളങ്ങളാണ്. അവർ കാളിദാസനോട് മത്സരിക്കുകയല്ല ചെയ്തത്.
കവിക്ക് ഭാവിയോടാണു മത്സരിക്കാനുള്ളത്. ഇന്നലെത്തെ രൂപങ്ങളിൽ ആകൃഷ്ടനായാൽ അത് കവിയെ ചതിക്കും. കവി സ്വയമറിയാതെ ഒരു പ്രതിരൂപമായി അധഃപതിക്കും. എങ്ങനെ വായിക്കണമെന്നു പഠിക്കുന്നതിൽ നിന്ന് സ്വന്തം കവിത അവതരിപ്പിക്കാനുള്ള രീതി വ്യക്തമാകും. മറ്റുള്ളവരുടെ രചനകൾ വിശകലനം ചെയ്യാനുള്ള പരിശീലനമാണ് വായന. എങ്ങനെയാണ് ഒരു കവിത ആസ്വദിക്കപ്പെടുന്നതെന്ന് മറ്റൊരാളുടെ കവിതയെ മുൻനിർത്തി ഗ്രഹിക്കുന്നതു നല്ലതാണ്. എഴുതുമ്പോൾ അതെല്ലാം സഹായിക്കും.
പ്രമുഖ ഹംഗേറിയൻ കവി ദൂർസ് ഗ്രൺബീൻ കാവ്യരചനയിൽ രണ്ടു ഘടകങ്ങളുള്ളതായി നിരീക്ഷിക്കുന്നു. ഒന്ന്, വസ്തുവിനെ കാണുക എന്നതാണ്. രണ്ട്, അതിനെ നിരീക്ഷിക്കണം, എന്താണ് അത് വിനിമയം ചെയ്യുന്നതെന്ന് മനസിലാക്കാൻ. മനസിന്‍റെ ഗുണത്തിനനുസരിച്ച് ആ നിരീക്ഷണത്തിന്‍റെ ഗുണവും ആഴവും വർധിക്കും. ഒരു വസ്തുവിനെ അപ്രധാനമായി കണ്ട് ഉപേക്ഷിക്കാൻ പാടില്ല. അതിലൊരു ആശയമുണ്ട്. അതാരായണം. അതിൽ ഒരാഖ്യാനം ഒളിച്ചിരിക്കുന്നു. അത് ജീവിതാർഥമാണ്. ഉപയോഗശൂന്യമായ ജീവിതത്തെ വികാരം കൊണ്ടും അർഥം കൊണ്ടും നിറയ്ക്കാൻ കഴിയുന്ന തലത്തിലേക്ക് വസ്തുവിനെ പരിവർത്തനപ്പെടുത്തണം.
രൂപം പ്രധാനം
"ദ് ബറീഡ് ലൈഫ്' എന്ന കവിതയിൽ മാത്യു അർനോൾസ് എഴുതുന്നു:
"ഹൃദയത്തെ വെളിപ്പെടുത്താൻ
പ്രേമത്തിനു പോലും കഴിവില്ലെന്നോ!
യഥാർഥമായ അനുരാഗത്തെപ്പറ്റി
കമിതാക്കൾക്ക് പോലും പരസ്പരം
തുറന്നുപറയാൻ ശേഷിയില്ലെന്നോ!
ഒരു വലിയ കൂട്ടം ആളുകൾ
ഭയം മൂലം ഒന്നും പറയാതെ
ഒളിച്ചിരിക്കുകയാണ്.'
ഈ തിരിച്ചറിവ് കവി ഒറ്റയ്ക്ക് അറിഞ്ഞതാണ്. എന്നാൽ ഇതിൽ മറ്റു കവികളെ വായിച്ചതിന്‍റെ സംസ്കാരം നിഴലിക്കുന്നുണ്ട്. ഭാഷ ദുർബലമാവുകയും വികാരം വറ്റുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് പലരും സംസാരിച്ചിട്ടുണ്ട്. അതിൽ അർനോൾഡ് തിരഞ്ഞെടുത്ത രൂപം ആധുനികമാണ്.
മലയാളത്തിലെ സമകാലിക കവിത വിഭിന്നങ്ങളായ വഴികളിലൂടെ സഞ്ചരിക്കുകയാണ്. ചിലർ ഈ കാലത്തിന്‍റെ കാവ്യഭാഷയുടെ കല അറിയാതെ പഴയകാല യാഥാർഥ്യവാദത്തെ പുനരവതരിപ്പിക്കുന്നു. ടി.എസ്. അനിൽശ്രീ എഴുതിയ "മങ്ങിയ കാഴ്ചകൾ' (സ്ത്രീശബ്ദം, ഡിസംബർ) എന്ന കവിതയിലെ വരികൾ നോക്കുക:
"വറ്റിവരണ്ട തൊണ്ടയുമായി
വിശന്നൊട്ടിയ വയറുമായി
ഒരു തുള്ളി ദാഹജലത്തിനായി
ഒരു നേരത്തെ അന്നത്തിനായി
അവർ നിലവിളിക്കുന്നു.
ആ നിലവിളിയിൽ മനംനൊന്ത്
ഇവിടെ അന്നമിറങ്ങാതെ അമ്മ'.
വളരെ തുറന്ന പ്രസ്താവനയാണിത്. ആലോചിക്കാൻ ഒന്നുമില്ല. എല്ലാം തുറന്നു പറയുകയാണ്, രാഷ്‌ട്രീയ പ്രസംഗം പോലെ. പക്ഷേ കവിതയുടെ സവിശേഷമായ ഭാഷയോ നോട്ടമോ ഇല്ല.
ശ്രീകുമാർ മുഖത്തല എഴുതിയ "വെറുതേയായി' (ഗ്രന്ഥാലോകം, ജനുവരി) എന്ന രചയിൽ നിന്ന്:
അലക്ഷ്യമായ് അല്പം മുമ്പെൻ
മുഖത്താകെ പരതിയ വിരലുകൾ
ഭാഷ പോയി തളർന്നു കണ്ടു.'
മുഖത്ത് വിരലോടിച്ചപ്പോൾ അത് ഭാഷ പോയി തളർന്നു കണ്ടുവെന്ന്! വളരെ കൃത്രിമമായി തോന്നിയ ഭാഷയാണിത്. ഉള്ളിലുള്ളത് പ്രതിഫലിപ്പിക്കുന്നതിൽ കവി പരാജയപ്പെട്ടു. ബുദ്ധി കൊണ്ടാണ് ഈ വരികൾ എഴുതിയത്; വികാരത്തിലൂടെ കണ്ടെത്തിയതല്ല.
എന്തെഴുതിയാലും കവിതയാകില്ല
എൽ. തോമസുകുട്ടി കവിതയെ തന്നെ അപമാനിക്കുകയാണ് "പാഠഭാഷണങ്ങൾ' (പച്ചമലയാളം, ഡിസംബർ) എന്ന കവിതയിൽ. ഒന്നും പറയാനില്ലാത്തപ്പോൾ കവിതയിൽ എന്തെങ്കിലും ഛർദിക്കാമെന്ന് കരുതരുത്. ദയനീയമായ പരാജയമാണിത്. അദ്ദേഹത്തിന്‍റെ വരികൾ ഇങ്ങനെ:
"തങ്കശേരി നല്ല സാറായിരുന്നു.
ഏലിയാമ്മയും പൊന്നമ്മയും
നല്ല സാറന്മാരായിരുന്നു.
എന്നിട്ടും കെവൈസി പറഞ്ഞില്ല.
ബോബൻ സാറും മോളി സാറും
മിച്ചമൂല്യക്കഥയും ലോകവും
നമ്മളും ഗ്രാംഷിയും
ഇൻസ്റ്റാഗ്രാം ഷീമാനും,
പഠിപ്പിച്ച നല്ല സാറന്മാരാന്നാലും...'
ഇതൊക്കെ കവിത എന്ന പേരിൽ അച്ചടിക്കാൻ കൊടുക്കുന്നത് നല്ല പ്രവൃത്തിയല്ല. കവിതയെഴുതാൻ കഴിവില്ലെങ്കിൽ എഴുതാതിരിക്കുന്നത് വലിയ കാര്യമാണ്. നോവിച്ചത്, അലട്ടിയത് എഴുതുക. അസ്തിത്വത്തിന്‍റെ അറിയപ്പെടാത്ത ഒരു കണമെങ്കിലും അനാവൃതമാക്കുമ്പോഴാണ് എഴുത്ത് സംഭവിക്കുന്നത്. തോമസ്കുട്ടിയുടെ കവിത വായിച്ചാൽ കവിത എന്ന മാധ്യമത്തോടു വെറുപ്പു തോന്നും.
നവ കവിതയുടെ സംസ്കാരമില്ലാത്ത രചനയാണ് മോഹൻദാസ് മൊകേരിയുടെ "നോക്കൂ വേദിയിൽ ഒരു കഴുകനും മൈനയും' (പ്രഭാതരശ്മി, ഡിസംബർ). ദുർബലമായ ഒരു കഥ അല്ലെങ്കിൽ സംഭവം വിവരിക്കാൻ കുറെ വാചകങ്ങൾ എന്നല്ലാതെ അനുഭൂതി തരുന്നതിൽ കവി വിജയിച്ചില്ല
"അദൃശ്യമാം നൂലിൻ തുമ്പിൽ
ഇളകുന്ന പാവയായി
തുറന്ന വേദിയിൽ പക്ഷി
പറന്നിറങ്ങി.
മെരുക്കുവാൻ പണിയുള്ള
കഴുകനെ കൈത്തണ്ടയിൽ
ഉയർത്തി, ധീരനായകൻ പരിശീലകൻ.
കരുതലിൻ കവചമാം ഉറ കൈയിൽ,
നഖം തട്ടി മുറിയില്ല,
കണ്ണുകളിൽ ദൃഢവിശ്വാസം.'
ഇതൊക്കെ കവിതയാകുന്നെങ്കിൽ ഏതൊരു വിവരണവും "കവിത'യായി അവതരിപ്പിക്കാവുന്നതേയുള്ളൂ. തീക്ഷ്ണമായ അവസ്ഥയെ അനാവരണം ചെയ്യുന്ന ഭാഷയോ ഗാംഭീര്യമോ ദർശനമോ ഇതിലില്ല.
ആവർത്തന വിരസം
ആലങ്കോട് ലീലാകൃഷ്ണൻ ക്ലീഷെയിൽ, അർഥശൂന്യമായ ആവർത്തനങ്ങളിൽ അഭിരമിക്കുന്ന കവിയാണ്. അദ്ദേഹം പരമ്പരാഗത ചിന്തയെ വഹിക്കുകയാണ്. പുതിയതൊന്നും പറയാനില്ല. പറഞ്ഞതിനപ്പുറം വേറൊരു ലോകമില്ല. മറ്റുള്ളവർ വായിച്ചത്, എഴുതിയത് ആവർത്തിക്കാതെ അദ്ദേഹത്തിന് തരമില്ല. പുതിയ ഒരു ആലോചനയില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് അദ്ദേഹം എഴുതുന്നത്. തുരുമ്പു പിടിച്ച ഭാഷയാണ് അതിന്‍റെ മുഖമുദ്ര. അദ്ദേഹത്തിന്‍റെ "ഉയിർക്കാൻ പൊലിഞ്ഞവൻ' (ഗ്രന്ഥാലോകം, ഡിസംബർ) എന്ന കവിതയിൽ വരികൾ:
"ബെത്‌ലഹേം തൊട്ടു കാൽവരിയോളവും
നിറയെ മുൾക്കിരീടങ്ങൾ ചുമന്നവൻ
മറിയമേ, നിന്‍റെ പുത്രനാകുന്നവൻ
മറിയ കണ്ട സഹോദരനായവൻ
ഇടയ; പുൽക്കൂട്ടിലിപ്പോഴും കാക്കുന്നു,
വരുമവൻ വീണ്ടുമെന്ന് നിരാശ്രയർ.'
ഈ കവിത വായിച്ചത് കൊണ്ട് എന്താണ് പ്രയോജനം?
അസലു എന്ന സിനിമറ്റോഗ്രാഫറെ ഓർമിച്ച് പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ കവിത (അസലുവിന്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 26, 2025) സമകാലികതയുടെ ജീവതത്വപരമായ ഉണ്മയെ പ്രതിഫലിപ്പിക്കുന്നില്ല. അതിഭാവുകത്വപരമായ വിവരണമല്ലാതെ മറ്റൊന്നുമില്ല. നവകവിതയുടെ ഗദ്യം ഒരു കലാരൂപമാണ്. അതിനെക്കുറിച്ച് ഗോപീകൃഷ്ണന് അറിവില്ല എന്ന് ബോധ്യപ്പെടാൻ ഒരു ഭാഗം ഉദ്ധരിക്കുകയാണ്:
"ഇല്ല, ആ എല്ലുകൾ
ഫോസിലുകളാകുന്ന കാലത്ത്
അത് നിന്നെപ്പറ്റിയും എന്നെപ്പറ്റിയും
നമ്മളെപ്പറ്റിയും ഒന്നും പറയില്ല.
ഈ മനുഷ്യൻ യുദ്ധത്തിലല്ല
മരിച്ചത് എന്ന് പറഞ്ഞേക്കും.
ഈ മനുഷ്യൻ പട്ടിണിയിലല്ല
മരിച്ചത് എന്ന് പറഞ്ഞേക്കും'
വളരെ സാധാരണമായ, പുതിയ നിരീക്ഷണമില്ലാത്ത ഭാഷയാണിത്. വെറുതെ ദുഃഖം അഭിനയിക്കുകയാണെന്ന് വായനക്കാരന് തോന്നും. ആർജവത്വമില്ലാത്ത ഇത്തരം കവനങ്ങൾ ഭാഷയുടെ ദുരുപയോഗം എന്നതിൽ കവിഞ്ഞ് ഒന്നും നേടുന്നില്ല.
തീക്ഷ്ണമായ സത്യം
ഒഴുകുപാറ സത്യൻ എഴുതിയ "യാത്രികർ' (പച്ചമലയാളം, ജനുവരി) എന്ന കവിത ശരിക്കും ഞെട്ടലുണ്ടാക്കി. ഈ കാലത്തിനുള്ളിലേക്ക് കുത്തിക്കയറിച്ചെന്ന ഒരു ഇരുമ്പുദണ്ഡു പോലെ ഈ കവിത നിൽക്കുകയാണ്. കാലത്തെ വസ്ത്രാക്ഷേപം ചെയ്യുകയാണ്. അതിനുള്ളിൽ നിന്ന് സത്യത്തെ അനാഥാവസ്ഥയിൽ പുറത്തെടുക്കുന്നു. മകൻ ഉപേക്ഷിച്ച മാതാപിതാക്കൾ രാത്രി വീടുവിട്ടിറങ്ങിപ്പോവുകയാണ്. അവർക്ക് തല ചായ്ക്കാൻ ഒരിടമില്ല. അവർ ഓർമകളിൽ നിന്ന് ഒരു പുതപ്പ് എടുത്തിട്ടുണ്ട്. ജീവിതത്തിന്‍റെ നിസഹായമായ അവസ്ഥയെ ഒരു നാട്യവുമില്ലാതെ സത്യൻ ആവിഷ്കരിക്കുന്നു.
"മകന് ചോറുകൊടുത്തൊ-
രമ്പലമുണ്ടടുത്ത്
പോയിടാമവിടെ
ഈ രാത്രി തങ്ങിടാം
നിൻ സ്വരമിടറിയോ
ഓർമകൾ നനയ്ക്കുമെങ്കിൽ
വേണ്ട നമുക്ക് നടക്കാം.
അതിനടുത്തുണ്ട്
മകൻ പഠിച്ച പ്രൈമറി വിദ്യാലയം
കുട്ടികൾ ഉപേക്ഷിച്ചതാണാ വിദ്യാലയം
നമ്മെപ്പോലെയനാഥവും,
അവിടെ കൂടാം
കരയുന്നുവോ വേണ്ട
നമുക്ക് മറ്റൊരിടം തേടാം.'
ഇങ്ങനെ ചിന്തിച്ച് അവർ രാത്രിയിൽ നീങ്ങുകയാണ്. അവർ മരിക്കാൻ സ്വയം വിട്ടുകൊടുത്തവരാണ്. അവർക്ക് ആ ശരീരങ്ങൾ മാത്രമേ സ്വന്തമായുള്ളൂ. ആ ശരീരം വിദ്യാർഥികൾ പഠിക്കാനെടുക്കട്ടെ. അങ്ങനെയെങ്കിലും ഈ കെണിയിൽ ഇന്ന് രക്ഷപ്പെടാം എന്ന് സമാധാനിക്കുന്നു. ഇതുപോലെ പൊള്ളുന്ന വരികൾ എഴുതാൻ എത്രപേർക്ക് കഴിയുന്നു?
മലയാള കവിത അഭിമുഖീകരിക്കുന്നത് ആന്തരികമായ അപചയമാണ്. കാലഹരണപ്പെട്ട രൂപങ്ങളുമായി, പ്രമേയങ്ങളുമായി ആധുനിക കാലത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാവില്ല. പാരമ്പര്യം നൽകുന്ന രൂപപരമായ സുരക്ഷ പ്രാചീന കവിതകൾക്കാണ് ഇണങ്ങുക. "അഭിജ്ഞാന ശാകുന്തള'ത്തിന്‍റെ സുരക്ഷയല്ല മാത്യു അർനോൾഡിന്‍റെ "ഡോവർ ബീച്ചി'നും കടമ്മനിട്ടയുടെ "ശാന്ത'യ്ക്കുമുള്ളത്. "ശാന്ത' ഒരു പുതിയ രൂപമാണ് പരീക്ഷിച്ചത്.
കലാവീക്ഷണം മാറി
19ാം നൂറ്റാണ്ടിലെ പ്രമേയവും അതിനുപയോഗിച്ച രൂപവും ഇന്നത്തെ ആഗോളീകരിക്കപ്പെട്ടതും ആധുനിക സാങ്കേതികതയിൽ വേഗമാർജിച്ചതുമായ മനുഷ്യാവസ്ഥയുടെ സമ്മർദങ്ങളെ വിശദീകരിക്കാൻ പര്യാപ്തമാവില്ല. മനുഷ്യാനുഭവങ്ങളുടെ നിസഹായത ബോധ്യപ്പെട്ട കാലത്ത് സാമൂഹികമായ സുരക്ഷയനുഭവിച്ച കാലത്തെ കലാവീക്ഷണം പോരാതെ വരും. കലാസൃഷ്ടി അതിലെ ചമത്കാരത്തെയോ പാഠത്തെയോ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്. നവീകരിക്കപ്പെട്ട അഭിരുചിയുടെ കാലത്ത് നവീനമായ കലാചാരുത ആവശ്യമാണ്.
കഥാപ്രസംഗം പോലെയുള്ള കലകൾ പിന്നോട്ടുപോയതിനു കാരണം ആധുനിക മനുഷ്യന്‍റെ വളർച്ചയ്ക്കും അവൻ നേടിയ ലോകാവബോധത്തിനുമൊപ്പം ആ കലാരൂപത്തിന് നവീകരിക്കാൻ കഴിയാത്തതുകൊണ്ടാണ്. എന്നാൽ ലളിതഗാനവും ഗാനമേളയും പിൻവാങ്ങേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോൾ കലാകാരന്മാർ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, വേദിയിൽ ശബ്ദത്തിന്‍റെയും പ്രകാശത്തിന്‍റെയും മാന്ത്രിക പ്രഭാവമൊരുക്കി, പുതിയ ചുവടുകൾ സ്വീകരിച്ചു പ്രേക്ഷകന് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുകയാണ് ചെയ്തത്.
അതുപോലെ സാങ്കേതികമായി കവിതയെ മാറ്റാനാവില്ല. കവിതയ്ക്കു പുതിയ പരിപ്രേക്ഷ്യം വേണം. അത് ആരെ ലക്ഷ്യം വയ്ക്കുന്നുവെന്ന ബോധ്യം വേണം. പുതിയ കാലത്തെ വായനക്കാരുടെ മാറിയ അഭിരുചിയെ ഉൾക്കൊള്ളണം. ഏതൊരു മേഖലയിലും കാലികമായ മാറ്റത്തെ അറിഞ്ഞു മാത്രമേ ഇടപെടാനാകൂ. ഭാഷയിലും രൂപത്തിലും ആവിഷ്കാരത്തിലും പുതിയ അനുഭവം തേടുകയാണ് പ്രേക്ഷകർ. എന്നാൽ ഇപ്പോഴും ഈ രംഗത്ത് ഉണ്ടായിരിക്കുന്ന അഭിരുചിയുടെ നവീകരണം അറിയാത്തവരുണ്ട്. അവരാണ് പഴയ ഭാഷയിലും പ്രമേയത്തിലുമുള്ള രചനകൾ വായിക്കുന്നതെന്നറിയുക.
"വസന്തത്തിന്‍റെ ഇടിമുഴക്കങ്ങൾ' എന്ന പേരിൽ പുതിയ കവി രേഖ സി.ജി എഴുതിയ കവിത രൂപത്തെയും ഭാഷയെയും വളരെ വ്യക്തിപരമാക്കുന്നതോടൊപ്പം പുതിയതാക്കുകയും ചെയ്യുന്നു.
"അഴിഞ്ഞുലഞ്ഞ
ആടിമാസക്കാറ്റിന്‍റെ തുമ്പിൽ
വെയിലേറ്റു തളർന്നുപോയ ഒരു പക്ഷി
ചുണ്ടു പിളർത്തുമ്പോൾ
അമ്മയായും അച്ഛനായും
എത്ര പെട്ടെന്നാണ്
വസന്തം പരിവർത്തനപ്പെടുന്നത്.
തോറ്റുപോയ ശിശിര രാവിന്‍റെ മുറിവിൽ
ചീവീടിന്‍റെ മൂളക്കത്തിൽ
ഒരു മെഴുകുതിരി കത്തിത്തീരുമ്പോൾ
ഇടയിലൊരു നൂലു കൂടെ
കിളിർക്കുകയാണെങ്കിൽ
വീണ്ടുമൊരു വസന്തം കുടിയേറുമെന്നും
മുറിവിൽ നിന്നൊരു ജീവനാർക്കുമെന്നും
വസന്തമെന്ന പേര് കൂട്ടിച്ചേർക്കുന്നു.'
ഏതൊരു കവിക്കും തന്‍റെ മാധ്യമത്തെ പുതിയതാക്കാൻ ബാധ്യതയുണ്ട്. ശരിക്ക് പറഞ്ഞാൽ അത് വിധിയാണ്. ഒരാൾ യഥാർഥ കവിയാകുമ്പോൾ രണ്ടു കലാപങ്ങൾ സംഭവിക്കുന്നു. ഒന്ന്, കവിതയുടെ രൂപത്തോടുള്ള കലാപം, രണ്ട്, നിലവിലുള്ള അഭിരുചിയോടുടുള്ള കലാപം.
രജത രേഖകൾ
1) മഴയുടെ ശബ്ദം
ചിലിയൻ കവി പാബ്ലോ നെരൂദ സ്വന്തം കവിതയുടെ ഉറവിടങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "ഞാൻ ഈ നഗരത്തിലാണ് വളർന്നത്. എന്‍റെ കവിത പിറന്നത് മലയ്ക്കും നദിക്കുമിടയിലാണ്. അത് മഴയിൽ നിന്നാണ് ശബ്ദം സ്വീകരിച്ചത്. അത് മരത്തടി പോലെ കാട്ടിൽ മുങ്ങിക്കിടക്കുന്നു.'
2) ഡോ. കെ.എം. തരകൻ
ഈ ലേഖകൻ ലിയോൺ യൂറിസിന്‍റെ "ട്രിനിറ്റി' എന്ന നോവലിനെക്കുറിച്ച് എഴുതിയ ഒരു ലേഖനവുമായി കോട്ടയത്ത് ഭാഷാപോഷിണി പത്രാധിപർ കെ.എം. തരകന്‍റെ മുറിയിലേക്ക്, 1989ൽ, കയറിച്ചെന്നു. ലേഖനം വാങ്ങി ടൈറ്റിലും ഏതാനും വാചകങ്ങളും വായിച്ചശേഷം അദ്ദേഹം ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു: ഇത് ഞാൻ പ്രസിദ്ധീകരിക്കും.
3) അശ്വതി
എം.ടി. വാസുദേവൻ നായരെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ട ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അതിനെതിരേ പ്രതികരിക്കാൻ എം.ടിയുടെ മകൾ അശ്വതി മുന്നോട്ടുവന്നു. അവർ പ്രൗഢയായ സ്ത്രീയാണ്. സ്വന്തം പിതാവിനു വേണ്ടി ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ തനിക്ക് കഴിവുണ്ടെന്ന് തെളിയിക്കുന്നതാണ് അശ്വതിയുടെ ശരീരഭാഷ. അവർ എം.ടിയുടെ കൃതികളിൽ ചിതറിക്കിടക്കുന്ന താൻപോരിമയുടെ, അന്തസിന്‍റെ സ്ത്രീ അടയാളമാണെന്ന് വായനക്കാർ ഇന്നു തിരിച്ചറിയുന്നു.
4) സ്വാമി പ്രണവാനന്ദ
മറ്റു ലഹരികൾ പ്രലോഭിപ്പിക്കരുത്. അതിനു പകരം സ്വജീവിതം ലഹരിയാക്കുകയാണു വേണ്ടത്. അങ്ങനെയാണ് നിത്യതയുടെ അഖണ്ഡാനുഭൂതി നേടുന്നത്- സ്വാമി പ്രണവാനന്ദ "സ്വാത്മമധുരം' (ഹംസധ്വനി, ജനുവരി) എന്ന ലേഖനത്തിൽ എഴുതിയിരിക്കുന്നു. സർഗാത്മകത ഒരു ലഹരിയാകണം. ജീവിതത്തിൽ ഏതു തൊഴിൽ ചെയ്യുന്നവരിലും സർഗാത്മകതയുണ്ട്.
5) എഡ്ഗാർ അലൻ പോ
അമേരിക്കൻ എഴുത്തുകാരൻ എഡ്ഗാർ അലൻ പോ എഴുതി: "എനിക്ക് മനുഷ്യന്‍റെ പരിപൂർണതയിൽ വിശ്വാസമില്ല. മനുഷ്യന്‍റെ അധ്വാനത്തിന് മനുഷ്യപ്രകൃതിയിൽ പ്രയോജനകരമായ യാതൊരു ഫലവുമുണ്ടാക്കാൻ കഴിയില്ല. 6,000 വർഷങ്ങൾക്കു മുമ്പുണ്ടായിരുന്നതിനേക്കാൾ അവൻ പ്രവർത്തിക്കുന്നു, എന്നാൽ സന്തോഷമില്ല, അധിക ബുദ്ധിസാമർഥ്യവുമില്ല.'
ഒരു ജീനിയസിന് ഇങ്ങനെ നിർദയമായി എഴുതേണ്ടിവരും. അദ്ദേഹത്തിന് ആരുടെയും പ്രീതിക്കുവേണ്ടി സത്യം മറച്ചുപിടിക്കാനാവില്ല. എഴുത്തുകാരനായിരിക്കാൻ ഈ പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രമാണ് ഒരാൾക്ക് അവസരമുള്ളത്.
6) കേശവദേവ്
പുസ്തകം പ്രസിദ്ധീകരിക്കാൻ നിവൃത്തിയില്ലാതായപ്പോൾ, മറ്റാരും അത് ചെയ്യില്ലെന്ന് ഉറപ്പായപ്പോൾ പി. കേശവദേവ് കൊല്ലത്ത് ഒരു ബുക്ക്സ്റ്റാൾ ഉടമയോട് ചോദിച്ചു, ഒരു നോവൽ എഴുതി അച്ചടിച്ചു കൊണ്ടുവന്നാൽ ഇവിടെ വച്ച് വിൽക്കാമോ എന്ന്. അയാൾ അത് സമ്മതിച്ചു. ഉടനെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു ഒരാഴ്ച കൊണ്ട് എഴുതിയതാണ് "ഓടയിൽ നിന്ന് '. സത്യം പറയുന്ന എഴുത്തുകാരെ പ്രസാധകരും സാംസ്കാരിക കൂട്ടങ്ങളും എന്നും തടസപ്പെടുത്തിയിട്ടുണ്ട്.
7) മാർക് ട്വെയ്ൻ
"മറ്റുള്ളവർ പ്രശംസിക്കുകയോ ആശീർവദിക്കുകയോ ചെയ്താലും ഒരാൾക്ക് സൗഖ്യം ലഭിക്കണമെന്നില്ല. അവന് സ്വയം ഒരു മതിപ്പ്, അംഗീകാരം തോന്നണം. അതാണ് സുഖകരമായ അവസ്ഥ'- അമെരിക്കൻ ഹെവി വെയ്റ്റ് എഴുത്തുകാരനായ മാർക് ട്വെയ്ൻ പറഞ്ഞു.