കെ. കരുണാകരൻ, മൻമോഹൻ സിങ്, സോണിയ ഗാന്ധി.

 

File

Literature

കരുണാകരനും സോണിയയും അകലാൻ കാരണം പത്മജ: കെ.വി. തോമസ്

കെ.വി. തോമസിന്‍റെ ആത്മകഥ, കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ, പ്രകാശനം ചെയ്തു

VK SANJU

കൊച്ചി: മകള്‍ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കണമെന്ന കെ. കരുണാകരന്‍റെ ആഗ്രഹമാണ് സോണിയയുമായുള്ള ബന്ധം തകരാന്‍ കാരണമെന്ന് പ്രൊഫ. കെ.വി. തോമസ്. 'കുമ്പളങ്ങി മുതല്‍ ചെങ്കോട്ട വരെ' എന്ന ആത്മകഥാ പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കണമെന്ന് കരുണാകരന്‍ ആഗ്രഹിച്ചിരുന്നു. കരുണാകരന് വേണ്ടി കെ.വി. തോമസാണ് ഈ ആവശ്യം സോണിയയുടെ മുന്നിലെത്തിച്ചത്.

''എന്തിനാണ് പിന്‍വാതിലിലൂടെ പത്മജയെ രാഷ്ട്രീയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്'' എന്നായിരുന്നു സോണിയ ഗാന്ധി ചോദിച്ചത്. ഇതോടെയാണ് കെ. കരുണാകരനും ഗാന്ധി കുടുംബവും, പ്രത്യേകിച്ച് സോണിയ ഗാന്ധിയുമായിട്ടുള്ള ബന്ധം വഷളായത്. 2001-ല്‍ കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിനോടും സോണിയ ഗാന്ധിക്ക് താത്പര്യം ഇല്ലായിരുന്നു. എന്നാല്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്‍റെ സുഗമമായ നിലനില്‍പ്പ് പരിഗണിച്ച് സോണിയ സമ്മതിക്കുകയായിരുന്നുവെന്നും കെ.വി. തോമസ് വ്യക്തമാക്കുന്നു.

ഹൈക്കമാന്‍ഡിനെ എതിര്‍ത്ത് കോടോത്ത് ഗോവിന്ദന്‍ നായരെ രാജ്യസഭാ സ്ഥാനാർഥിയാക്കിയത് കരുണാകരനും സോണിയയും തമ്മിലുള്ള അകലം വർധിപ്പിച്ചു. ഈ അന്തരം പിന്നീട് ഒരിക്കലും കുറയ്ക്കാന്‍ കഴിഞ്ഞതുമില്ല. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ, മന്ത്രിസഭാ യോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഫയലുകളുമായി കരുണാകരന്‍റെ വീട്ടില്‍ എത്തുന്ന പതിവുണ്ടായിരുന്നു. ഇത് രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നു കരുതി താന്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും കെ.വി. തോമസ് പുസ്തകത്തില്‍ പറയുന്നു. ഫ്രഞ്ച് ചാരക്കേസ് അടക്കമുള്ള വിഷയങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

പുസ്തകത്തിൽ പറയുന്നത് മുഴുവൻ തെറ്റാണെന്നും ചാലക്കുടിയിൽ തന്നെ നിർത്താൻ അച്ഛന് ആഗ്രഹമുണ്ടായിരുന്നുവെന്നും പത്മജ വേണുഗോപാ‍ൽ പറഞ്ഞു. താൻ തന്നെ പറഞ്ഞതുകൊണ്ടാണ് പിന്മാറിയത്. കെ. മുരളീധരനെ കെപിസിസി അധ്യക്ഷൻ ആക്കുന്നതിൽ സോണിയ ഗാന്ധിക്ക് എതിർപ്പുണ്ടായിരുന്നെന്ന വാദവും തെറ്റാണെന്നും പത്മജ പറഞ്ഞു. കെ. കരുണാകരൻ ക്ഷീണിതനായപ്പോൾ കെ.വി. തോമസ് എ.കെ. ആന്‍റണിയുടെ അടുത്തേക്ക് പോയി. കെ. കരുണാകരനെ കെ.വി. തോമസ് ചതിച്ചു. അവിടെ നിന്നാണ് പിണറായി വിജയന്‍റെ അടുത്തേക്ക് പോയത്.

കാര്യം കാണാൻ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യൻ വേറെയില്ല. ഇപ്പോൾ കെ.വി. തോമസ് ഒന്നുമല്ലാതെയായി. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട, കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ വിഷമം തോന്നി.

കെ. കരുണാകരനും സോണിയ ഗാന്ധിയും തെറ്റാൻ താനാണ് കാരണമെന്ന് പറയുന്നത് ശരിയല്ല. താനത് പറയണമെങ്കിൽ കൂടുതൽ പറയേണ്ടിവരും. സീനിയർ നേതാക്കളെ വേദനിപ്പിക്കേണ്ടി വരും. കെ.വി. തോമസ് വല്ലതും പറഞ്ഞാൽ പഴയ ചരിത്രം താൻ വിളിച്ചു പറയും. കെ.വി. തോമസ് അടുത്തത് ആരുടെ അടുത്തേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല. അവരെ സന്തോഷിപ്പിക്കാൻ ആണോ ബുക്ക് വിൽക്കാൻ ആണോ ഇതൊക്കെ പറഞ്ഞത് എന്നറിയില്ലെന്നും പത്മജ.

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പകര്‍ച്ചവ്യാധി പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വീര്യം കുറഞ്ഞ മദ്യ വില്‍പ്പന; അനുമതി തേടി ബക്കാഡി എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ച രേഖ പുറത്ത്‌

വനിതാ ലോകകപ്പ്: ഇന്ത്യ ജീവൻ നിലനിർത്തി

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; എട്ടു പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു