ടി. പദ്മനാഭൻ കഥയെഴുതുകയാണ്

 
Literature

ടി. പദ്മനാഭൻ കഥയെഴുതുകയാണ്

"കൃഷ്ണൻകുട്ടി' എന്ന കഥയിൽ മനസ് അർപ്പിക്കുന്നു. അത് ഒരു സാന്ത്വനമാണ്. ഊഷരമായ മനുഷ്യ ബന്ധങ്ങൾക്കിടയിൽ ഒരു ഓർമപ്പെടുത്തലായി തീരുകയാണ് ഈ കഥ.

MV Desk

എം.കെ. ഹരികുമാർ‌/ അക്ഷരജാലകം

കഥകൾ ടി. പദ്മനാഭന്‍റെ വസതിയിലേക്ക് അന്വേഷിച്ചു ചെല്ലുകയാണ്. ഓരോ കഥയും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് തന്നെ എഴുതണമെന്ന്. വികാരതരളിതനായി, ഓർമകളിൽ നിലീനമായി മനുഷ്യൻ ജീവിക്കുന്നത് എങ്ങനെയാണെന്ന് ആ കഥകൾ വായിക്കുമ്പോൾ അറിയാം. ഹൃദയാനുരാഗിയായ കഥാകൃത്താണ് ടി. പദ്മനാഭൻ. കാലത്തിന്‍റെ മാറ്റത്തിൽ സ്നേഹം വെറും ഔപചാരികതയോ, സോഷ്യൽ മീഡിയ നാട്ടുനടപ്പോ എന്ന നിലയിൽ മാറിയിട്ടുണ്ട്. 5,000 സുഹൃത്തുക്കളുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഫെയ്സ്ബുക്കർക്ക് ഒരു മനുഷ്യനെ സ്നേഹിച്ചതിന്‍റെ ഓർമകൾ പറയാനറിയില്ല. ഇപ്പോൾ എല്ലായിടത്തും കഥകൾ പ്രത്യക്ഷപ്പെടുന്നു. ധാരാളം ചെറുപ്പക്കാർ കഥാകൃത്തുക്കളായി മാറുകയാണ്. അവർക്കെല്ലാം ടി. പദ്മനാഭനെ പോലെ കഥയ്ക്കു വേണ്ടി മാത്രമായി ജീവിക്കണമെന്നില്ല. കഥയുടെ അന്തസ് തന്നോടൊപ്പമാണ് പൂർത്തിയാകുന്നതെന്ന് പദ്മനാഭനെ പോലെ പ്രതിജ്ഞയെടുക്കാൻ അവർക്കു കഴിയില്ല. അവരുടെ കഥകളിൽ സംഭവങ്ങളുണ്ടായിരിക്കാം, ഗ്രാമങ്ങളുണ്ടായിരിക്കാം, ഗ്രാമത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന വാമൊഴി പേച്ചുകൾ കണ്ടേക്കാം. പക്ഷേ കഥയുടെ ആ രസഭാവം, ഹൃദയാനുരാഗം, ഹൃദയപക്ഷം, സ്നേഹാഭിമുഖ്യം ഉണ്ടാവുകയില്ല. അതിന്‍റെ രസതന്ത്രം അവർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ഈ വർഷത്തെ ഓണം കഥകളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണെങ്കിൽ ടി. പദ്മനാഭന്‍റെ കഥ മുന്നിട്ടു നിൽക്കുകയാണ്. ഓണത്തിനു പുറത്തു വന്ന ഭൂരിപക്ഷം കഥകളിലും കട്ട പിടിച്ചു നിൽക്കുന്ന കൃത്രിമത്വവും, മനുഷ്യവിരുദ്ധതയും ദുഃസഹമാണ്. പുതിയ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ടി. പദ്മനാഭൻ ഓണക്കാലത്തെ കഥയെ "തൂക്കി'!

എന്നു പറഞ്ഞാൽ, ഓണത്തിനു പ്രത്യക്ഷപ്പെട്ട ഏറ്റവും നല്ല കഥ എന്ന നിലയിൽ മുഴുവൻ ക്രെഡിറ്റും പദ്മനാഭൻ അടിച്ചെടുത്തിരിക്കുന്നു.

അദ്ദേഹത്തിന്‍റെ "കൃഷ്ണൻകുട്ടി' (ദേശാഭിമാനി ഓണം വിശേഷാൽ പ്രതി) എന്ന കഥയെക്കുറിച്ചാണു പറയുന്നത്. ഒരു ജാഡയുമില്ലാതെ മനുഷ്യസ്നേഹത്തിന്‍റെ നീർച്ചാല് കണ്ടെത്തുകയാണ്. സ്വാർഥതയുടെയും ദുരാഗ്രഹത്തിന്‍റെയും ചപ്പുചവറുകൾ മൂടിക്കിടക്കുന്ന നാഗരികതയുടെ വിസ്തൃതിക്കടിയിൽ അനർഘമായ രത്നത്തെ പോലെ അവശേഷിക്കുന്ന മാനുഷികതയെ അദ്ദേഹം സ്വകർമവ്യഗ്രതയിലും അനുകമ്പയിലും പുറത്തെടുക്കുന്നു.

മനുഷ്യൻ ജീവിച്ചിരിക്കുന്നു

പദ്മനാഭൻ നമ്മുടെ സാഹിത്യരംഗത്ത് ഏറ്റവും മുതിർന്ന എഴുത്തുകാരനാണെന്ന് ഓർക്കണം. 94 വയസിലാണ് അദ്ദേഹം നടക്കുന്നത്. ആ നടപ്പ് മലയാളത്തിന് അവിസ്മരണീയമായ ഒരു വാഴ്വ് സമ്മാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ "കത്തുന്ന ഒരു രഥചക്രം' എന്ന കഥയെക്കുറിച്ച് 90കളുടെ ആദ്യമാണ് ഞാനൊരു ലേഖനം എഴുതിയത്. അത് എന്‍റെ "അഹംബോധത്തിന്‍റെ സർഗാത്മകത' (കേരള സാഹിത്യ അക്കാദമി, 1995) എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. പിന്നീട് രാമേട്ടൻ, ഗൗരി, പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി തുടങ്ങിയ കഥകൾ എന്നെ വശീകരിച്ചു. പദ്മനാഭന്‍റെ കഥകളെ കുറേക്കാലത്തേക്ക് പിന്തുടരുക മാത്രമാണു ചെയ്തത്. വായനയുടെ സ്മൃതികളിലേക്ക് ആ കഥകൾ ചെന്ന് പുതുമുകുളങ്ങളായി പരിണമിച്ചു. വിരലുകളിലും രോമകൂപങ്ങളിലും സാഹിത്യത്തിന്‍റെ പുതുനാമ്പുകൾ പൊന്തിവരുന്നത് അറിയുന്നത് മികച്ച രചനകളിലൂടെ കടന്നു പോകുമ്പോഴാണ്. പദ്മനാഭന്‍റെ കഥകൾ ആ അറിവ് തന്നിട്ടുണ്ട്. വായനയ്ക്ക് ഋതുക്കൾ നൽകുന്ന സൗന്ദര്യമാണത്.

ഇപ്പോൾ "കൃഷ്ണൻകുട്ടി' എന്ന കഥയിൽ മനസ് അർപ്പിക്കുന്നു. അത് ഒരു സാന്ത്വനമാണ്. ഊഷരമായ മനുഷ്യ ബന്ധങ്ങൾക്കിടയിൽ ഒരു ഓർമപ്പെടുത്തലായി തീരുകയാണ് ഈ കഥ. അതിന്‍റെ നിലനിൽപ്പിനു വേണ്ടി ഒരു കഥാകൃത്ത് തന്‍റെ ജീവിതത്തെ സാർഥകമാക്കി പരിവർത്തനപ്പെടുത്തിയിരിക്കുന്നു. കഥാകൃത്ത് സ്വയം കഥ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ധനികനായ കൃഷ്ണൻകുട്ടിയുമൊത്തുള്ള സഞ്ചാരമാണു പ്രമേയമായി വികസിക്കുന്നത്. കൃഷ്ണൻകുട്ടി വിളിച്ചാൽ കൂടെ പോകാതിരിക്കാനാവില്ല. ഒരാൾക്ക് ജാമ്യം നിന്ന്, തുക അടയ്ക്കാത്തതിന്‍റെ പേരിലുള്ള മനോവിഷമം നേരിട്ട കഥാനായകൻ അതിന്‍റെ ഉദാസീനതയിൽ നിന്ന് എഴുന്നേൽക്കുന്നത് കൃഷ്ണൻകുട്ടി വിളിച്ചതുകൊണ്ടാണ്.

മൈലാപുരിൽ കപാലീശ്വർ സംഗീതസഭയിൽ ശെമ്മാങ്കുടി സ്വാമിയുടെ കച്ചേരി കേൾക്കാനാണ് അവർ പോകുന്നത്. ഓഡിറ്റോറിയത്തിലെത്തി സംഗീത പരിപാടി ആസ്വദിച്ചു. ശെമ്മാങ്കുടി ഒരു മണിക്കൂർ പാടി; ഖരഹരപ്രിയ ആനന്ദത്തിൽ ആഴ്ത്തിക്കളഞ്ഞു. തിരിച്ച് കാറിൽ പോകുമ്പോഴാണ് മറ്റൊരു അധ്യായം തുറക്കുന്നത്. മദിരാശിയിലെ സാഹിതീ സഖ്യത്തിലേക്ക് ഒരു സന്ദർശനം നടത്തിയാലോ എന്ന് കൃഷ്ണൻകുട്ടിയാണ് ചോദിക്കുന്നത്. അതിന്‍റെ സാരഥിയായിരുന്ന പരമേശ്വരൻ മരിച്ചു. അതോടെ സഖ്യം നിർജീവമായി. അയാൾ കഥാനായകന്‍റെ സുഹൃത്തായിരുന്നു. പിന്നീട് കഥാനായകൻ വിഷാദത്തോടെ ഇങ്ങനെ പറഞ്ഞു: "അല്ലെങ്കിൽ പോകണ്ട. ആരെ കാണാനാണ്, കേൾക്കാനാണ് അവിടെ പോകേണ്ടത്? ഗോവിന്ദൻ പോയി, നമ്പ്യാർ പോയി, കൊടുങ്ങല്ലൂർ പോയി... ഇപ്പോൾ പരമേശ്വരനും പോയി. ഇവരൊന്നുമില്ലാത്ത സമാജത്തിൽ... വേണ്ട... വേണ്ട...'

ആ വാക്കുകൾ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്ന് ഓർമിപ്പിച്ചു. എത്ര യുദ്ധങ്ങൾ നാശം കൊയ്താലും മനുഷ്യർ മരിക്കുന്നില്ലെന്ന് അറിയിച്ചത് ആ വാചകങ്ങളാണ്. ഓർമകളിൽ ജീവിക്കുന്നവരുടെ സ്വഭാവമാണത്. അവർ ഓർമകളിൽ നിറയെ ജീവിതം സംഭരിച്ചിരിക്കയാണ്. മറ്റുള്ളവരുടെ മരണം അവരെ ഓർമയുടെ അറകളിലേക്ക് കൊണ്ടുപോകും. അതിനിടയിൽ അവർ ഹോട്ടലിലെത്തി ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നു. കൃഷ്ണൻകുട്ടിക്ക് പ്രിയപ്പെട്ട ഒരു യുവാവും യുവതിയും വന്ന് അദ്ദേഹത്തിന്‍റെ കാലിൽ വണങ്ങുന്നത് കണ്ടപ്പോൾ കഥാനായകനു ആകാംക്ഷയായി. ഡ്രൈവറോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, കൃഷ്ണൻകുട്ടി പണ്ട് കിടക്കാൻ ഇടവും തൊഴിലും നൽകി സഹായിച്ച ഒരു സ്വാമിയുടെ പേരക്കുട്ടികളാണവർ. സ്വാമി മരിച്ചുപോയി. ഭാര്യയും മകനും നേരത്തെ മരിച്ചു. ആ പേരക്കുട്ടികൾ ഇപ്പോൾ സിംഗപ്പുരിൽ നല്ല നിലയിലാണ്. തിരിച്ചു കാറിൽ കയറി യാത്ര തുടർന്നപ്പോൾ കൃഷ്ണൻകുട്ടി പറഞ്ഞു: "എല്ലാം അനാഥമായി. എല്ലാം... ഇപ്പോൾ നമ്മൾ രണ്ടുപേർ മാത്രം ബാക്കി. ഗോവിന്ദൻ പോയി, ദാമോദരൻ നായർ പോയി, നമ്പ്യാർ പോയി, കൊടുങ്ങല്ലൂർ പോയി... വല്ലാത്ത ഒരു ശൂന്യത... "

ജീവിതാനുരാഗം

ഇതാണ് കൃഷ്ണൻകുട്ടിയും കഥാനായകനും തമ്മിലുള്ള മാനസികമായ അടുപ്പം. രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്നു. രണ്ടുപേരും പണത്തിനും പദവിക്കും അപ്പുറം ശുദ്ധമായ സൗഹൃദത്തിൽ വിശ്വസിക്കുന്നു. തനിക്ക് എന്തു കിട്ടും എന്ന് നോക്കി സൗഹൃദം കൂടുന്നവരാണ് അധികവും. അതിനിടയിലാണ് കൃഷ്ണൻകുട്ടി കഥാനായകനെ കൂടെ താമസിക്കാൻ ക്ഷണിക്കുന്നത്. കഥാനായകൻ ഇപ്പോൾ ഒറ്റയ്ക്കാണ്. ഭാര്യ മരിച്ചു. സഹോദരിമാരും മരിച്ചു. മരുമക്കൾ വിദേശത്താണ്. ആകെ കൂട്ടിനുള്ളതു പൂച്ചകളും നായ്ക്കളും മാത്രം. ഇവരുടെ കാര്യം നോക്കാൻ താൻ സുരക്ഷിതമായ മാർഗം നോക്കാമെന്ന് കൃഷ്ണൻകുട്ടി ഉറപ്പു കൊടുക്കുന്നു. കഥാനായകൻ അത് സമ്മതിക്കുകയും ചെയ്തു. ഇത്രയും സംഭവങ്ങൾ ഒരു സ്വപ്നത്തിന്‍റെ രൂപത്തിലാണു കഥയിൽ വിവരിക്കുന്നത്. നല്ല ചിന്ത നല്ല സ്വപ്നങ്ങൾ ജനിപ്പിക്കുമായിരിക്കും. നല്ല സ്വപ്നങ്ങൾ എത്രയോ വലിയ ഭാഗ്യമാണ്. സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ കണ്ടത് ഇതാണ്: "കിടക്കയിൽ 500ന്‍റെ പുത്തൻ ബാങ്ക് നോട്ടുകളുടെ ഒരു വലിയ കെട്ട് '. കൃഷ്ണൻകുട്ടി രാത്രിയിൽ വന്ന് നോട്ടുകെട്ടുകൾ കിടക്കയിൽ വച്ചിട്ട് പോയിരിക്കാമെന്ന് കഥാനായകൻ ചിന്തിക്കുന്നു.

ടി. പദ്മനാഭൻ എന്ന കഥാകൃത്ത് തുടക്കം മുതൽ പരിപാലിച്ചു പോരുന്ന സ്നേഹസംസ്കാരം, ഹൃദയമമത, ജീവിതാനുരാഗ വിവശത, സാന്ത്വനം തേടൽ എല്ലാം കഥയിൽ ഉദിച്ചുയരുകയാണ്. അദ്ദേഹത്തിന്‍റെയടുത്ത് കൃഷ്ണൻകുട്ടി എന്ന സന്മനസുള്ള, സമ്പന്നനായ സുഹൃത്ത് വരുന്നത് ജീവിതത്തെ സ്നേഹിക്കുന്നതു കൊണ്ടാണ്. ഓസ്ട്രേലിയൻ ടെലിവിഷൻ എഴുത്തുകാരി റോണ്ടാ ബയൺ "ദ് സീക്രട്ട് ' എന്ന കൃതിയിൽ, മനസിൽ തീവ്രമായി ആഗ്രഹിക്കുമ്പോൾ ഫലം അനുകൂലമായി വരുമെന്നു പറയുന്നുണ്ട്. നമ്മുടെ മനസാണ് നല്ലതു വരാൻ കാത്തിരിക്കുന്നത്. ചീത്ത കാര്യങ്ങളോടു കൂട്ടുകൂടരുത്. പണക്കാരോട് അസൂയ ഉണ്ടായാൽ പണം ലഭിക്കില്ല. ലോകത്തിന്‍റെ ധനാത്മകമായ ചലനങ്ങളെ ഏറ്റെടുക്കണം. അപ്പോൾ അതിന്‍റെ കമ്പനങ്ങൾ നമ്മളിലേക്ക് പ്രസരിക്കും.

പദ്മനാഭൻ ദാരിദ്ര്യത്തെ ഉപാസിക്കുന്ന കഥാകൃത്തല്ല. മലയാളത്തിലെ പല കഥാകൃത്തുക്കളും ദാരിദ്ര്യ ദുഃഖത്തെ ആരാധിക്കുന്നവരാണ്. എന്നാൽ പദ്മനാഭൻ തന്‍റെ ചുറ്റുപാടിനെ വസന്തത്തിന്‍റെ ആഗമനം വിളിച്ചറിയിക്കുന്നു. ഉണർന്നിരിക്കാൻ ആഹ്വാനം ചെയ്യുന്നു. മനുഷ്യന്‍റെ ശ്രേയസും അന്തസും കാത്തുരക്ഷിക്കുന്ന ദേവരഥം ഇതാ ഇതുവഴി കടന്നുപോകുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന കഥാകൃത്താണ് അദ്ദേഹം. ഗാന്ധിജിയെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ. നമുക്കു വേണ്ടി ഷർട്ട് ധരിക്കാതെ നടന്ന അദ്ദേഹം എല്ലാം ത്യജിച്ചു. അതേസമയം ഗാന്ധിജി ദാരിദ്ര്യത്തെ ഉപാസിച്ചു എന്ന പറയാതിരിക്കാനാവില്ല. തനിക്ക് ലഭിക്കുന്ന കത്തുകളുടെ മറുവശത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് മറുപടി എഴുതി അയക്കുന്നതിലൂടെ ഗാന്ധിജി ദാരിദ്ര്യത്തെ ആദരിക്കയാണു ചെയ്തത്. ഒരു തുണ്ടുകടലാസ് പോലും പാഴാക്കാതെ അതിലൊക്കെ എഴുതുമായിരുന്നു. വസ്ത്രങ്ങൾ പോലും നിത്യോപയോഗത്തിനല്ലാതെ വാങ്ങി സൂക്ഷിക്കുമായിരുന്നില്ല. എല്ലാം ഈ വിധം നിരസിക്കുമ്പോൾ ദാരിദ്ര്യത്തിലെത്തും. ഗാന്ധിജി ഇന്ത്യൻ ജനതയുടെ മനഃസാക്ഷിക്കകത്ത് കയറിയിരുന്ന് ദാരിദ്ര്യത്തെ ഒരു ശീലമാക്കണമെന്ന് മന്ത്രിച്ചുകൊണ്ടിരിക്കുകയാണ്.

ഈ ലോകത്തെ നല്ല വസ്ത്രമോ ഭക്ഷണമോ പാർപ്പിടമോ വേണ്ടെന്നു വയ്ക്കുന്നതിനെ ലാളിത്യമായി കാണാനാവില്ല. ദാരിദ്യത്തെ തത്ത്വചിന്താപരമായി മഹത്വവത്കരിക്കുന്നതിനോടു യോജിക്കാനാവില്ല. ദാരിദ്ര്യം നമ്മുടെ ലക്ഷ്യമല്ല; താത്കാലികമായ അവസ്ഥയാണ്. മഹാപ്രചോദന പ്രഭാഷകനായ മഹാത്രിയ പറഞ്ഞു, "ഒരു ക്ഷേത്രത്തിലേക്ക് ആരാധനയ്ക്കു പോകുന്ന നിങ്ങൾ ആദ്യം കാണുന്നത് ശ്രീകോവിലിലെ മൂർത്തിയെയാണ്. വഴിവക്കിലിരിക്കുന്ന യാചകരെയല്ല. യാചകരെ ആരാധിച്ചാൽ ദാരിദ്ര്യമാണു കൂടെ പോരുക. ശ്രീകോവിലിലെ മൂർത്തി സുഭിക്ഷിതയാണ് തരുന്നത്. ജീവിതം തഴച്ചു വളരാനുള്ള വിഭവങ്ങൾ അവിടെയുണ്ടെന്ന് നാം വിശ്വസിക്കുന്നു. എന്നാൽ ആദ്യമേ തന്നെ യാചകരെ ആദരിച്ചാൽ അത് ദാരിദ്ര്യത്തോടുള്ള ആരാധനയായി മാറും. കോവിലിലെ ആരാധന കഴിഞ്ഞ് തിരിച്ചുവരുമ്പോൾ യാചകരെ സഹായിക്കാം'.

ജീവിതത്തേക്കാൾ സത്യം

പ്രായം ചെല്ലുംതോറും മനുഷ്യ മനസ് എന്തിലും കുറ്റം കണ്ടുപിടിക്കാൻ താല്പര്യപ്പെടുന്നു. മനസിന്‍റെ സ്വഭാവമാണത്. എന്നാൽ പദ്മനാഭന് പ്രായമേറിയപ്പോൾ ശിശുസഹജമായ നിഷ്കളങ്കതയിലും സ്നേഹാർദ്രതയിലും അദ്ദേഹത്തിന്‍റെ കഥകൾ വിങ്ങുകയാണ്. തന്‍റെ നഷ്ടപ്പെട്ട ഉറ്റ സുഹൃത്തുക്കളെക്കുറിച്ചാണ് അദ്ദേഹം എഴുതുമ്പോഴും വായിക്കുമ്പോഴും ഓർക്കുന്നത്. അത് നിരുത്സാഹപ്പെടുത്തുകയല്ല, പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ്. എല്ലാത്തിലും തിന്മ കാണുന്നവരുടെ മറുചേരിയിലാണ് അദ്ദേഹമെന്ന് ഈ കഥയും തെളിയിക്കുന്നു. ലോകത്തെ അധിക്ഷേപിക്കാനല്ല അതിന്‍റെ വൈവിധ്യമാർന്ന സൗന്ദര്യം ആസ്വദിക്കാനും അതിനെക്കുറിച്ച് പറയാനുമാണ് സമയം കണ്ടെത്തുന്നത്. ഉദാസീനത, മറവി, വിമുഖത തുടങ്ങിയ രാക്ഷസ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടാണ് ഓരോ കഥയും എഴുതുന്നത്. സമൂഹത്തിലെ തിന്മകൾ തന്നെ ബാധിക്കാതിരിക്കാൻ അദ്ദേഹം ജാഗ്രത പുലർത്തുന്നു. വീട്ടിൽ വളർത്തുന്ന പൂച്ചകളും നായ്കളും, തനിക്കു നഷ്ടപ്പെട്ടു എന്നു കരുതിയ സ്നേഹത്തെ പുനഃസൃഷ്ടിക്കാനും പ്രത്യക്ഷവത്ക്കരിക്കാനും വേണ്ടിയുള്ള പരിഹാരക്രിയയുടെ ഭാഗമാണ്.

ഹെമിങ് വേ പറഞ്ഞു, "എല്ലാ നല്ല പുസ്തകങ്ങൾക്കും പൊതുവായ ഒരു കാര്യമുണ്ട്. അത് യഥാർഥത്തിൽ സംഭവിക്കുന്നതിനേക്കാൾ സത്യമായിരിക്കും'. ഇത് പദ്മനാഭന്‍റെ "കൃഷ്ണൻകുട്ടി'യുടെ കാര്യത്തിലും സത്യമാണ്. ഈ കഥ ഒരു സ്വപ്നമാണല്ലോ. എന്നാൽ അത് സത്യമായി വായനക്കാർക്ക് അനുഭവപ്പെടുന്നു. കഥയിൽ പരാമർശിക്കുന്ന വ്യക്തികളോട് പോലും വായനക്കാർക്ക് ആത്മബന്ധം തോന്നുന്നു. വികാരങ്ങൾ ഉപരിപ്ലവമായി പറഞ്ഞുപോകുന്നതല്ലാതെ പുതിയ കഥാകൃത്തുക്കളിൽ ഭൂരിപക്ഷത്തിനും അത് വായനക്കാരന്‍റെ മനസിൽ നോവായി രൂപാന്തരപ്പെടുത്താൻ കഴിയുന്നില്ല. പദ്മനാഭന്‍റെ വിജയം അവിടെയാണ്. അദ്ദേഹം മനുഷ്യമഹത്വത്തിൽ വിശ്വസിക്കുന്നു. ടെലിവിഷൻ ചർച്ചകളിലെ ഭീകരമായ അവസരവാദവും പൊതുമണ്ഡലത്തിലെ അതിരുവിട്ട അക്രമാസക്തിയും ആരോടും ക്ഷമിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പൊതുജീവിതവും കണ്ടു മടുത്ത കഥാകൃത്താണ് അദ്ദേഹം. അതുകൊണ്ടു തന്‍റെ കഥയിൽ പ്രത്യാശ നിലനിർത്തണമെന്ന് തീരുമാനിക്കുന്നു.

റോണ്ടാ ബയൺ എഴുതി, "നിങ്ങളുടെയുളളിൽ, ആഴത്തിൽ, കണ്ടെത്തപ്പെടാനായി കാത്തു കിടക്കുന്ന സത്യമുണ്ട്. ആ സത്യം ഇതാണ്: ജീവിതം വാഗ്ദാനം ചെയ്യന്ന എല്ലാ നല്ല കാര്യങ്ങളും നിങ്ങൾ അർഹിക്കുന്നു. "ഇത് തടയുകയാണ് ഗാന്ധിജി ചെയ്തത്. അദ്ദേഹത്തിന്‍റെ പൊതുപ്രവർത്തനത്തോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടാണ് ഇതു പറയുന്നത്.

ഞാൻ 90കളിൽ, കണ്ണൂരിൽ പദ്മനാഭന്‍റെ പള്ളിക്കുന്നിലെ വീട്ടിൽ പോയിട്ടുണ്ട്. ഇപ്പോൾ സുഹൃത്തും പ്രസാധകനുമായ സി.പി. ചന്ദ്രൻ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ട കാര്യം ഫെയ്സ്ബുക്കിൽ വായിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയാൻ നേരം "പദ്മരാഗം' എന്ന പുസ്തകം പദ്മനാഭൻ സമ്മാനമായി നൽകി. ടി. അജീഷ് എഴുതിയ പദ്മനാഭന്‍റെ ജീവിതകഥയാണത്.

രജതരേഖകൾ

1) ഇന്ത്യ ചൈനയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുകയാണെന്നറിഞ്ഞു. നമ്മുടെ സാംസ്കാരിക സവിശേഷതകളെ ചൈനക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കാൻ സാധിക്കട്ടെ. മലയാള സാഹിത്യ രചനകൾ ചൈനീസ് ഭാഷയിൽ വന്നാൽ ആരെങ്കിലും എതിർക്കുമോ? ചൈനീസ് കവി ഗൂ ചെങ് രചിച്ച "മഞ്ഞു മനുഷ്യൻ' (കലാപൂർണ, ഒക്ടോബർ) മുരളി. ആർ പരിഭാഷപ്പെടുത്തിയിരിക്കുന്നു. തന്‍റെ പകരക്കാരനായി അതിഥികളെ വരവേൽക്കാൻ കവി നിർമിച്ച മഞ്ഞു മനുഷ്യനെക്കുറിച്ചാണ് കവിത. കവിതയുടെ ആന്തരമായ ഗുണം ഇവിടെ കാണാം.

"ആ മഞ്ഞു മനുഷ്യൻ പുഞ്ചിരിച്ചില്ല.

ഒന്നും ശബ്ദിച്ചില്ല.

പിന്നെ, തിളങ്ങുന്ന സൂര്യൻ

അയാളെ ഉരുക്കിക്കളഞ്ഞു.

അയാൾ ഇപ്പോൾ എവിടെയാണ്?

ആ മധുരിക്കുന്ന ഹൃദയം എവിടെയാണ്?

കണ്ണുനീരുകളുടെ ചെറു

ചേറ്റുകുളത്തിന്നരികെ

ഒരു തേനീച്ചയുടെ മുളക്കം'.

2) മലയാള നാടകവേദിക്ക് പരീക്ഷണാത്മകമായ സംവേദനക്ഷമത സമ്മാനിച്ച ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കേരള സംഗീത നാടക അക്കാദമി മുന്നോട്ടുവരണം. ശങ്കരപ്പിള്ള നാടകോത്സവം തന്നെ ആവശ്യമാണ്. അക്കാദമിയുടെ ജോലി അവാർഡ് കൊടുക്കൽ മാത്രമാകരുത്, കേരള സാഹിത്യ അക്കാദമിയെ പോലെ.

3) ജീവിതം ഒരു വഴിയോര സത്രമാണെന്ന അർഥത്തിൽ കെ.ഡി. ഷൈബു മുണ്ടയ്ക്കൽ (മെട്രൊ വാർത്ത വാർഷികപ്പതിപ്പ്) എഴുതിയ കവിത ശ്രദ്ധേയമായി. ജീവിതത്തിന്‍റെ യാത്രയെ സാന്ദർഭികമായി എത്തിച്ചേരുന്ന വഴിയമ്പലങ്ങളോട് ഉപമിച്ചിരിക്കുന്നു.

"ഓരോ വാഴ്വുമൊരു വഴിയമ്പലം

പുലരവേ പുലരവേ

പുതുപുതു യാത്രികർ

പുതു പുതു വേഷങ്ങൾ

പടികടന്നെത്തുന്ന വഴിയമ്പലം

ഓരോ വാഴ്വുമൊരു

വഴിയോരസത്രം'.

4) സമകാലിക മനുഷ്യബന്ധങ്ങളിലെ അസംബന്ധങ്ങളും നുണകളും തുറന്നുകാട്ടുകയാണ് എൻ.കെ. ഷീലയുടെ "ഉള്ളുരുക്കങ്ങൾ' (മെട്രൊ വാർത്ത വാർഷികപ്പതിപ്പ്) എന്ന കവിത.

"തെന്നലിൽ പൂ കളിച്ചീടും

ഞെട്ടുറച്ചങ്ങിരിക്കവേ

തെല്ലിളക്കമതിനേശിയാൽ

കാറ്റ് വീഴ്ത്തീടും പൂവിനെ

കൂമ്പുവാടാത്തയിഷ്ടത്തിൻ

താക്കോലിട്ടു തുറക്കുക.

അഹം പൂട്ടിയ ശ്രീകോവിൽ

മമതയ്ക്കൊത്തു വാഴുവാൻ'.

5) യുക്തിവാദിയും നിശിത വിമർശകനും പ്രമുഖ നാടകകൃത്തുമായ എൻ.എൻ. പിള്ള സാമൂഹ്യ മണ്ഡലത്തെ വ്യാഖ്യാനിച്ചു പരിശോധിച്ചപ്പോൾ തോപ്പിൽ ഭാസി നാടകത്തെ സാമൂഹ്യപരിവർത്തനത്തിനുള്ള ഉപകരണമാക്കി. ആധുനിക കേരളത്തിന്‍റെ അടയാളമായി നിൽക്കുകയാണ് തോപ്പിൽ ഭാസിയുടെ നാടകങ്ങളും അതിലെ പാട്ടുകളും.

6) പ്രമുഖ കവി രാജൻ. സി.എച്ച് എഴുതിയ പുതിയ കവിതകളുടെ മൂന്നു സമാഹാരങ്ങളും വായിച്ചു- തലയെ വിഴുങ്ങും വാല് (ഹൈക്കു കവിതകൾ, നിത്യ പബ്ലിക്കേഷൻസ് ഭോപ്പാൽ), ഒളിച്ചുകടത്തുന്ന ജീവിതം (മലയാളഭൂമി ബുക്സ്), അയനാഭിരാമം (കോർപ്പസ് തിരുമല) എന്നിവ.

"ഒരു കവിയും

ഒരൊറ്റ ഭാഷയിലെഴുതുകയില്ല.

ഒരൊറ്റ ഭാഷയും

ഒരു കവിയിലും നിറയുകയുമില്ല'

എന്നെഴുതുന്ന രാജൻ വാക്കുകളിൽ ഇന്നത്തെ യാഥാർഥ്യത്തെ തിളച്ചുമറിയുന്ന അനുഭവമാക്കി മാറ്റുന്നു. കുറച്ച് വാക്കുകളിൽ ജീവിതാനുഭവത്തെ അതിസൂക്ഷ്മമായി ആവിഷ്കരിക്കാൻ ഈ കവിക്ക് പ്രത്യേക സാമർഥ്യമുണ്ട്.

7) ജീവിതത്തെക്കുറിച്ച് ഫ്രാൻസ് കാഫ്ക എഴുതി: "ജീവിതം മോടിയായി വേഷം ധരിച്ചെത്തുന്നവരുടെ, മേയ്ക്കപ്പിട്ടു നടക്കുന്നവരുടെ കൂട്ടമാണ്. അവിടെ യഥാർഥ മുഖവുമായെത്തിയ എനിക്ക് എന്നെക്കുറിച്ചോർക്കുമ്പോൾ ലജ്ജ തോന്നുന്നു'.

8) സംവിധായകൻ ജി. അരവിന്ദനെയും അദ്ദേഹത്തിന്‍റെ സഹോദരനെയും കണ്ടിട്ടുണ്ട്. രണ്ടു പേരെയും കണ്ടാൽ ഒരുപോലെയിരിക്കും. അസാമാന്യമായ വശീകരണ ശേഷിയാണ് അവർക്കുണ്ടായിരുന്നത്. ഏത് അപരിചിതനും അവരെ കണ്ടാൽ നിശബ്ദനാവുകയോ എഴുന്നേൽക്കുകയോ ചെയ്യും. അവരാകട്ടെ സമ്പൂർണ മൗനത്തിലായിരിക്കും.

ഇന്ത്യ പാക്കിസ്ഥാനെ 88 റൺസിനു മുക്കി

രാഷ്‌ട്രപതി 22ന് ശബരിമലയിൽ

"ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല"; ‌വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി: പ്രകാശ് രാജ് ചെയർമാൻ

ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്