ഡൽഹിയിൽ പരസ്യ പ്രചാരണം അവസാനിച്ചു; ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് 
Election

ഡൽഹിയിൽ പരസ്യ പ്രചാരണം അവസാനിച്ചു; ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്

ചൊവ്വാഴ്ച നിശബ്ദ പ്രചരണം

ന്യൂഡൽഹി: ശക്തമായ ത്രികോണപ്പോരാട്ടം പ്രതീക്ഷിക്കുന്ന ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. ഇന്ന് (feb 04) നിശബ്ദ പ്രചരണം നടക്കും. 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. റോഡ് ഷോകളും റാലികളും കുടുംബയോഗങ്ങളുമടക്കം മൂന്നാഴ്ചയിലേറെ നീണ്ട തീവ്ര പ്രചാരണത്തിനാണ് തിങ്കളാഴ്ച തിരശീല വീണത്. 1.56 കോടി വോട്ടർമാരാണു ബുധനാഴ്ച വിധിയെഴുതുന്നത്. 8 നാണു വോട്ടെണ്ണൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിക്കു വേണ്ടി റാലികളിൽ പങ്കെടുത്തപ്പോൾ എഎപിയുടെ പ്രചാരണം മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കേന്ദ്രീകരിച്ചായിരുന്നു. സിഖ് മേഖലകളിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും എഎപിക്കു വേണ്ടി രംഗത്തിറങ്ങി. തലസ്ഥാനത്ത് തകർന്നുപോയ അടിത്തറ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനുവേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്‌രയും രംഗത്തിറങ്ങി.

10 വർഷം പിന്നിട്ട ഭരണം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. കുറഞ്ഞത് 55 സീറ്റുകൾ നേടുമെന്നും 60 സീറ്റുകൾ ലഭിച്ചാലും അദ്ഭുതമില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. 70 സീറ്റുകളാണു ഡൽഹി നിയമസഭയിലുള്ളത്. ജനപ്രിയ പദ്ധതികൾ വോട്ടാകുമെന്ന വിലയിരുത്തലിലാണ് എഎപി. 25 വർഷത്തിനുശേഷം ഡൽഹി പിടിക്കാമെന്ന പ്രതീക്ഷയാണ് ഇത്തവണ ബിജെപിയെ നയിക്കുന്നത്. കെജ്‌രിവാളിനെതിരായ അഴിമതിയാരോപണങ്ങൾ എഎപിയുടെ വിശ്വാസ്യത തകർത്തെന്ന് ബിജെപി വിലയിരുത്തുന്നു. കേന്ദ്ര ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനവും ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ വോട്ടർമാരിൽ 45 ശതമാനം ശമ്പളക്കാരാണ്. ഭരണം തിരിച്ചുപിടിക്കുമെന്നു പറയുമ്പോഴും അടിത്തറ മെച്ചപ്പെടുത്തുകയെന്നതാണു കോൺഗ്രസിന്‍റെ ലക്ഷ്യം. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും സമ്പൂർണ പരാജയമായിരുന്നു പാർട്ടി നേരിട്ടത്.

എഎപിയുടെ പ്രതിച്ഛായയിൽ അഴിമതിയുടെ കളങ്കം ബാധിച്ചത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നുണ്ട് കോൺഗ്രസ്. എഎപിക്കെതിരായ എക്സൈസ് നയ അഴിമതിയും കെജ്‌രിവാളിന്‍റെ വസതി മോടിപിടിപ്പിക്കലുമായിരുന്നു തുടക്കത്തിൽ ബിജെപിയുടെയും കോൺഗ്രസിന്‍റെയും പ്രചാരണ വിഷയം. ബിജെപി വന്നാൽ സൗജന്യങ്ങൾ നിർത്തുമെന്നാണ് എഎപി തിരിച്ചടിച്ചത്. യമുനയിലെ ജലത്തിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന കെജ്‌രിവാളിന്‍റെ ആരോപണവും ഇതിന് ബിജെപിയുടെ മറുപടിയുമാണ് അവസാന ഘട്ടത്തിൽ പ്രചാരണത്തിൽ നിറഞ്ഞത്. "ഇന്ത്യ' മുന്നണിയിലെ കക്ഷികൾ കോൺഗ്രസിനെ ഉപേക്ഷിച്ച് കെജ്‌രിവാളിനെ പിന്തുണയ്ക്കുന്നതും പ്രചാരണത്തിനിടെ കണ്ടു.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്