പി.വി. അൻവർ
നിലമ്പൂർ: പി.വി. അൻവറിനു മുന്നിൽ യുഡിഎഫിന്‍റെ വാതിലുകൾ പൂർണമായി അടച്ചിട്ടില്ലെന്നും, അടച്ചത് തുറക്കാൻ ബുദ്ധിമുട്ടില്ലെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുണ്ടായെന്നും, അൻവറിനാണ് ഈ വോട്ടുകൾ പോയിരിക്കുന്നതെന്നുമുള്ള വിലയിരുത്തലിനോടാണ് പ്രതികരണം.
മണ്ഡലത്തിൽ അൻവർ തന്‍റെ സ്വാധീനം തെളിയിച്ചെന്നും, അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കിൽ യുഡിഎഫിന് ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമായിരുന്നു എന്നും കെപിസിസി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. വോട്ട് ചോർച്ച ഉണ്ടായോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം നേരത്തെ സൂചന നൽകിയിരുന്നു.
അതേസമയം, താൻ പിടിച്ച വോട്ട് യുഡിഎഫിന്‍റേതല്ലെന്നും, അത് പിണറായിസത്തിനെതിരായ വോട്ടാണമെന്നുമാണ് അൻവർ അവകാശപ്പെടുന്നത്. എൽഡിഎഫ് വോട്ടുകളാണ് തനിക്കു മാറി വന്നിരിക്കുന്നതെന്നും അൻവർ. യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ ഇനിയും താൻ തയാറാണെന്ന സൂചനയും അദ്ദേഹം നൽകുന്നു.