മാർബിൾ തൂണുകളിൽ ഒളിപ്പിച്ച് 184കിലോ മയക്കുമരുന്ന്: രണ്ട് പേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്
അബുദാബി: മാർബിൾ തൂണുകളിൽ ഒളിപ്പിച്ച് 184 കിലോ മയക്കുമരുന്ന് സൂക്ഷിച്ചതിന് രണ്ട് ഏഷ്യൻ സ്വദേശികളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. 'സീക്രട്ട് ഹൈഡൗട്ട്സ്' എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് 184 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തത്. ഒരു ഏഷ്യൻ സ്വദേശിയുടെ നിയന്ത്രണത്തിൽ യു എ ഇ ക്ക് പുറത്ത് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം അന്താരാഷ്ട്ര ടെലിഫോൺ നമ്പറുകൾ ഉപയോഗിച്ച് നിയമവിരുദ്ധമായ പ്രമോഷണൽ സന്ദേശങ്ങൾ അയച്ചതായി അബുദാബി പൊലീസിന്‍റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ആന്‍റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ താഹെർ ഗരിബ് അൽ ദഹേരി പറഞ്ഞു.
മയക്കുമരുന്ന് സംഘം മാർബിൾ സിലിണ്ടറുകൾക്കുള്ളിൽ ഹാഷിഷ് ഒളിപ്പിക്കാൻ ശ്രമിക്കുകയും അവ ഒന്നിലധികം സ്ഥലങ്ങളിൽ സൂക്ഷിക്കുകയും ചെയ്തു. എങ്കിലും അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മയക്കുമരുന്ന് കണ്ടെത്താൻ സാധിച്ചുവെന്ന് ബ്രിഗേഡിയർ അൽ ദഹേരി പറഞ്ഞു.
മയക്കുമരുന്ന് പ്രചാരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ 8002626 എന്ന നമ്പറിൽ അമാൻ സർവീസുമായി ബന്ധപ്പെട്ട് അക്കാര്യം അറിയിക്കാൻ അബുദാബി പൊലീസ് ആവശ്യപ്പെട്ടു. സംശയകരമായ നമ്പറുകൾ ബ്ലോക്ക് ചെയ്യാനും അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.