അധ്യാപികയ്ക്കു നേരേയുള്ള ആസിഡ് ആക്രമണത്തിൽ അറസ്റ്റിലായി നിഷു തിവാരിയും ജാൻവിയും
സംബാൽ: അധ്യാപികയ്ക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതി നിഷു തിവാരിയെ പിടികൂടിയത്. അമ്രോഹ ജില്ലയിലെ ടിഗ്രി സ്വദേശിയാണ് ഇയാൾ.
നഖാസ പൊലീസ് സ്റ്റേഷന് പരിധിയിൽ ദേഹ്പ ഗ്രാമത്തിന് സമീപമാണ് സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയ്ക്കു നേരേ പ്രതി സ്കൂട്ടറിൽ വന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തിന്‍റെ പകുതിയും പൊള്ളലേറ്റ അധ്യാപിക ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്യാൺപുരിൽ വെച്ച് പിടികൂടുന്നതിനിടയ്ക്ക് നിഷു പൊലീസിന് നേരേ വെടിയുതിർത്തു. ആത്മരക്ഷാർഥം പ്രതിയുടെ ഇരുകാലുകളിലും വെടിവെച്ച് പൊലീസ് കീഴ്പ്പെടുത്തി.
കേസിൽ പങ്കുണ്ടെന്നാരോപിച്ച് ജാൻവി അഥവാ അർച്ചന എന്ന സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. നിഷു സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഡോക്റ്റർ അർച്ചന തന്നെയാണ് ജാൻവിയെന്ന് പൊലീസ് കണ്ടെത്തി. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ ഇവർ പല വ്യാജ പേരുകൾ ഉപയോഗിച്ച് നിഷുവിനെ കബളിപ്പിക്കുകയായിരുന്നു .
തന്‍റെ സഹോദരി ജാൻവിയുടെ പ്രതിശ്രുത വരൻ അധ്യാപികയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് പ്രതികാരം ചെയ്യാൻ പ്രേരിപ്പിച്ചതായാണ് ആരോപണം. മുൻപ് കെമിസ്റ്റായി ജോലി ചെയ്തിരുന്ന നിഷു ആസിഡ് വാങ്ങി കൃത്യം നടപ്പിലാക്കുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടയച്ചു.