ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര സമീപത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വരിൽ ആൺ സുഹൃത്തിന്‍റെ മുന്നിൽ വച്ച് 19 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു പരാതി. പെൺകുട്ടിയും ആൺ സുഹൃത്തും ബലിഹാർചണ്ഡി ക്ഷേത്രത്തിനു സമീപം ഇരിക്കുന്നതിനിടെയാണ് പെൺകുട്ടിക്കു നേരെ ക്രൂര പീഡനം നടന്നത്. സംഭവത്തിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്ര സമീപം ഇരുന്ന ഇരുവരുടെയും വീഡിയോ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു യുവാക്കൾ. വീഡിയോ എടുത്തതിനെ ചോദ്യം ചെയ്തപ്പോൾ, ഡിലീറ്റ് ചെയ്യണമെങ്കിൽ പണം നൽകണമെന്നായിരുന്നു ഇരുവരോടും ആവശ്യപ്പെട്ടത്.
ആവശ്യം ഇരുവരും നിരസിക്കുകയായിരുന്നു. ഇതെത്തുടർന്നാണ് ആൺസുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രദേശവാസികളാണ് അറസ്റ്റിലായ പ്രതികൾ. ഒരാൾ ഒളിവിലാണ്.