ഒരു വയസുള്ള കുഞ്ഞിന് അധിക ഡോസ് മരുന്നു നൽകിയ സംഭവം; ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു
അഗളി: കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഒരു വയസുള്ള കുഞ്ഞിന് അധിക ഡോസ് മരുന്നു നൽകിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കാവ്യ കരുണാകരനാണ് കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് മാതാപിതാക്കളായ അരുണിന്‍റെയും സ്നേഹയുടെയും വിശദമായ മൊഴി രേഖപ്പെടുത്തി.
അരുണിന്‍റെ അച്ഛൻ അനിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കുട്ടിക്ക് അധിക ഡോസ് നൽകിയ ദിവസം ജോലിക്കുണ്ടായിരുന്ന ഡോക്‌റ്ററുടെയും നഴ്സുമാരുടെയും മൊഴി രേഖപ്പെടുത്തി.
തിങ്കളാഴ്ചയായിരുന്നു സംഭവം. പനിയും അപസ്മാരവുമായാണ് കുഞ്ഞിനെ ആശുപത്രിയിലേക്കെത്തിയത്. അപസ്മാരത്തിനുള്ള ഗുളിക 5 മില്ലിഗ്രാമാണ് ഡോക്‌റ്റർ നിർദേശിച്ചത്. 2 ദിവസത്തിനു ശേഷം മരുന്ന് ഫാർമസിയിൽ നിന്നു വാങ്ങുന്നതിന് നഴ്സ് കുറിപ്പു നൽകി. ഫാർമസിയിൽ നിന്നു നൽകിയത് 10 മില്ലിഗ്രാമിന്‍റെ ഗുളികയായിരുന്നു. ഈ ഗുളിക കുഞ്ഞിനു നൽകാൻ മാതാപിതാക്കളോട് നഴ്സ് നിർദേശിക്കുകയും ചെയ്തു.
എന്നാൽ, ഈ ഗുളിക നൽകിയതോടെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടു. തുടർന്ന് മെഡിക്കൽ മേഖലയിലുള്ളവരോട് കാര്യം പറഞ്ഞപ്പോഴാണ് അധിക ഡോസ് മൂലമാണ് കുഞ്ഞിന് ബോധം നഷ്ടമായതെന്ന സംശയമുയർന്നത്. ഉടൻ തന്നെ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകുകയായിരുന്നു.