ടിടിഇ ചമഞ്ഞ് പ്രതിദിനം സമ്പാദിച്ചിരുന്നത് 10,000 രൂപയിലേറെ; ഒടുവിൽ പിടി വീണു
representative image
ആഗ്ര: ട്രെയിനിലെ ടിടിഇ ചമഞ്ഞ് യാത്രക്കാരിൽ നിന്നു പണം തട്ടിയിരുന്നയാൾ അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശിയായ ദേവേന്ദ്ര കുമാർ (40) എന്നയാളെയാണ് അലിഗഢ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
നിലവിൽ ഗാസിയാബാദിലാണ് ദേവേന്ദ്ര കുമാർ താമസിക്കുന്നത്. ഗോമതി എക്സ്പ്രസിൽ ടിടിഇമാർ ധരിക്കുന്ന കോട്ടും ധരിച്ച് പരിശോധന നടത്തുന്നതിനിടെയാണു പ്രതി പിടിയിലായത്.
നിരവധി ടിക്കറ്റുകൾ ഇയാളിൽ നിന്നു പൊലീസ് പിടിച്ചെടുത്തു. ജനറൽ കോച്ച് ടിക്കറ്റുകൾ കൂടുതൽ വാങ്ങി വച്ചായിരുന്നു ഇയാൾ ട്രെയിനിൽ തട്ടിപ്പ് നടത്തിയിരുന്നത്. ടിടിഇ എന്ന വ‍്യാജേന ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തി തന്‍റെ കൈവശമുള്ള ടിക്കറ്റ് വലിയ തുകയ്ക്ക് ഇവർക്ക് നൽകും. ഗ്രാമവാസികളും വിദ‍്യാഭ‍്യാസമില്ലാത്തവരുമായിരുന്നു പ്രധാനമായും പ്രതിയുടെ ലക്ഷ‍്യം.
പൊലീസിന്‍റെ ചോദ‍്യം ചെയ്യലിൽ, മുമ്പ് ഹരിദ്വാറിനും ബംഗളൂരുവിനും ഇടയിൽ ഓടുന്ന ട്രെയിനുകളിൽ കുപ്പി വിൽപ്പന നടത്തിയിരുന്നതായി പ്രതി സമ്മതിച്ചു. ഒരു വർഷം മുമ്പ് കരാർ അവസാനിച്ചതിനാലാണ് പണം സമ്പാദിക്കുന്നതിനായി ഈ വഴി തെരഞ്ഞെടുത്തതെന്നാണ് പ്രതി പറയുന്നത്. പ്രതിദിനം 10,000 രൂപ വരെ ഇയാൾ സമ്പാദിച്ചിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.