അറസ്റ്റിലായ സോനം രഘുവംശി

 
Crime

ഒടുവിൽ ഹണിമൂൺ കൊലപാതകത്തിൽ ട്വിസ്റ്റ്; 'കാണാതായ' നവവധു അടക്കം 4 പേര്‍ അറസ്റ്റില്‍

യുവതിയെ അബോധാവസ്ഥയിലാണ് പൊലീസ് കണ്ടെത്തിയത്

ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ നവവരന്‍ രാജ രഘുവംശി (29) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തിൽ 'കാണാതായ' ഭാര്യ അടക്കം 4 പേര്‍ അറസ്റ്റില്‍. ഭർത്താവിന്‍റെ കൊലപാതകത്തിൽ സോനം രഘുവംശിയാണ് (24) ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ നിന്നു തിങ്കളാഴ്ച അറസ്റ്റിലായത്. ഇവർ വാടകയ്ക്കെടുത്ത ഗൂണ്ടകളായ 3 പേരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

വാടക ഗൂണ്ടകൾ മൂവരും മധ്യപ്രദേശ് സ്വദേശികളാണ്. ഇവരിൽ ഒരാളെ ഉത്തർപ്രദേശിൽ നിന്നും മറ്റ് രണ്ടു പേരെ മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് മേഘാലയ ഡിജിപി ഇദാഷിഷ നോങ്‌റാങ് പറഞ്ഞു.

ഭർത്താവിനെ കൊല്ലാൻ സോനം തങ്ങളെ വാടകയ്‌ക്കെടുത്തതാണെന്ന് പ്രതികൾ സമ്മതിച്ചതായി ഡിജിപി വ്യക്തമാക്കി. മറ്റൊരു പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ സ്ഥിരീകരിച്ചു.

കരാർ കൊലയാളികളെ നിയമിച്ചാണ് സോനം കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. ശനിയാഴ്ച (June 7) രാത്രി വാരണാസി - ഗാസിപൂരിലെ മെയിന്‍ റോഡിലെ കാശി ധാബയിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചികിത്സയ്ക്കായി ഇവരെ ഗാസിപുർ മെഡിക്കൽ കോളെജിൽ എത്തിച്ചു. അവിടെ വച്ച് ഇവർ സമ്മർദത്തെത്തുടർന്ന് കീഴടങ്ങുകയായിരുന്നു.

ഗാസിപുരില്‍ ഇവർ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് സമ്മതിച്ചു. സോനത്തിന് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതി നടപടികൾക്കായി സോനത്തെ മേഘാലയയിലേക്ക് തിരികെ കൊണ്ടുപോകുമെന്നും യുപി എഡിജിപി അമിതാഭ് യാഷ് അറിയിച്ചു.

മേയ് 11നായിരുന്നു രാജ രഘുവംശിയുടെയും സോനത്തിന്‍റെയും വിവാഹം. ഹണിമൂൺ ആഘോഷത്തിനിടെ മേയ് 23 ന് ഈസ്റ്റ് ഖാസി ഹിൽസിലെ ചിറാപുഞ്ചിയിൽ വച്ചാണ് ഇവരെ കാണാതാകുന്നത്. ഇവർ വാടകയ്ക്കെടുത്തിരുന്ന സ്കൂട്ടർ ഒരു ദിവസത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ദമ്പതികളെ കാണാതായി 11-ാം ദിനം രാജാ രഘുവംശിയുടെ മൃതദേഹം റിയാത് അർലിയാങ്ങിലെ വീസാവ്‌ഡോംഗിലെ കൊക്കയിൽ കണ്ടെത്തി. കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വടിവാളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. തുടർന്ന് കാണാതായ ഭാര്യയ്ക്കായി വ്യാപകമായ തെരച്ചിൽ തുടരുന്നതിനിടെയാണ് ഇവർ കീഴടങ്ങുന്നത്.

ബെല്ലിന്‍റെ നിയന്ത്രണം ബസ് കണ്ടക്റ്റർക്ക്, വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടില്ല: ഗണേഷ് കുമാർ

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌