496 സ്മാർട്ട് ഫോണുകൾ മോഷ്ടിച്ചു; ആറംഗ സംഘത്തിന് ഒരു വർഷം തടവും അഞ്ചര ലക്ഷം ദിർഹം പിഴയും
ദുബായ്: ദുബായ് നൈഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ച കേസിൽ ആറംഗ സംഘത്തിന് ഒരു വർഷം തടവും 541,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം അവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഈ വർഷം ജനുവരിയിലാണ് മോഷണം നടന്നത്. കടയുടെ മുൻവാതിൽ തകർത്തതായും പൂട്ടുകൾ തകർത്തതായും ശ്രദ്ധയിൽ പെട്ട സമീപത്തെ ഷോപ്പിന്‍റെ ഉടമ അക്കാര്യം കടയുടമയെ അറിയിച്ചു.
ഉടമ എത്തി ഷോപ്പ് പരിശോധിച്ചപ്പോൾ പുതുതായി വാങ്ങിയ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ പ്രതികളിൽ ഒരാൾ കടയിൽ കയറി ഷെൽഫുകൾ പരിശോധിക്കുന്നതും ഫോണുകൾ ബാഗിലേക്ക് ഇടുന്നതും കണ്ടെത്തി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറംഗ ഏഷ്യൻ സംഘത്തെ പിടികൂടിയത്.