അസമിൽ നവജാത ശിശുവിനെ അമ്മ 50,000 രൂപയ്ക്ക് വിറ്റു; 3 പേർ അറസ്റ്റിൽ
ദിസ്പുര്‍: 22 വയസുകാരി തന്‍റെ നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ അമ്മ, മുത്തശ്ശി, ഒരു ആശ വര്‍ക്കർ എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 23നാണ് അസമിലെ ശിവസാഗര്‍ സിവില്‍ ആശുപത്രിയില്‍ അവിവാഹിതയായ 22 വയസുകാരി കുഞ്ഞിന് ജന്മം നൽകുന്നത്.
കുട്ടിയെ വില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് ശിശുക്ഷേമ സമിതിക്ക് നേരത്തെ തന്നെ മനസിലായിരുന്നതിനാൽ ഇവർ കുഞ്ഞിനെ വില്‍ക്കരുതെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതാണ്.
എന്നാൽ വ്യാഴാഴ്ച ഇവർ ഡിസ്ചാര്‍ജ് ആകുന്നതിന് മുന്‍പേ കുഞ്ഞിനെ ആശുപത്രിയില്‍ നിന്നു തന്നെ വിറ്റതായി കണ്ടെത്തി. ഇവർ 50,000 രൂപ വാങ്ങിയതായി കണ്ടെത്തിയെന്നും എന്നാൽ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥന്‍ പറയുന്നു.
തുടര്‍ന്ന് അധികാരികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും കുഞ്ഞിനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പൊലീസ്.