കാപ്പാ കേസ് പ്രതിയെ തേടി പൊലീസ് റെയ്ഡ്; കള്ളനോട്ടും, തോക്കും, കഞ്ചാവും പിടിച്ചെടുത്തു
file image
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയെ അന്വേഷിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ കള്ളനോട്ടും തോക്കും കഞ്ചാവും കണ്ടെടുത്തു. പോത്തൻകോട്ടെ രാംവിവേകിന്‍റെ വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.
കാപ്പാ കേസിൽ ഒളിവിൽ പോയ പ്രതി അനന്തുവിനെ അന്വേഷിച്ചാണ് പൊലീസ് രാംവിവേകിന്‍റെ വീട്ടിലെത്തിയത്. എന്നാൽ അനന്തു വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നുമാണ് കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെടുത്തത്. പിന്നാലെ രാംവിവേക് ഉൾപ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു യുവതിയെ ഉൾപ്പെടെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ‍്യംചെയ്ത ശേഷം യുവതിയെ വിട്ടയച്ചു. പിടിയിലായവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
തോക്ക്, കള്ളനോട്ട്, കഞ്ചാവ് എന്നിവ കൈവശം വച്ചതിന് ഇവർക്കെതിരേ കേസെടുക്കുമെന്നും രാംവിവേകിന്‍റെ വീട്ടിൽ പ്രതികൾ ഒത്തുചേർന്നതെന്തിനാണെന്ന് ഉൾപ്പെടെയുള്ള കാര‍്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് വ‍്യക്തമാക്കി. അതേസമയം കാപ്പാ കേസ് പ്രതിയായ അനന്തുവിനെ മറ്റൊരു സ്ഥലത്ത് നിന്നും പൊലീസ് പിടികൂടി. നെടുമങ്ങാട് പൊലീസാണ് അനന്തുവിനെ പിടികൂടിയത്.