അറസ്റ്റിലായ സോനം രഘുവംശി
ലഖ്നൗ: മേഘാലയിൽ മധുവിധു ആഘോഷത്തിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്‍റെ ആഭരണങ്ങൾ കൈക്കലാക്കാൻ എത്തിയ സംഘത്തിന്‍റെ ആക്രമണത്താലാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് സോനം മൊഴി നൽകിയിരിക്കുന്നത്. തനിക്ക് മയക്കു മരുന്നു നൽകിയിരുന്നതായും താനും ഇരയാണെന്നുമാണ് സോനം അവകാശപ്പെടുന്നത്.
എന്നാൽ കൊലപാതകത്തിനു പിന്നിൽ സോനവും കാമുകൻ രാജ് കശ്വാഹയുമാണെന്നാണ് ഇന്ദോർ പൊലീസ് പറയുന്നത്. രാജ രഘുവംശിയെ കൊലപ്പെടുത്തുന്നതിനായി ഭാര്യ സോനവും കാമുകനും ചേർന്ന് മൂന്ന് വാടക കൊലയാളികളെ ഏർപ്പാടാക്കിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ പൊലീസിന്‍റെ കള്ളക്കളിയാണ് ഇതെന്നും സോനം ഇങ്ങനെ ചെയ്യില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
മേയ് 11നായിരുന്നു രാജ രഘുവംശിയുടെയും സോനത്തിന്‍റെയും വിവാഹം. മേയ് 23ന് മേഘാലയ യാത്രയ്ക്കിടെ ഇരുവരെയും കാണാതായി. 10 ദിവസത്തിനു ശേഷം രാജയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ചയാണ് സോനത്തെ അബോധാവസ്ഥയിൽ ഉത്തർപ്രദേശിലെ ഖാസിപുരിൽ നിന്ന് കണ്ടെത്തിയത്.