സിദ്ദിഖ് file
Crime

AMMA - WCC പോരിന്‍റെ ഇരയാണു ഞാൻ: സിദ്ദിഖ്

സീനിയർ സിറ്റിസനാണെന്നും, പേരക്കുട്ടി അടങ്ങുന്ന കുടുംബത്തിന്‍റെ ഭാഗമാണെന്നും സിദ്ദിഖ്

ന്യൂഡല്‍ഹി: മലയാള സിനിമയിലെ രണ്ടു താരസംഘടനകളായ അമ്മയും ( AMMA ) ഡബ്ല്യുസിസി ( WCC ) തമ്മിലുള്ള ചേരിപ്പോരാണ് തനിക്കെതിരായ പീഡന പരാതിക്കു പിന്നിലെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നടന്‍ സിദ്ദിഖ് ആരോപിച്ചു. ബലാത്സംഗ പരാതിയില്‍ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ പരാതിക്കാരി മുമ്പ് പലതവണ തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ല. പരാതി നല്‍കാന്‍ എട്ടു വര്‍ഷം കാലതാമസമുണ്ടായി. ആരോപണങ്ങള്‍ പരസ്പരവിരുദ്ധമാണ്. ഭയം മൂലമാണ് പരാതി നല്‍കാന്‍ വൈകിയതെന്നത് അവിശ്വസനീയമാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കണമെന്നും സിദ്ദീഖിന്‍റെ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയ കത്തില്‍ ആവശ്യപ്പെടുന്നു.

താന്‍ 65 വയസു കഴിഞ്ഞ സീനിയര്‍ സിറ്റിസണാണ്. പേരക്കുട്ടി അടങ്ങുന്ന കുടുംബത്തിന്‍റെ ഭാഗമാണ്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാനും തയാറാണ്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണെന്നും പറയുന്നു.

മുന്‍കൂര്‍ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിന് വേണ്ടി ഹാജരാകുക.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഇരയായ നടിയും സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ മുന്‍ സോളിസിസ്റ്റര്‍ ജനറർ രഞ്ജിത് കുമാർ സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര്‍ ആയിരിക്കും നടിക്കു വേണ്ടി ഹാജരാകുക.

താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം യോഗ്യമാക്കുന്നത് വൈകും

'108' ആംബുലന്‍സ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പെന്ന് ചെന്നിത്തല

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജന. ആശുപത്രി വിവാദത്തിൽ

ജമ്മു പ്രളയം: മരണം 41 ആയി