വൈ ഫൈ ഓഫാക്കിയതിന്‍റെ പേരിൽ അമ്മയെ കൊന്നു; മകനെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ
ജയ്പുർ: വൈ ഫൈ ഇല്ലാത്തതിന്‍റെ പേരിൽ അമ്മയെ മർദിച്ചു കൊന്ന മകനെ തൂക്കിലേറ്റണമെന്ന് പിതാവ്. ജയ്പുർ കർധാനിയിലാണ് സംഭവം. നവീൻ സിങ് എന്നയാളാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ഇയാൾ അമ്മയെ നിരന്തരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഡൽഹി പൊലീസ് കോൺസ്റ്റബിളും മുൻ സൈനികനുമായ ലക്ഷ്മൺ സിങ്ങിന്‍റെയും സന്തോഷിന്‍റെയും മകനാണ് നവീൻ. ഇയാൾ മദ്യത്തിന് അടിമയായിരുന്നു. വീട്ടിൽ വൈ ഫൈ കട്ടാക്കിയിൽ പ്രതിഷേധിച്ചാണ് നവീൻ അമ്മയെ മർദിച്ചത്. ലക്ഷ്മൺ സിങ്ങും മകളും നവീനിനെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്തം വാർന്ന് അബോധാവസ്ഥയിലായ സന്തോഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിലേറ്റ അടിയാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
നവീൻ സ്വന്തം ജീവിതം മാത്രമല്ല തങ്ങളുടെ ജീവിതം കൂടി താറുമാറാക്കിയിരിക്കുകയാണെന്ന് ലക്ഷ്മൺ സിങ് ആരോപിക്കുന്നു. അഞ്ച് മാസം കഴിയുമ്പോൾ സഹോദരിയുടെ വിവാഹം നടക്കാനിരിക്കേയാണ് നവീൻ അമ്മയെ കൊന്നത്.
അതു കൊണ്ട് മകനെ തൂക്കിക്കൊല്ലണമെന്നാണ് ലക്ഷ്മൺസിങ് ആവശ്യപ്പെട്ടിരിക്കുന്നത്.
നവീൻ വിവാഹിതനായിരുന്നുവെങ്കിലും നിരന്തരമായ ഗാർഹിക പീഡനം മൂലം ഭാര്യ ഉപേക്ഷിച്ചു പോകുകയായിരുന്നു.