തളിപ്പറമ്പ്: ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കാണാതായതിൽ വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ അഭിപ്രായം പറഞ്ഞതിന് യുവാവിനും അമ്മയ്ക്കും മർദനമേറ്റു. വെള്ളാവ് പേക്കാട്ട്‌വയലിൽ വടേശ്വരത്ത് വീട്ടിൽ എം.വി. ജയേഷ് (43), അമ്മ ശകുന്തള (60) എന്നിവരെയാണ് രണ്ടംഗ സംഘം വീട്ടിൽ കയറി മർദിച്ചത്. സംഭവത്തിൽ പരുക്കേറ്റ ഇരുവരെയും തളിപ്പറമ്പിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സ നൽകി.
തൈകക്കൽ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ആശംസാ ബോർഡാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ജയേഷ് അഭിപ്രായം പറഞ്ഞതിനാണ് മർദനമേറ്റത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കെ.വി. പ്രവീൺ, ഒ.കെ. വിജയൻ എന്നിവരാണ് ഇരുവരെയും ആക്രമിച്ചത്. പ്രതികൾക്കെതിരേ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.