രാഹുൽ മാങ്കൂട്ടത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി തമിഴ്നാട്ടിലും കർണാടകയിലും കേരള പൊലീസിന്‍റെ തെരച്ചിൽ. ഒളിവിൽപോയി ഒമ്പത് ദിവസങ്ങൾ പിന്നിട്ടതോടെ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയതോടെ ഏത് വിധേനെയും രാഹുലിനെ കുടുക്കണമെന്ന കർശന നിർദേശമാണ് ഡിജിപി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.
അതേസമയം, കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിയിൽ കീഴടങ്ങുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും രാഹുൽ തത്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗത്തെയും ഇന്നലെ വിട്ടയച്ചു. ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും രാഹുലിനായി ഊർജിത അന്വേഷണം നടത്തുകയാണ് പൊലീസ് സംഘം. രാഹുലിനെതിരെയുള്ള ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകാമെന്ന്അറിയിച്ചതോടെ രണ്ടാമത്തെ ബലാൽസംഗ കേസ് അന്വേഷിക്കാൻ എസ്പി ജി. പൂങ്കൂഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാഹുലിന്‍റെ ഫോണ്‍ ഓണായപ്പോള്‍ കര്‍ണാടകയിലെ സുളള്യയിലാണ് അവസാന ലൊക്കേഷന്‍ ലഭിച്ചത്. എന്നാൽ, പ്രദേശത്ത് പൊലീസ് സംഘം അരിച്ചുപെറുക്കിയിട്ടും പിടികൂടാന്‍ കഴിഞ്ഞില്ല. ബെംഗളൂരുവിലെ മുതിര്‍ന്ന അഭിഭാഷകയുടെ സംരക്ഷണയിലാണ് രാഹുല്‍ ഉള്ളതെന്നു വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ അവിടേക്കു പാഞ്ഞെങ്കിലും പൊലീസില്‍ എത്തും മുന്‍പു തന്നെ രാഹുല്‍ ഒളിത്താവളം വിട്ടിരുന്നു.
ബെംഗളൂരുവില്‍ കോണ്‍ഗ്രസില്‍നിന്നു മാത്രമല്ല മറ്റു ചില പാര്‍ട്ടികളില്‍ ഉള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെയും സഹായം രാഹുലിന് കിട്ടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാഹുലിനു സഹായം കിട്ടുന്ന വഴികള്‍ പരമാവധി അടച്ച് ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് പൊലീസ് സംഘം പയറ്റുന്നത്. നാലു സംഘങ്ങളായി തിരിഞ്ഞ് കേരള അതിര്‍ത്തി മുതല്‍ കടുത്ത ജാഗ്രതയിലാണ് അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനം. എന്നാൽ, അറസ്റ്റ് വൈകിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനായെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കത്തിനില്‍ക്കുന്ന ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ് രാഹുല്‍ വിഷയത്തിലൂടെ മറയ്ക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടിങ് നടക്കുന്ന ചൊവ്വാഴ്ചയോട് അടുത്ത രാഹുലിനെ അറസ്റ്റ് ചെയ്തു വോട്ടെടുപ്പ് ദിവസം കേരളത്തിലെത്തിക്കാനുള്ള നീക്കമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.