ആർ.ശ്രീലേഖ സത്യപ്രതിജ്ഞാ വേദിയിൽ
തിരുവനന്തപുരം: എൻഡിഎ അധികാരം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. 100 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ബിജെപിയുടെ 50 പേരും എൽഡിഎഫിലെ 29 പേരും യുഡിഎഫിലെ 19 പേരും രണ്ട് സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. വലിയ പ്രകടനമായാണ് ബിജെപി അംഗങ്ങൾ കോർപ്പറേഷനിലേക്കെത്തിയത്. കോർപ്പറേഷനിലെ മുതിർന്ന അംഗമായ യുഡിഎഫ് പ്രതിനിധി കെ.ആർ. ക്ലീറ്റസാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. മറ്റ് അംഗങ്ങൾക്കെല്ലാം ക്ലീറ്റസ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം വന്ദേമാതരം പറഞ്ഞു കൊണ്ടാണ് മുൻ ഡിജിപി കൂടിയായ ആർ.ശ്രീലേഖ വേദി വിട്ടത്.
സത്യ പ്രതിജ്ഞയ്ക്കു ശേഷം ബിജെപി അംഗങ്ങൾ കോർപ്പറേഷൻ ഹാളിൽ ഗണഗീതം പാടിയതും വിവാദമായി. പരമപവിത്രം എന്നു തുടങ്ങുന്ന ഗണഗീതമാണ് പ്രവർത്തകർ ആലപിച്ചത്. ഇതു വർഗീയ അജൻഡയാണെന്ന് സിപിഎം ആരോപിച്ചു.
കുന്നുകുഴിയിൽ നിന്നുള്ള യുഡിഎഫ് സ്റ്റഗം മേരി പുഷ്പം സത്യപ്രതിജ്ഞയ്ക്കു ശേഷം ശരണം വളിച്ചു. യുഡിഎഫ് അംഗം കെ.എസ്. ശബരീനാഥൻ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി ദേശീയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നേതാവ് പ്രകാശ് ജാവഡേക്കർ എന്നിവരും സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി എത്തിയിരുന്നു.