ചിത്രം :ഇംഗ്ലണ്ടിൽ നിന്ന് വോൾവോ കാറിൽ കോതമംഗലത്തെത്തിയ ബിജു പി മാണി, റെജി ജോസഫ്,ഷോയ് ചെറിയാൻ, സാബു ചാക്കോ എന്നിവർ
കോതമംഗലം: മനുഷ്യസ്നേഹത്തിന്‍റെ സന്ദേശവുമായി ഇരുപത്തി രണ്ടിൽ പരം രാജ്യങ്ങളും, ഇരുപതിനായിരത്തോളം കിലോമീറ്ററുകളും താണ്ടി നാല് മലയാളികൾക്ക് വരവേൽപ്പ് നൽകി കോതമംഗലം. മാഞ്ചസ്റ്ററിൽ നാഷണൽ ഹെൽത്ത് സർവീസിനു കീഴിലെ ക്രിസ്റ്റി കാൻസർ ആശുപത്രിക്ക് ചാരിറ്റി ഫണ്ട് കണ്ടെത്തുവനാണ് യാത്ര. യുകെയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കൂത്താട്ടുകുളം പുതുവേലി പെരുനിലത്തിൽ ബിജു പി മാണി, തൊടുപുഴ കരിങ്കുന്നം വടക്കേക്കര ഷോയി ചെറിയാൻ, കോട്ടയം സംക്രാന്തി കോശപ്പിള്ളിൽ സാബു ചാക്കോ, എരുമേലി നാകത്തുങ്കൽ റെജി ജോസഫ് എന്നീ മലയാളി യുവാക്കളാണ് വോൾവോ എക്സ്സി 60 കാറിലുള്ള യാത്രയിൽ പങ്കെടുക്കുന്നത്.
മാഞ്ചസ്റ്ററിലെ സുഹൃത്തും, കോതമംഗലം രാമല്ലൂർ സ്വദേശിയുമായ ആഷൻ പോൾ ഈ നാൽവർ സംഘത്തെ കോതമംഗലത്ത് സ്വീകരിച്ചു. ദിവസേന ഇവർ 300 മുതൽ 1000 കിലോമീറ്റർ യാത്ര ചെയ്യും. യുദ്ധത്തിന്‍റെയും, കൂട്ടമരണങ്ങളുടെയും വാർത്തകൾക്കിടെ 60 ദിവസം കൊണ്ട് താണ്ടിയത് 22 രാജ്യങ്ങളാണ്. ഏപ്രിൽ 14ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നാണ് ഇവരുടെ യാത്ര ആരംഭിച്ചത്. രണ്ടുമാസത്തിനു ശേഷം ഇവർ കേരളത്തിലെത്തി. മാഞ്ചസ്റ്ററിൽ ഇവരുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത് കോൺസൽ ജനറൽ ഓഫ് ഇന്ത്യ വൈശാഖ് യെദുവൻഷി ആണ്.
യുകെയിൽനിന്ന് കാർ ജല മാർഗം ഫ്രാൻസിൽ എത്തിച്ച ശേഷമാണ് കേരളംവരെ യാത്ര തുടർന്നത്. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇറ്റലി, സ്ലോവീനിയ,ക്രൊയേഷ്യ, ബോസ്നിയ, ഹംഗറി, സെർബിയ, കോസോവോ, ആൽബനിയ, റൊമാനിയ, ബാൾഗറിയ, ടർക്കി, ജോർജിയ, റഷ്യ, കസഖ്സ്ഥാൻ, ചൈന, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ താണ്ടിയാണ് ഇവർ നാട്ടിലെത്തിയത്.
നിരവധി പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും വിജയകരമായാണ് കേരളംവരെ യാത്ര പൂർത്തിയാക്കിയത്. ടിബറ്റിൽ എത്തിയപ്പോൾ ഓക്സിജൻ കുറവായതിന്‍റെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതായി ഇവർ പറഞ്ഞു. നേപ്പാളിലും, ചൈനയിലും മലയിൽ നിന്ന് മഞ്ഞു പാളികൾ വീണ് റോഡ് തകർന്നതുമൂലം യാത്ര ദുരിതം നേരിട്ടു.