കെ.സി. വേണുഗോപാൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്തുന്നതിന് എംഎൽഎമാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ കെ.സി. വേണുഗോപാലിന് 63-ൽ 47 പേരുടെ പിന്തുണ. കെ. കരുണാകരൻ, എ.കെ. ആന്‍റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രഗല്ഭരായ നേതാക്കൾക്കു പോലും ലഭിക്കാത്തത്ര വലിയ പിന്തുണയാണിത്.
ഇതിനിടെ, വി.ഡി. സതീശനെ അനുകൂലിച്ചുള്ള പൊതുപ്രകടനങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ മുഴുവൻ ക്രെഡിറ്റും സ്വന്തമാക്കാൻ സതീശൻ പക്ഷം പിആർ ക്യാംപെയ്ൻ നടത്തിയെന്ന ആക്ഷേപവും കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്നു.
മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാനും പ്രകടനങ്ങൾ നടത്താനും സതീശൻ കോൺഗ്രസിൽ പരസ്യമായി ഗ്രൂപ്പ് കളിക്കുന്നു എന്നാണ് വിലയിരുത്തൽ. ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായിരുന്ന കാലത്തു പോലും ഇല്ലാതിരുന്നതു പോലുള്ള സംഭവങ്ങളാണ് ഇപ്പോൾ സതീശൻ ക്യാംപ് കോൺഗ്രസിനുള്ളിൽ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്നും എതിർ പക്ഷത്തിന്‍റെ വിമർശനം.
എംഎൽഎമാരെ കൂടാതെ, കെ. സുധാകരൻ, പി.ജെ. കുര്യൻ തുടങ്ങി കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെയും ഭൂരിപക്ഷം എംപിമാരുടെയും അഭിപ്രായം കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്നാണ്. ഈ ആവശ്യം ഉന്നയിച്ച് ഇവർ എഐസിസിക്ക് കത്ത് നൽകിയതായും റിപ്പോർട്ടുണ്ട്.
നിലവിൽ മുഖ്യമന്ത്രി പദത്തിലേക്ക് ഏറ്റവും കൂടുതൽ സാധ്യത കെ.സി. വേണുഗോപാലിനാണ് എന്നു തിരിച്ചറിഞ്ഞാണ് എതിർ വിഭാഗം പിആർ എക്സസൈസിലൂടെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നതെന്നും സൂചന.
സംഘടനാതനത്തിലും ആൾബലം കൊണ്ടും ശക്തനായ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവർ ഇതുവരെ പരസ്യപ്രകടനത്തിന് ഇറങ്ങാത്തത് സംഘടനാ അച്ചടക്കം പാലിക്കുന്നതിന്‍റെ ഭാഗമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. സംഘടനയെ പ്രതിസന്ധിയിലാക്കുകയും നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്യുന്ന മറ്റു വിഭാഗങ്ങളുടെ നടപടികൾ ഹൈക്കമാൻഡും നിരീക്ഷിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടുള്ള തീരുമാനമായിരിക്കും എഐസിസി കൈക്കൊള്ളുക.
ഇതിനിടെ, എഐസിസി നിരീക്ഷകന്‍റെ പട്ടികയില്‍ വോട്ട് കാണാനില്ലെന്നും പരാതി ഉയർന്നിരുന്നു. ഉദുമയിലെ നിയുക്ത എംഎല്‍എ കെ. നീലകണ്ഠൻ മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്താത്തതിനിലാണ് അദ്ദേഹത്തിൻറെ കോളം ഒഴിഞ്ഞു കിടന്നതെന്നാണ് സൂചന. ഇത്തരത്തിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താത്ത എംഎൽഎമാരുടെ കോളം ഒഴിച്ചിടുകയായിരുന്നു എന്നും റിപ്പോർട്ട്. എന്നാൽ, ഈ വിഷയത്തിൽ ഏകപക്ഷീയമായി എഐസിസി നിരീക്ഷകരെ പ്രതിസ്ഥാനത്ത് നിർത്താനാണ് സതീശൻ ക്യാംപ് ശ്രമിക്കുന്നത്.