Kerala

"വീട്ടിലിരുന്ന എനിക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ", പരാതിയുമായി 62കാരന്‍

കൊച്ചി: വീട്ടിൽ നിന്നു പുറത്തിറങ്ങാത്ത ദിവസം ബൈക്കിൽ ഹെൽമറ്റ് വെയ്ക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62കാരന് പിഴ ചുമത്തിയതായി പരാതി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കർക്കാണ് സിറ്റി ട്രാഫിക് പൊലീസ് 500 രൂപ പിഴയിട്ടത്.

എന്നാൽ, നോട്ടീസിൽ പറയുന്ന ദിവസം തന്‍റെ വിവാഹ വാർഷികമായിരുന്നു എന്നും അന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അരവിന്ദാക്ഷന്‍ പറയുന്നു.

ഏപ്രിൽ 9ന് കൊച്ചിന്‍ ഷിപ്‌യാർഡിനു സമീപം ഹെൽമറ്റ് വയ്ക്കാതെ വണ്ടിയോടിച്ചെന്ന് കാണിച്ചാണ് എറണാകുളം സൗത്ത് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അരവിന്ദാക്ഷപ്പണിക്കർക്ക് നോട്ടീസ് അയച്ചത്. അന്നേ ദിവസം വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ലെന്നു മാത്രമല്ല പൊലീസ് അയച്ചു തന്ന ചിത്രത്തിൽ കാണുന്നത് തന്‍റെ വാഹനമല്ലെന്നും അരവിന്ദാക്ഷന്‍ പറയുന്നു.

നോട്ടീസിലുള്ള ചിത്രത്തിൽ വണ്ടി മാത്രമേയുള്ളു. ഹെൽമെറ്റില്ലാത്ത ആളെപ്പറ്റി ഒരു സൂചനയുമില്ല. അടുത്ത കാലത്തൊന്നും താന്‍ ആ പ്രദേശത്ത് പോയിട്ടുമില്ലെന്നും അരവിന്ദാക്ഷന്‍ കൂട്ടിച്ചേർത്തു. ചെയ്യാത്ത തെറ്റിന് പിഴ അടക്കില്ലെന്ന നിലപാടിലാണ് മുന്‍ തപാൽ ജീവനക്കാരന്‍ കൂടിയായ അരവിന്ദാക്ഷ പണിക്കാർ. പിഴയിട്ട നടപടി പൊലീസ് പിന്‍വലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. പരാതി പരിശോധിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക്ക് പൊലീസ് വ്യക്തമാക്കി.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു