'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്', നാളെ മുതൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം, കൊല്ലം- എറണാകുളം മെമു റദ്ദാക്കി
തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലം നവീകരണം നടക്കുന്നതിനാൽ നാളെ മുതൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. നാളെ രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു റദ്ദാക്കി. മധുര-ഗുരുവായൂർ എക്സ്പ്രസ്, നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി.
നാളെ സർവീസ് നടത്തുന്ന മധുര-ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 23ന് ഗുരുവായൂർ-മധുര എക്സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. 22ന് നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 21ന് 3.20ന് പുറപ്പെടുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പർ 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 22ന് വൈകിട്ട് 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ സൂപ്പർ കോട്ടയത്ത് നിന്ന് രാത്രി 8.05ന് സർവീസ് ആരംഭിക്കും.
22 ന് സർവീസ് നടത്തുന്ന തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ശ്രീഗംഗാനഗർ വീക്ക്‌ലി, തിരുവനന്തപുരം നോർത്ത്–ലോകമാന്യതിലക് വീക്ക്‌ലി, തിരുവനന്തപുരം നോർത്ത്–ബെംഗളൂരു ഹംസഫർ, തിരുവനന്തപുരം–മംഗളൂരു മലബാർ, കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
23ന് രാവിലെ 4.20ന് പുറപ്പെടുന്ന കൊല്ലം–എറണാകുളം മെമു, 22ന് രാത്രി പുറപ്പെട്ട് 23ന് കേരളത്തിൽ എത്തുന്ന തൂത്തുകുടി–പാലക്കാട് പാലരുവി എക്സ്പ്രസ്, 22നുള്ള തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസ് എന്നിവ 30 മിനിറ്റോളം വൈകും.