എൻഎച്ച്എഐ ഏറ്റെടുക്കുന്നതോടെ ആധുനിക രൂപകൽപ്പന, ഉയർന്ന സാങ്കേതിക നിലവാരം എന്നിവ പ്രതീക്ഷിക്കപ്പെടുന്നു.
ഭാവനാത്മക ചിത്രം - MV Graphics
ദശകങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം–തേനി ദേശീയപാത (NH 183) വികസനം പുതിയ ഘട്ടത്തിലേക്ക്. കേരളത്തിലൂടെ കടന്നുപോകുന്ന ഏകദേശം 216 കിലോമീറ്റർ ദൂരം ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ (NHAI) നേരിട്ട് ഏറ്റെടുക്കാൻ തീരുമാനിച്ചു.
പുതുക്കിയ അലൈൻമെന്‍റ് അംഗീകരിച്ചതോടെയാണ് പദ്ധതിക്ക് വേഗം വർധിക്കുന്നത്. സംസ്ഥാന പിഡബ്ല്യുഡി വഴി വികസനം നടത്താനായിരുന്നു മുൻ ധാരണ. ഇതാണിപ്പോൾ കേന്ദ്ര പദ്ധതിയായി മാറുന്നത്. എൻഎച്ച്എഐ ഏറ്റെടുക്കുന്നതോടെ ആധുനിക രൂപകൽപ്പന, ഉയർന്ന സാങ്കേതിക നിലവാരം, കൃത്യമായ ഫണ്ടിങ്, സമയബന്ധിതമായ പൂർത്തീകരണം എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യഘട്ടം: കൊല്ലം കടവൂർ (NH 66) മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയാണ് ആദ്യഘട്ട വികസനം. ഏകദേശം 54 മുതൽ 62 കിലോമീറ്റർ വരെയാണിത്.
നാലുവരി പാത: 24 മീറ്റർ വീതിയിലാണ് പാത വികസിപ്പിക്കുന്നത്. ഇതിൽ 15 മീറ്റർ ക്യാരേജ്‌വേ (റോഡ്) ഉണ്ടായിരിക്കും.
പ്രതീക്ഷിക്കുന്ന ചെലവ്: ആദ്യഘട്ടത്തിന് ഏകദേശം 2,300 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിൽ കൊല്ലം ജില്ലയിൽ 950 കോടിയും ആലപ്പുഴ ജില്ലയിൽ 1,350 കോടിയും വകയിരുത്തിയിട്ടുണ്ട്.
ഗുണഫലങ്ങൾ: കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം, കൃഷി എന്നീ മേഖലകളിൽ വലിയ കുതിച്ചുചാട്ടം ഈ പദ്ധതിയിലൂടെ ഉണ്ടാകും.
ആശങ്കകൾ: ഭൂമിയേറ്റെടുക്കൽ, നഷ്ടപരിഹാരം, പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം.