കൊല്ലം: ഓയൂരില്‍നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.
പ്രതികളെ അൽപ്പസമയത്തിനകം അടൂര്‍ കെഎപി ക്യാമ്പിൽ നിന്ന് പൂയപ്പള്ളി സ്‌റ്റേഷനിൽ എത്തിക്കും. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്വരേയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കില്ല.
ഇവര്‍ 3 പേരെയും തെങ്കാശിയിൽവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നുവരെ നീണ്ടതായാണ് റിപ്പോർട്ട്.
കുട്ടിയെ തട്ടിക്കൊണ്ട് പോയത് പണം കണ്ടെത്താനായിരുന്നുവെന്നതടക്കമുള്ള വിവരങ്ങളും പുറത്തുവന്നു. കുഞ്ഞിന്റെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യത്തിന്‍റെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതേ സമയം പത്മകുമാറിന്‍റെ മൊഴികളിലെ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ മൊഴികളില്‍ വ്യക്തത വന്നതിന് ശേഷം വാര്‍ത്താസമ്മേളനം മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം.
പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഇയാൾക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും 'ബോസ്' ആരാണെന്നുമടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തും.