പത്തനംതിട്ട: എഡിജിപി എം.ആർ. അജിത് കുമാർ ശബരിമലയിലേക്ക് ട്രാക്റ്ററിൽ യാത്ര നടത്തിയ സംഭവം വിവാദമായ സാഹചര‍്യത്തിൽ ശബരിമല സ്പെഷ‍്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് അജിത് കുമാർ ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു എഡിജിപി പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്റ്ററിൽ യാത്ര ചെയ്തത്. പിറ്റേ ദിവസം മലയിറങ്ങിയതും ട്രാക്റ്ററിൽ തന്നെയായിരുന്നു.
നവഗ്രഹ പ്രതിഷ്ഠാ ദിനത്തിൽ പൊലീസിന്‍റെ ട്രാക്റ്ററിലായിരുന്നു യാത്ര. ചരക്കു നീക്കത്തിനു മാത്രമെ ട്രാക്റ്റർ ഉപയോഗിക്കാവൂയെന്നാണ് നിലവിലുള്ള ഹൈക്കോടതി നിർദേശം. ഈ സാഹചര‍്യത്തിലാണ് എഡിജിപി ട്രാക്റ്ററിൽ യാത്ര നടത്തിയത്.