'തുറന്ന കോടതിയിൽ മാപ്പ് പറയണം'; ഹൈക്കോടതി ജഡ്ജിക്കെതിരേ അഭിഭാഷകരുടെ പരസ്യ പ്രതിഷേധം
കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ പ്രസ്യ പ്രതിഷേധവുമായി അഭിഭാഷകർ. ജസ്റ്റിസ് ബദറുദ്ദീൻ അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. തുറന്ന കോടതിയിൽ ജസ്റ്റിസ് ബദറുദ്ദീൻ മാപ്പ് പറയണമെന്നാണ് അഭിഭാഷകരുടെ അസോസിയേഷൻ ആവശ്യപ്പെടുന്നത്.
പ്രതിഷേധം കനത്തതോടെ ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ടു. അസോസിയേഷൻ പ്രസിഡന്‍റുമായി ചീഫ് ജസ്റ്റിസ് ചർച്ച നടത്തിയേക്കും. ഹൈക്കോടതി അഭിഭാഷകൻ അഡ്വക്കേറ്റ് അലക്സ് എം.സ്കറിയയുടെ ഭാര്യ സരിതയെ അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് പെരുമാറിയെന്നാണ് ആരോപണം.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് അഡ്വ. അലക്സ് എം. സ്കറിയ മരണപ്പെട്ടത്. അലക്സ് മരണപ്പെടുന്നതിനു മുൻപു തന്നെ അദ്ദേഹം ഏറ്റെടുത്ത കേസിന്‍റെ വക്കാലത്ത് മാറുന്നതിനായി നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച ഈ കേസ് പരിഗണിച്ചപ്പോൾ അലക്സിന്‍റെ ഭാര്യ സരിത ഹാജരായി കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചു. ഇതാണ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്. കേസുകൾ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി. പ്രമുഖ അഭിഭാഷകനായ അലക്സിനെയും അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചും അറിയില്ലെന്ന മട്ടിലുള്ള ജസ്റ്റിസിന്‍റെ പെരുമാറ്റം സരിതയെ വേദനിപ്പിച്ചുവെന്നും കരഞ്ഞു കൊണ്ട് അവർ കോടതി വിട്ടുവെന്നുമാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്.
വിഷയത്തിൽ ജസ്റ്റിസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതി മുറി ഉപരോധിച്ചു. മാപ്പ് പറയാത്ത പക്ഷം കോടതി നടപടികൾ ബഹിഷ്കരിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മാപ്പ് പറയാൻ തയാറല്ലെന്നാണ് ജസ്റ്റിന്‍റെ നിലപാട്.