borrowing limit kerala rejects central offer 
Kerala

5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി തന്നെ വേണമെന്ന് കേരളം; വാദം കേള്‍ക്കൽ 21 ലേക്ക് മാറ്റി

കേന്ദ്രം സംസ്ഥാനത്തിന്‍റെ ചെലവ് നിയന്ത്രിക്കാന്‍ ഇടപെടുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കേരളം

Ardra Gopakumar

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതിയുടെ നിര്‍ദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇത് കേരളം തള്ളുകയായിരുന്നു.

നിബന്ധനകളോടെയാകും പണം അനുവദിക്കുക. കേരളത്തിന് 5000 കോടി ഈ മാസം നല്‍കാം. എന്നാൽ അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ 9 മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക കുറയ്ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

എന്നാല്‍ 5000 കോടി പോരെന്നും, 10,000 കോടിയെങ്കിലും അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിന്‍റെ അവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്രത്തിന്‍റെ നിലപാടെന്നും കേന്ദ്രം സംസ്ഥാനത്തിന്‍റെ ചെലവ് നിയന്ത്രിക്കാന്‍ ഇടപെടുന്നു, ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കേരളം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി പറഞ്ഞതു കൊണ്ടാണ് ഈ തുക അനുവദിക്കുന്നത്. ആദ്യ 9 മാസത്തേക്ക് 21,664 കോടി മാത്രമേ അനുവദിക്കാനാകൂ. ഈ തുകയില്‍ 15,000 കോടി മുന്‍കൂറായി നല്‍കിയാല്‍ 6,664 കോടിയേ ബാക്കിയുള്ളൂ. ഈ തുക കൊണ്ട് ശേഷിക്കുന്ന കാലയളവ് കൈകാര്യം ചെയ്യുക സംസ്ഥാന സര്‍ക്കാരിന് വളരെ ബുദ്ധിമുട്ടായിരിക്കും. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. കൂടാതെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് വഴി കാണേണ്ടതെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. വായ്പാ പരിധി വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഇതില്‍ ഒരു വിവേചനവും കേന്ദ്രം കാണിച്ചിട്ടില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ഇടക്കാല ആശ്വാസം എന്ന നിലയില്‍ കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ 5000 കോടി വാങ്ങിക്കൂടേയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. എന്നാല്‍ ഇത് കേരളം തള്ളുകയായിരുന്നു. തുടര്‍ന്ന് കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഈ മാസം 21 ലേക്ക് മാറ്റി.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി