കേരളം ടൂറിസത്തിന് ബജറ്റില്‍ 325 കോടി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയുടെ കുതിച്ചുചാട്ടത്തിനു സഹായ വാഗ്ദാനവുമായി ബജറ്റ്. വിവിധ ടൂറിസം പദ്ധതികള്‍ക്കായി 325 കോടി രൂപയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.
ഇക്കോ ടൂറിസം, മെഡിക്കല്‍ ടൂറിസം, തീര്‍ഥാടന ടൂറിസം, ഫാം ടൂറിസം, അഗ്രി ടൂറിസം തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് പദ്ധതികള്‍. ആലപ്പുഴ ജില്ലയില്‍ ഹൗസ് ബോട്ട് ടെര്‍മിനലുകളും ടൂറിസം അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് മെഗാ ടൂറിസം സര്‍ക്യൂട്ട് പ്രൊജക്റ്റ് നടപ്പാക്കും. ഹൗസ് ബോട്ടുകളിലെ മാലിന്യം സംസ്‌കരിക്കാന്‍ ആലപ്പുഴയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റും സ്ഥാപിക്കും.
ആലപ്പുഴയില്‍ തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. അര്‍ത്തുങ്കല്‍ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കക്കാഴം പള്ളി, മണ്ണാര്‍ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി. പാതിരാമണല്‍ ദ്വീപ് ഇക്കോ ടൂറിസം സെന്ററിനായി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. മുഹമ്മ ജെട്ടിയെയും ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് റോപ്പ് വേയും സ്ഥാപിക്കും.
മുസിരിസ് ടൂറിസം പദ്ധതിക്കായി 19 കോടി രൂപ വകയിരുത്തുമെന്ന് മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ പ്രധാന പൈതൃക പദ്ധതിയായി മുസിരിസ് ടൂറിസം പദ്ധതിയെ വികസിപ്പിക്കും. ലൈവ് മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം എന്നിവ ഉള്‍പ്പെടുത്തും. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ മാര്‍ഷല്‍ പദ്ധതിയും മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി, മൂന്നാര്‍, കോവളം, ആലപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഈ പദ്ധതിപ്രകാരം വനിതകളെയാണ് പരിശീലനം നല്‍കി ടൂറിസം കേന്ദ്രങ്ങളില്‍ നിയോഗിക്കുക. ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തുക, സന്ദര്‍ശകര്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, പരിസ്ഥിതി ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് ഗ്രീന്‍ മാര്‍ഷല്‍മാരുടെ ഉത്തരവാദിത്വം. കൂടാതെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസം ഹബ്ബുകളും കള്‍ച്ചറല്‍ ടൂറിസം ഹബ്ബുകളും സ്ഥാപിക്കുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു.
ബ്രാന്‍ഡ് വയനാട് എന്ന പദ്ധതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. അഷ്ടമുടി ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ടൂറിസം സംരംഭങ്ങളും ഹോംസ്റ്റേകളും സംസ്ഥാന വ്യാപകമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. ടൂറിസം മേഖലയില്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു. വിദേശത്തുനിന്നുള്ള വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ അക്കാദമിക് ടൂറിസം എന്ന പേരില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.