കാസ്റ്റിങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്ന കേസിൽ ചീഫ് അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെ തള്ളി ദുൽക്കർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്. ദിനിൽ ബാബുവിനെതിരേ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയിലും പരാതി നൽകിയിട്ടുമുണ്ട്. വേഫെറർ ഫിലിംസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. ദിനിൽ ബാബുവുമായി യാതൊരു ബന്ധവുമില്ലെന്നും വേഫെറർ ഫിലിംസ് വ്യക്തമാക്കിയിട്ടുണ്ട്.
വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി. പ്രൊഡക്ഷൻ ടീമും വനിതകളായ ജീവനക്കാരും ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് വേഫെറർ ഫിലിംസിന് അടുത്തുള്ള മുറിയിലേക്ക് ദിനിൽ തന്നെ വിളിച്ചു വരുത്തിയതെന്നും പിന്നീട് ആക്രമിക്കാൻ ശ്രമിച്ചുവെന്നും കാണിച്ച് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.
വ്യാജ കാസ്റ്റിങ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും വേഫെറർ ഫിലിംസിന്‍റെയോ ദുൽക്കറിന്‍റെയോ സമൂഹമാധ്യമങ്ങൾ വഴി മാത്രമേ കാസ്റ്റിങ് കോളുകൾ ഉണ്ടാകുകയുള്ളൂ എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.