പൊറോട്ടയ്ക്കൊപ്പം ഗ്രേവി നൽകിയില്ല; വൈപ്പിനിൽ അടി, തിരിച്ചടി, പരാതി നൽകി ഉടമയും ഭാര്യയും
കൊച്ചി: പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകാഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഹോട്ടൽ ഉടമയ്ക്ക് പരുക്ക്. വൈപ്പിനിലെ ഹോട്ടലിലാണ് സംഭവം. ഉടമ സുബൈർ ഭാര്യ ജുമൈലത്ത് എന്നിവരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച വൈകിട്ട് ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഗ്രേവിയും ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഗ്രേവിക്ക് 20 രൂപ അധികം വേണമെന്ന് ജുമൈലത്ത് പറഞ്ഞതോടെ വാക്ക് തർക്കം ആരംഭിച്ചു. തന്നെ തല്ലാൻ ആഞ്ഞപ്പോൾ ഭർത്താവ് തടയുകയായിരുന്നുവെന്നും തന്‍റെ കൈയിൽ ഇടി കൊണ്ടുവെന്നുമാണ് ജുമൈലത്ത് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഭർത്താവ് സുബൈറിനെ കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് കൈയിൽ മൂർച്ചയുള്ള വസ്തു കൊണ്ട് കുത്തിയെന്നും മർദിച്ചെന്നും പരാതിയിലുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.