Pinarayi Vijayan - File Image 
Kerala

കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് പൊലീസ് നടത്തിയതെന്നു മുഖ്യമന്ത്രി

മലപ്പുറം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അതിക്രമം കാട്ടുന്നവർക്കെതിരേ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ആറു വയസുകാരി അബിഗേൽ സാറയെ സുരക്ഷിതമായി കണ്ടെത്താനായതു വലിയ ആശ്വാസമാണ്. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവർത്തിച്ച പൊലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോർന്നു പോകാതെ അന്വേഷണ സംഘത്തിനു വിവരങ്ങൾ നൽകിയ അബിഗേലിന്‍റെ സഹോദരൻ ജോനാഥനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞ ഉടൻ സർക്കാർ ഇടപെട്ടു. അന്വേഷണത്തിന്‍റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സംഭവം അറിഞ്ഞപ്പോൾത്തന്നെ കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ വാഹനപരിശോധന ആരംഭിച്ചു. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് പൊലീസ് നടത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരമൊരു സന്നിഗ്ദ്ധ ഘട്ടത്തിൽ അബിഗേലിന്‍റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകർന്ന കേരളീയ സമൂഹത്തെ ഹാർദമായി അഭിവാദ്യം ചെയ്യുന്നു. വിവരങ്ങൾ അതാത് സമയം എത്തിക്കുന്നതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിൽ മാധ്യമങ്ങൾ നല്ല പങ്കാണ് വഹിച്ചത്. അതേ‌സമയം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് എന്തൊക്കെ കരുതൽ ഉണ്ടാകണം എന്ന ചർച്ചയും സ്വയംവിമർശനവും വേണ്ടതുണ്ട്. അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാൽ അത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവർക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിലെ പുറത്തെത്തിച്ച രക്ഷാപ്രവർത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന

വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്