കൊച്ചി: കൊച്ചി കയർ ബോർഡിലെ തൊഴിൽ പീഡനത്തെക്കുറിച്ച് പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര എംഎസ്എംഇ (ministry of micro, small and medium enterprises) മന്ത്രാലയം . ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
തിങ്കളാഴ്ചയാണ് കയർ ബോർഡ് സെക്ഷൻ ഓഫിസർ ജോളി മധു (56) മരിച്ചത്. സെറിബ്രല്‍ ഹെമിറേജ് ബാധിതയായിലായിരുന്ന ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അന്ത്യം. ജോളി കേന്ദ്ര സർക്കാർ സ്ഥാപനമായ കയർ ബോർഡിന്‍റെ കൊച്ചി ആസ്ഥാനത്ത് തൊഴിൽ പീഡനമെന്ന് പരാതി നൽകിയിരുന്നു. കയർബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ പീഡനത്തെയും മാനസിക സമ്മർദ്ദത്തെയും തുടർന്നാണ് ജോളി സെറിബ്രല്‍ ഹെമിറേജ് ബാധിതയായതെന്ന് കുടുംബം ആരോപിച്ചിരുന്നു.
വിധവയാണെന്നും രോഗിയാണെന്നുമുള്ള പരിഗണന നൽകാതെ 6 മാസം മുൻപ് ജോളിയെ ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയിരുന്നെവന്നും ശമ്പളം പോലും തടഞ്ഞു വച്ചു എന്നും കുടുംബം ആരോപിക്കുന്നു. ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്‍റെ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു.