"തെരഞ്ഞെടുപ്പിൽ നല്ലപോലെ തോറ്റു"; തോൽവി ചർച്ചയ്ക്ക് സിപിഎം യോഗങ്ങള്‍ ഇന്നു മുതൽ  file
Kerala

"തെരഞ്ഞെടുപ്പിൽ നല്ലപോലെ തോറ്റു"; തോൽവി ചർച്ചയ്ക്ക് സിപിഎം യോഗങ്ങള്‍ ഇന്നു മുതൽ

ഒ.ആർ. കേളു മന്ത്രിയായേക്കും

Ardra Gopakumar

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങള്‍ കണ്ടെത്താനും തിരുത്താനുമുള്ള സിപിഎം നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റും 18, 19, 20 തീയതികളില്‍ സംസ്ഥാന സമിതി യോഗവുമാണ് നടക്കുക.

രണ്ടാം പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് വന്‍ തോല്‍വിക്കു കാരണമെന്ന് പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് പാര്‍ട്ടി നടത്തിയ നീക്കങ്ങള്‍ വേണ്ട ഫലം കണ്ടില്ലെന്നും അതുമൂലം പരമ്പരാഗത വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായ ആശങ്ക ബിജെപി മുതലെടുത്തെന്നും വിമര്‍ശനമുണ്ട്.

കണ്ണൂർ, പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങൽ ഉള്‍പ്പെടെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ഉണ്ടായ വോട്ട് ചോര്‍ച്ച പാര്‍ട്ടി വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ആലപ്പുഴ പോലെയുള്ളിടങ്ങളിൽ പ്രാദേശിക ഭിന്നതമൂലം സിപിഎം പ്രവർത്തകർ ബിജെപിക്ക് വോട്ട് മറിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

രാജ്യത്താകെയുണ്ടായ ബിജെപി വിരുദ്ധ വികാരമാണ് കേരളത്തില്‍ യുഡിഎഫിനു ഗുണം ചെയ്തതെന്നും കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവകാശപ്പെട്ടത്. എന്നാൽ, 62 ലക്ഷം പേര്‍ക്കു കൊടുക്കേണ്ടിയിരുന്ന പെന്‍ഷന്‍ കുടിശികയും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങളും നല്‍കാതിരുന്നത് ആ വിഭാഗങ്ങളില്‍ അസംതൃപ്തിയുണ്ടാക്കിയെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ഭരണ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം കൂടിയ സിപിഎം, സിപിഐ ജില്ലാ, സംസ്ഥാന സമിതികളിലെല്ലാം സർക്കാരിന്‍റെ ചെയ്തികൾ തോൽവിക്കിടയാക്കി എന്നായിരുന്നു വിമർശനം.

സിപിഎം പൊളിറ്റ് ബ്യൂറോ കേരളത്തിലെ കനത്ത പരാജയം ഗൗരവമായി കാണുന്ന സാഹചര്യത്തിൽ സർക്കാരിൽ പാര്‍ട്ടിയുടെ പിടിമുറുകാൻ സാധ്യതയുണ്ട്. ലോക്സഭയിലേക്ക് ജയിച്ച മന്ത്രി കെ. രാധാകൃഷ്ണന് പകരം മന്ത്രിയെ ഈ യോഗങ്ങളിൽ തീരുമാനിക്കും.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്‍റുമായ മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു വയനാട്ടിൽനിന്നുള്ള ആദ്യ സിപിഎം മന്ത്രിയാവാനാണ് സാധ്യത. നിലവിലുള്ള പട്ടികവിഭാഗ എംഎൽഎമാരിൽ രണ്ടാം തവണ ജയിച്ച ഏക എംഎൽഎ എന്നതും 10 വർഷം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നതും ഈ 53കാരന് അനുകൂലമാണ്. കേളു മന്ത്രിയായാൽ വയനാടിനും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കും.

ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്

'അൻവർ വേണ്ടേ വേണ്ട'; ബേപ്പൂരിൽ പി.വി. അൻവറിനെതിരേ ഫ്ലെക്സ് ബോർഡുകൾ

സംവരണ നയത്തിനെതിരായ പ്രതിഷേധം; ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ

രാഹുൽ ഗാന്ധിയെ ഭീകരരുമായി ബന്ധപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ്; എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ്

ലോകത്ത് ആദ്യം!! യുവതിയുടെ അറ്റുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ഡോക്റ്റർമാർ, മാസങ്ങൾക്ക് ശേഷം തിരികെ വച്ചു!