തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പിബി അംഗം എ. വിജയരാഘവനെ ന്യായീകരിച്ച് സിപിഎം നേതാക്കൾ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എന്നിവരാണ് എ. വിജയരാഘവന്‍റെ പ്രസ്താവനയെ ന്യൂയീകരിച്ച് രംഗത്തെത്തിയത്.
വിജയരാഘവന്‍റെ പ്രതികരണം വളരെ കൃത്യമാണെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി, കോണ്‍ഗ്രസിന്‍റേയും യുഡിഎഫിന്‍റെയും ജയം ജമാഅത്തെ ഇസ്ലാമിന്‍റേയും എസ്ഡിപിഐയുടെയും സഖ്യകക്ഷി എന്ന നിലയിലുള്ള വോട്ടോട് കൂടിയാണ്. അതില്‍ തന്നെയാണ് പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിജയരാഘവന്‍റെ പ്രസംഗത്തിന് പുറത്തു നടക്കുന്ന കോലാഹലങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. വര്‍ഗീയശക്തികളുമായി ചേരുന്ന കോണ്‍ഗ്രസിന്‍റേയും ലീഗിന്‍റേയും നിലപാടിനെ ആണ് വിമര്‍ശിച്ചത്. മതരാഷ്ട്രവാദം ഉയര്‍ത്തുന്ന എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവരെ യുഡിഎഫ് ക്യാമ്പിനകത്ത് ഉറപ്പിച്ചുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിനെയാണ് വിജയരാഘവന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിജയത്തിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
എ. വിജയരാഘവന്‍റെ പ്രസംഗത്തില്‍ വിമര്‍ശന വിധേയമായ ഒരു വാക്ക് പോലുമില്ലെന്നായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം. പാര്‍ട്ടി നയത്തിന് അനുസൃതമായ കാര്യങ്ങളാണ് വിജയരാഘവന്‍ പറഞ്ഞത്. വര്‍ഗീയ സംഘടനകള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്നു പറഞ്ഞില്ലേ? 'വര്‍ഗീയ രാഘവന്‍' പരാമര്‍ശം വെറുതെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നും ശ്രീമതി പ്രതികരിച്ചു.