ദീപക്ക്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. കേസ് സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. യുവതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നു ഹർജിയിൽ പറയുന്നു.
യുവതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ട്. ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കണം. യുവതിയുടെ മൊബൈൽ ഫോണിലാണ് ബസിലെ വിഡിയോ എഡിറ്റു ചെയ്തത്. അതിനാൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം. ദീപക് യുവതിയോട് മോശമായി പെരുമാറിയെന്നത് തെറ്റായ പ്രചാരണമാണെന്നും ഹർജിയിൽ പറയുന്നു.
പുരുഷൻമാർക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ സംവിധാനം ഒരുക്കാനാണ് അസോസിയേഷന്‍റെ തീരുമാനം. 3.17 ലക്ഷം രൂപ ദീപക്കിന്‍റെ കുടുംബത്തിനു കൈമാറിയതായി വീട് സന്ദർശിച്ചശേഷം അസോസിയേഷൻ പ്രതിനിധി രാഹുൽ ഈശ്വർ പറഞ്ഞു. വിഡിയോ ചിത്രീകരിച്ച ഷിംജിത മുസ്തഫ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയതായാണു സൂചന. യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്‍റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനാണു പൊലീസിന്‍റെ ശ്രമം.