അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...
file image
പി.ബി. ബിച്ചു
സംസ്ഥാനത്തെ വിലക്കയറ്റം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ ഉപക്ഷേപത്തിൽ സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്ത് വില കുറഞ്ഞതും വില കൂടിയതുമായ സാധനങ്ങളുടെയും പാർട്ടികളുടെയും നേതാക്കളുടെയുമടക്കം ലിസ്റ്റ് രണ്ട് മണിക്കൂറിനുള്ളിൽ സഭയിലെത്തിച്ച് ഭരണ-പ്രതിപക്ഷങ്ങളുടെ വാശിയേറിയ ചർച്ച.
വിലക്കയറ്റത്തിൽ ജനങ്ങൾ വീർപ്പുമുട്ടുകയാണെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്നും പി.സി. വിഷ്ണുനാഥിന്‍റെ നേതൃത്വത്തിലായിരുന്നു നോട്ടീസ് നൽകിയത്. വിഷയത്തിൽ സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ സഭ നിർത്തിവച്ച് ചർച്ചയാകാമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അറിയിച്ചതോടെ ഭരണപക്ഷത്ത് കൈയടി ഉയർന്നു. എന്നാൽ, കൈയടിയെ പ്രതിപക്ഷത്ത് നിന്നും ട്രോളിലൂടെ പ്രതിരോധിച്ചായിരുന്നു പി.സി. വിഷ്ണുനാഥ് തന്‍റെ വാക്കുകൾ തൊടുത്തുവിട്ടത്. കേരളം നമ്പർ വൺ എന്ന് പ്രതിപക്ഷത്ത് നിന്നും പരാമർശമെത്തിയിട്ടും ഭരണപക്ഷം അൽപ്പനേരം മൗനമായിരുന്നു.
വിലക്കയറ്റത്തോതില്‍ തുടര്‍ച്ചയായി എട്ടു മാസങ്ങളായി കേരളം നമ്പര്‍ വണ്‍ ആണെന്നായിരുന്നു വിഷ്ണുനാഥിന്‍റെ പരാമർശം. ഓണക്കാലത്ത് വിപണി ഇടപെടലിന് 420 കോടി രൂപയാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. 205 കോടി മാത്രമാണ് സർക്കാർ വകയിരുത്തിയത്. 176 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തിലായാല്‍ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുക. കേരളത്തില്‍ വിലക്കയറ്റത്തോത് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. ഉപഭോക്തൃ വില (സിപിഐ) സൂചിക ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റിലെ വിലക്കയറ്റ തോത് കേരളത്തില്‍ 9 ആണ്. പട്ടികയില്‍ രണ്ടാമതുള്ള കര്‍ണാടകയില്‍ അത് വെറും 3.8 ആണ്. സബ്സിഡി ഉത്പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചതിന് എതിരെ സിപിഐ സമ്മേളനങ്ങളില്‍ പോലും വിമര്‍ശനം ഉയര്‍ന്നു. സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിക്കില്ലന്ന് ബിജിഎം ഇട്ട് പ്രചരിപ്പിച്ച 13 ഇനം ഉത്പന്നങൾ പോലും വില വർധിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴി രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോണ്‍ക്ലേവ് സംഘടിപ്പിക്കുക എന്നതാണെന്നും സിനിമാ ഡയലോഗ് പോലെ "ഇത് അയാളുടെ കാലമല്ലേ' എന്നും വിഷ്ണുനാഥ് പരിഹസിച്ചു. പതിനഞ്ചാം നിയമസഭ ചര്‍ച്ചയ്ക്കെടുത്ത 16 അടിയന്തരപ്രമേയങ്ങളില്‍ നാലെണ്ണം വിഷ്ണുനാഥിന്‍റേതാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കറുടെ അഭിന്ദനവുമെത്തിയതോടെ ചർച്ചയിൽ പ്രതിപക്ഷത്തിന്‍റെ സ്കോർ ഉയർന്നു.
പൊതുവിപണിയില്‍ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടതിനാലാണ് ഇത്തവണ ഓണം മലയാളികൾക്ക് ഹാപ്പിയായതെന്ന് തുടർന്ന് സംസാരിച്ച വി. ജോയി അഭിപ്രായപ്പെട്ടു. വിലക്കയറ്റം പിടിച്ചു നിർത്താൻ ആവനാഴിയിലെ അവസാനത്തെ അമ്പ് പ്രയോഗിച്ചാണ് സർക്കാർ ജനങ്ങൾക്കൊപ്പം നിന്നത്. ഓണത്തിന് എല്ലാവിഭാഗം ജനങ്ങൾക്കും പണം കൈയിലേക്കെത്തിച്ചതിനാൽ ഇത്തവണ ഒരു പരാതിയും ഉണ്ടായില്ല. വിപണി ഇടപെടലിനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ 773 കോടി രൂപ ചെലവഴിച്ചപ്പോൾ, ഒന്നാം പിണറായി സർക്കാർ മാത്രം 4299 കോടി രൂപ ചെലവഴിച്ചു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 3502 കോടി ചെലവഴിച്ചു. ആർബിഐ കണക്കുപ്രകാരം സംസ്ഥാനത്തെ കർഷകമേഖലയിലെ കൂലി 807 രൂപയാണ്. എന്നാൽ രാജ്യത്തിന്‍റെ ദേശീയ ശരാശരി 372 രൂപയാണ്. നിർമാണ മേഖലയിൽ 900 ആണ് കേരളത്തിൽ പറയുന്നത്. യഥാർഥത്തിൽ 1400-1500 രൂപ വരെ ഇവിടെ കൂലി ലഭിക്കുന്നുണ്ട്. പക്ഷേ ഇതിൽ ദേശീയ ശരാശരി 417 രൂപ മാത്രമാണ്. ഈ യാഥാർഥ്യം മനസിലാക്കിവേണം വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാൻ. ആശയദാരിദ്ര്യം വരുമ്പോൾ എന്തും പറഞ്ഞുപോകുകയാണ് പ്രതിപക്ഷം. 11 വർഷമായി കുത്തകകളെ സഹായിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അതിനെക്കുറിച്ച് ഒരു വാക്ക് പോലും പ്രതിപക്ഷം പറയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തതോടെ ഭരണപക്ഷം കൂട്ടമായി പ്രതിപക്ഷത്തിനെതിരേ തിരിഞ്ഞു. "എന്താ പറയാത്തത്' എന്നായിരുന്നു ഭരണപക്ഷാംഗങ്ങളുടെ കമന്‍റ്. ജനങ്ങൾ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ പുഛിച്ച് തള്ളുമെന്നും ഭരണപക്ഷത്ത് നിന്നും വിമർശനം ഉയർന്നതോടെ പോയിന്‍റ് നില ഭരണപക്ഷം-1, പ്രതിപക്ഷം-1.
എൽഡിഎഫ് വിമർശനങ്ങൾക്കിടെ രംഗം തണുപ്പിക്കാനായി പ്രതിപക്ഷത്ത് നിന്നും എം. വിൻസെന്‍റാണ് തുടർന്ന് കളത്തിലിറങ്ങിയത്. പിന്നീടങ്ങോട്ട് പോരാട്ടം വേഗത്തിലായി. കേരളത്തിൽ വിലക്കയറ്റം ഇല്ലെന്ന് കരുതുന്ന ഒരാൾ മന്ത്രി മാത്രമാണെന്ന് വിൻസെന്‍റ് പറഞ്ഞു. ഓണക്കാലം ഹാപ്പിയാണെന്നാണ് പറയുന്നത്. കേരളത്തിൽ, എല്ലാക്കാലത്തും ഓണം ഹാപ്പിയാണ്. കാണം വിറ്റും ഓണം ഉണ്ണണമെന്ന് കരുതി എന്തും വിറ്റ് ഓണം ആഘോഷിക്കുന്നവരാണ് നമ്മൾ മലയാളികളെന്ന് പറഞ്ഞ വിൻസെന്‍റ് കൃഷി വകുപ്പിനെയും തലോടിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
പ്രതിപക്ഷം സ്കോർ വീണ്ടും ഉയർത്തിയതോടെ ജി.എസ്. ജയലാൽ പ്രതിരോധ നിരയിൽ നിന്നും ഇറങ്ങി. വിലക്കയറ്റം എന്ന് പറയുമ്പോൾ കേന്ദ്രത്തെക്കുറിച്ച് പറയുന്നില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ചില നീക്കുപോക്കുണ്ടാക്കിയതാണ് മൗനത്തിന് കാരണമെന്നും ജയലാൽ ചൂണ്ടിക്കാട്ടി. മാവേലി സ്റ്റോർ കൊണ്ടുവന്നപ്പോൾ അതിനെതിരേ വാമന സ്റ്റോർ തുടങ്ങിയിട്ടെന്തായി. വിലക്കയറ്റം പിടിച്ചു നിർത്താൻ യുഡിഎഫ് സർക്കാർ 538 കോടി ഇറക്കിയപ്പോൾ എൽഡിഎഫ് ഇതുവരെ 7020 കോടി ആണ് വിപണിയിലേക്കിറക്കിയതെന്നും പറഞ്ഞ് ജയലാൽ ഭരണപക്ഷത്തിനായി സ്കോർ ചെയ്തു.
ഇതോടെ പ്രതിപക്ഷത്തിന്‍റെ ഒന്നാം നിരയിൽ നിന്നും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. 10 കൊല്ലം ഭരിക്കാൻ അവസരം കിട്ടിയിട്ടും ഇപ്പോഴും യുഡിഎഫുമായി താരതമ്യം ചെയ്യാനേ സർക്കാരിന് കഴിയുന്നുള്ളൂ എന്ന് കുഞ്ഞാലിക്കുട്ടി വാദിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തതിന്‍റെ ഇംപാക്റ്റ് ഉണ്ടായി. സർക്കാർ ആശുപത്രികൾ പുറത്ത് നിന്നും വാങ്ങുന്നത് നിർത്തി. ഇതോടെ ആശുപത്രികളിൽ സർജറികളും നിർത്തി. റേഷൻ സിസ്റ്റത്തിൽ ധാന്യശേഖരം കുറയാത്തനാൽ നമ്മൾ ഒന്നും അറിയുന്നില്ല. ഇത് നിന്ന് പോയാൽ വിവരം അറിയും. സർക്കാരിന്‍റെ മാർക്കറ്റ് ഇടപെടൽ ഫലപ്രദമല്ല. വരുമാനം വർധിപ്പിക്കാൻ നടപടിയില്ല. കോൺക്ലേവ് നടത്തിയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാൽ തുടർന്നെത്തിയ ജോബ് മൈക്കിൾ എം. വിൻസെന്‍റിന് മറുപടി കൊടുത്താണ് രംഗപ്രവേശം ചെയ്തത്. കാണം വിക്കാതെ ഓണം ഉണ്ണാൻ കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലെന്ന് ജോബ് പറഞ്ഞു. കെഎസ്ആർടിസി യൂണിയൻ നേതാവായ വിൻസെന്‍റ് പറയൂ. ഇത്തവണ ജീവനക്കാരുടെ പട്ടിണി സമരം ഉണ്ടായോ? എല്ലാം പറഞ്ഞ വിൻസെന്‍റ് അരിയുടെ വിലയെക്കുറിച്ച് പറഞ്ഞില്ല. അരി വില കുറവായിരുന്നു. യുഡിഎഫ് കാലത്ത് റേഷൻ കാർഡിന് ഓടിയിരുന്ന മലയാളികൾക്ക് ഇപ്പോൾ ബിപിഎൽ കാർഡ് പോലും വീട്ടിൽ കിട്ടും. അനാവശ്യമായി കൊണ്ടുവന്ന പ്രമേയമാണിതെന്നും ഒരു വിഷയവുമില്ലെങ്കിൽ സ്വർണത്തിന്‍റെ വിലക്കയറ്റം പറഞ്ഞ് അടിയന്തര പ്രമേയം കൊണ്ടുവരാമായിരുന്നെന്നും ഭരണപക്ഷത്തിന് വേണ്ടി ജോബ് മൈക്കിൾ പറഞ്ഞു.
സർക്കാരിന് വേണ്ടി സംസാരിക്കാൻ പിന്നാലെയെത്തിയ വനിതാ എംഎൽഎ യു. പ്രതിഭയും സ്വർണം, വെള്ളി വില വർധനവ് ചർച്ച ചെയ്യണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുന്നത് വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന കോൺഗ്രസാണെന്നും സഭയിലെത്തിക്കാൻ വിഷയമില്ലാത്തവരോട് സഹതാപം മാത്രമെന്നും പറഞ്ഞ പ്രതിഭ 2000 കോടിയോളം ജനങ്ങളിലേക്കെത്തിതോടെ കേരളത്തിൽ ഏത് മൂഡ്, ഓണം മൂഡ് എന്നും പറഞ്ഞുവച്ചു.
മുൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പ്രതിപക്ഷത്തിന് വേണ്ടി തുടർന്ന് സംസാരിച്ചെങ്കിലും സമയക്കുറവ് മൂലം നെല്ല് സംഭരണത്തിന് പണം നൽകാത്ത വിഷയം മാത്രമാണ് ആവർത്തനമില്ലാതെ ഉന്നയിക്കാനായത്.
വീണ്ടും പന്ത് ഭരണപക്ഷത്തിന്‍റെ കോർട്ടിലേക്കെത്തിയതോടെ യുവ എംഎൽഎ കെ. പ്രേംകുമാർ പ്രതിപക്ഷത്തിന് നേരെ വർധിതവീര്യത്തോടെ ആഞ്ഞടുത്തു. ദുരിതകാലത്ത് കേരളത്തിന് ലഭിക്കേണ്ട പണം പിടിച്ചുവച്ച കേന്ദ്രത്തിനെതിരേ ആരും ഒന്നും പറഞ്ഞില്ലെന്നും പാർലമെന്‍റിൽ ഒരു എംപിയും ചോദിച്ചില്ലെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി. കോൺക്ലേവ് പരിഹസിക്കുന്നവർ ഗൈനക്കോളജി കോൺക്ലേവ് നടത്തണമെന്നും അതിനുള്ള എംഎൽഎമാർ ഇവിടെ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് പ്രേംകുമാർ അവസാനിപ്പിച്ചു.
കേരളത്തിന്‍റെ നേട്ടങ്ങൾ കണ്ട് പ്രതിപക്ഷം കണ്ണടച്ചിരിക്കുകയാണെന്നും പ്രതിന്ധിയിലും വിപണിയിടപെടൽ നടത്തിയ സർക്കാരാണ് കേരളത്തിലേതെന്ന് അഹമ്മദ് ദേവർകോവിലും പറഞ്ഞു. രാജ്യവ്യാപകമയ പണപ്പെരുപ്പത്തെ മറച്ചു വച്ചാണ് പ്രമേയം അവതരിപ്പിച്ചതെന്നും വിലക്കയറ്റത്തിൽ കേരളത്തെ വില കുറഞ്ഞ സംസ്ഥാനമാക്കി മാറ്റിയത് ഇടപെടൽകൊണ്ടാണെന്നും എം. വിജിനും വാദിച്ചു. വിലക്കയറ്റത്തിന്‍റെ വഴികളും പരിഹരിച്ച മാർഗങ്ങളും വിവരിച്ച് എം. നൗഷാദും കൈയടി നേടിയതോടെ പോയിന്‍റ് നിലയിൽ അതിവേഗം മുന്നിലായി ഭരണപക്ഷം. ഒപ്പം പ്രമേയാവതാരകന്‍റെ ആരോപണങ്ങൾക്ക് കണക്ക് നിരത്തിയുള്ള മറുപടിയുമായി ഓരോ വകുപ്പ് മന്ത്രിമാരും, വിഷയത്തിൽ മറുപടി നൽകേണ്ട മന്ത്രി ജി.ആർ. അനിലും എത്തിയതോടെ അവസാനലാപ്പിലും വിജയം ഭരണപക്ഷത്തിനൊപ്പം. വിപണിയിൽ വെളിച്ചെണ്ണ വില മാത്രമാണ് ഉയർന്നതെന്നും ഇത് കുറഞ്ഞ വിലയിൽ നൽകിയതോടെ പപ്പടം -വെളിച്ചെണ്ണ സാമഗമം നടന്നെന്നും മന്ത്രി പറഞ്ഞു. അതുമാത്രമല്ല വെളിച്ചെണ്ണയിൽ മലയാളികൾ ഉപ്പേരിയും വറുത്തെന്നും മന്ത്രി തിരിച്ചടിച്ചതോടെ സഭയിലാകെ കൈയടി. കേരളത്തിൽ ഏത് കർഷകന്‍റെ പ്രശ്നവും ചർച്ച ചെയ്യും. പ്രശ്നങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയാൽ അതും സർക്കാർ പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചതിന് പിന്നാലെ സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.