ലോറൻസിന്‍റെ അന്ത്യയാത്രയിലും ‌നാടകീയ രംഗങ്ങൾ : മൃതദേഹം വിട്ടുനൽകില്ലെന്ന് മകൾ 
Kerala

ലോറൻസിന്‍റെ അന്ത്യയാത്രയിലും ‌നാടകീയ രംഗങ്ങൾ : മൃതദേഹം വിട്ടുനൽകില്ലെന്ന് മകൾ

മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയ മകൾ ആശ ലോറന്‍സും അവരുടെ മകനും മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

Megha Ramesh Chandran

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ അന്ത്യയാത്രയിലും ‌എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങൾ. മ‌ൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയ മകൾ ആശ ലോറന്‍സും അവരുടെ മകനും മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ സിപിഎം. പ്രവര്‍ത്തകരും നേതാക്കളമടക്കം ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചു. തര്‍ക്കത്തിനിടെ മകള്‍ ആശ ലോറന്‍സ് നിലത്തുവീണു. പിന്നീട് മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളെജിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ആശ ലോറന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഇടപെട്ട ഹൈക്കോടതി അനാട്ടമി ആക്ട് പ്രകാരം അന്തിമതീരുമാനം കളമശേരി മെഡിക്കല്‍ കോളെജിന് എടുക്കാമെന്ന് വ്യക്തമാക്കി. രണ്ടുമക്കളുടെ സത്യവാങ്മൂലവും മകള്‍ ആശ ലോറന്‍സിന്‍റെ എതിര്‍പ്പും പരിഗണിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തിരുന്നു ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ താത്കാലികമായി സൂക്ഷിക്കാന്‍ കളമശേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റാമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയശേഷം മെഡിക്കല്‍ കോളെജിലേക്ക് മാറ്റാന്‍ ശ്രമിച്ചു. ഈ സമയത്താണ് ആശ, മകനൊപ്പം മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചത്. ഇവര്‍ മൃതദേഹം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയും ചെയ്തു.

ഇതേസമയത്ത് സി.പി.എമ്മിന്‍റെ വനിതാ പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ഇതിനിടെ ആശ ലോറന്‍സിന്‍റെ മകനുനേരെ ബലപ്രയോഗമുണ്ടായി. കൈയ്യാങ്കളിക്കിടെ മകനും ആശയും നിലത്തുവീണു. ഇരുവരേയും ബലമായി നീക്കിയശേഷം മൃതദേഹം പൊലീസ് സുരക്ഷയില്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു