എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്‌

 
Kerala

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

കേസിലെ ഒമ്പതാം പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഹരീഷ് കുമാറിനു ജാമ്യം ലഭിച്ചതോടെയാണ് ഇഡി കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയത്

Sarath Nath MS

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇഡി കോടതിയില്‍ ഹർജി നല്‍കി. പിണറായി വിജയന്‍റെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ ബേക്കറി ജം‌ക്‌‌ഷനിലെ വീട്ടിലെത്തി മടങ്ങിയപ്പോഴായിരുന്നു സംഭവം. കേസിലെ ഒമ്പതാം പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഹരീഷ് കുമാറിനു ജാമ്യം ലഭിച്ചതോടെയാണ് ഇഡി കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയത്.

അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് ഇഡി കോടതിയില്‍ നല്‍കിയ ഹർജിയിലെ വാദം. കേസിന്‍റെ സത്യവാസ്ഥ വെളിപ്പെടുത്താന്‍ തങ്ങളെയും കേള്‍ക്കണം. ആയുധങ്ങള്‍ കണ്ടെടുത്തത് കൊണ്ടോ മഹസര്‍ തയാറാക്കിയത് കൊണ്ടോ അന്വേഷണം തീരില്ല. ജാമ്യ ഹർജിയില്‍ പ്രോസിക്യൂട്ടര്‍ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. നിരവധി പ്രതികള്‍ ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്. ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കേണ്ടതുണ്ടെന്നും ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റർ സനത് റെഡ്ഡി ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹരീഷ് കുമാറിനു ജാമ്യം അനുവദിച്ചത്.

അതേസമയം, പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചതെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നും പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്നുമാണ് വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണു ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനിടെയാണ് പ്രതിയുടെ കസ്റ്റഡി വേണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്.

പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, അവസാനനിമിഷമാണ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയുടെ പ്രതികരണം. കേസില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയില്ലെന്നും അവര്‍ പറയുന്നു. എന്നാൽ, ഗീനാകുമാരി ഇടത് സർക്കാർ കാലത്ത് നിയോഗിച്ച പ്രോസിക്യൂട്ടറാണെന്നും രാഷ്ട്രീയ ഇടപെടലാണെന്നുമാണ് ഉയരുന്ന ആക്ഷേപം.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!

ഹോര്‍മുസില്‍ കമ്മ്യൂണിക്കേഷന്‍ ലൈനുമായി യുഎസും ഇറാനും

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും