ശബരിമല സ്വർണക്കൊള്ള; വിജിലൻസ് കോടതിയിൽ രേഖകൾ ആവശ്യപ്പെട്ട് ഇഡി, എതിർത്ത് സർക്കാർ
ശബരിമല നടയും ദ്വാരപാലക ശിൽപ്പങ്ങളും.
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ പകർപ്പ് കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി ഇഡി. അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു.
കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ പകർപ്പും മൊഴികളുമാണ് ഇഡി ആവശ്യപ്പെട്ടത്. എതിർവാദം ഉന്നയിക്കാനുള്ള അവസരം പ്രത്യേക അന്വേഷണ സംഘം (SIT) ആവശ്യപ്പെട്ടു. ഡിസംബർ 10 ന് കോടതി അപേക്ഷ പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി വേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്. രേഖകളാവശ്യപ്പെട്ട് ഇഡി ആദ്യം ഹൈക്കോടതിയെയാണ് സമീപിച്ചത്. ഹൈക്കോടതിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകാൻ നിർദേശിച്ചത്.