ഇടമലയാർ: പൊങ്ങിൻചുവട്, താളുംകണ്ടം നഗറുകളിലെ ഉദ്യോഗാർത്ഥികൾക്കായി പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ സൗകര്യം ഒരുക്കി ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ. വന സംരക്ഷണ സമിതികളുടെ ആഭിമുഖ്യത്തിലാണ് ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് ഉദ്യോഗാർത്ഥികളുടെ പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ നടപടികൾക്ക് ആരംഭം കുറിച്ചത്.
കേരള പബ്ളിക് സർവീസ് കമ്മീഷൻ നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ പൊങ്ങിൻചുവട്, താളുംകണ്ടം നഗറുകളിൽ വന സംരക്ഷണ സമിതികൾ മുഖേന ഇക്കാര്യം അറിയിച്ചപ്പോഴാണ് ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗവും പി.എസ് .സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പോലും നടത്തിയിട്ടില്ല എന്ന് ബോധ്യമാവുന്നത്.
തുടർന്ന് സ്റ്റേഷൻ സ്റ്റാഫുകളുടെയും വനസംരക്ഷണസമിതി സെക്രട്ടറിമാരുടെയും മേൽനോട്ടത്തിൽ ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് സൗജന്യ രജിസ്ട്രേഷൻ നടപടികൾക്ക് ആരംഭം കുറിച്ചു. നിരവധി ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ പൂർത്തിയാക്കി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിച്ചു.
കൂടാതെ നിലവിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള നിരവധി ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ അപ്ഡേഷനും അപേക്ഷ സമർപ്പിക്കലും നടത്തി. വരും ദിവസങ്ങളിലും രജിസ്ട്രേഷൻ തുടരുമെന്ന് ആർ ഒ അരുൺ കുമാർ കെ വ്യക്തമാക്കി. പൊങ്ങിൻചുവട്, താളുംകണ്ടം നഗറുകളെ സമ്പൂർണ്ണ പി എസ് സി രജിസ്ട്രേഷൻ ഊരുകൾ ആക്കുകയാണ് ലക്ഷ്യമിടുന്നത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാൽ അടുത്തഘട്ടത്തിൽ ആദിവാസി നഗറുകളിൽ സൗജന്യ പി എസ് സി പരിശീലന ക്ലാസ് നൽകും.
തുണ്ടത്തിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അരുൺ കുമാറിന്‍റെ നിർദേശപ്രകാരം ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. ദിൽഷാദിന്‍റെ നേതൃത്വത്തിലാണ് ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് സൗജന്യ രജിസ്ട്രേഷൻ നടപടികൾക്ക് ആരംഭം കുറിച്ചത്.
പൊങ്ങിൻചുവട് വനസംരക്ഷണസമിതി സെക്രട്ടറി കെ. ആർ. രാജേഷ്, താളുംകണ്ടം സെക്രട്ടറി സുരേഷ് പി. വി., ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. എം. മുഹമ്മദ് സ്വാലിഹ്, റെനി മാത്യു, ജിൻസ് വർഗീസ് ജയ്സൺ, ഫോറസ്റ്റ് വാച്ചർമാരായ ചെല്ലപ്പൻ വെള്ളക്കയ്യൻ , രവി പി. പി. എന്നിവർ മേൽനോട്ടം വഹിച്ചു.