പണം മുടക്കി പണി വാങ്ങിയവർ

 
Kerala

പണം മുടക്കി പണി വാങ്ങിയവർ

വൻ പ്രതീക്ഷയിൽ പാലക്കാട് മത്സരിക്കാനിറങ്ങിയ ശോഭയ്ക്ക് വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപുണ്ടായ ഈ കൈപ്പിഴ വലിയ തിരിച്ചടിയായി

Manju Soman

സ്വന്തം ലേഖിക

വോട്ടിനു പണം, സാരി, കിറ്റ്, മദ്യം.... തെരഞ്ഞെടുപ്പ് അങ്കത്തിൽ ഏറ്റവും കൂടുതൽ കള്ളക്കളി ആരോപണം നേരിട്ടത് ബിജെപി സ്ഥാനാർഥികളായിരുന്നു. കൂട്ടത്തിൽ വാർത്താ താരമായത് പാലക്കാട്ട് ബിജെപി സ്ഥാനാർ‌ഥിയായിരുന്ന ശോഭ സുരേന്ദ്രനും. വോട്ടിന് പണം നൽകിയത് കൈയോടെ തൂക്കിയതിന്‍റെ വെപ്രാളത്തിൽ ശോഭ ചെയ്തുകൂട്ടിയതും പറഞ്ഞുകൂട്ടിയതുമെല്ലാം ദിവസങ്ങളോളം വാർത്തകളിൽ നിറഞ്ഞു. വൻ പ്രതീക്ഷയിൽ പാലക്കാട് മത്സരിക്കാനിറങ്ങിയ ശോഭയ്ക്ക് വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപുണ്ടായ ഈ കൈപ്പിഴ വലിയ തിരിച്ചടിയായി. അവസാനം ശോഭയുടെ തെരഞ്ഞെടുപ്പ് പരാജയത്തിനു വരെ ഇതു കാരണമായി.

ബിജെപിക്ക് ഏറ്റവും വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. പാർട്ടി ലിസ്റ്റിലെ എ ക്ലാസ് മണ്ഡലം. 2021ൽ ഇ. ശ്രീധരന് നൂലിഴ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു പോയ വിജയം ഇത്തവണ ശോഭയിലൂടെ നേടിയെടുക്കാം എന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. ശോഭ സുരേന്ദ്രന്‍റെ ജനപിന്തുണ വോട്ടാക്കി മാറ്റാം എന്നതായിരുന്നു ലക്ഷ്യം. മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ശോഭയ്ക്ക് വോട്ട് ശതമാനം ഉയർത്താൻ സാധിച്ചിരുന്നു. പത്താം തവണ തെരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുമ്പോൾ 35,000 വോട്ടിന് വിജയം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ശോഭ സുരേന്ദ്രൻ. എന്നാൽ, ഫലം വന്നപ്പോൾ 13,000 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയോടു തോറ്റു.

വോട്ടിന് നോട്ട്

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശിയിലാണ് ശോഭ സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തത്. വയോധികയുടെ കൈയിൽ 5,000 രൂപ വച്ചുകൊടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പകർത്തിയത്. പണം വാങ്ങിയെന്ന് ആദ്യം സമ്മതിച്ച വയോധിക പിന്നീട് ഇത് മാറ്റി പറഞ്ഞു. കൈയിലുണ്ടായിരുന്നത് പെൻഷൻ പണമാണ് എന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് ശോഭയോട് ഇത് ചോദിക്കുന്നതും വിഡിയോയിലുണ്ട്. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയായിരുന്നു ശോഭ. ''അടിച്ചു നിന്‍റെ കരണക്കുറ്റി പൊളിക്കും'' എന്നു ശോഭ പറയുന്നതാണ് വിഡിയോയിലുള്ളത്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ ശോഭ നടത്തിയ പ്രതികരണത്തോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി.

പണം നൽകിയത് ആദ്യം സമ്മതിക്കുകയാണ് ശോഭ ചെയ്തത്. കൂടെയുള്ള സ്ത്രീ അവരുടെ വല്യമ്മയ്ക്കാണ് പണം നൽകിയത് എന്നായിരുന്നു പ്രതികരണം. എന്നാൽ, പിന്നാലെ ആരോപണങ്ങൾ പൂർണമായി തള്ളി. കോൺഗ്രസിന്‍റെ നാടകമാണ് ഇതെല്ലാം എന്നായി വാദം. കോൺഗ്രസ് പറഞ്ഞുവിട്ട സ്ത്രീയാണ് പണം നൽകിയതെന്നും രണ്ട് ദിവസമാണ് തന്നെ പിന്തുടരുകയാണെന്നും പറഞ്ഞു. മാത്രമല്ല അമ്മയുടെ പ്രായമുള്ള തന്നെ കാറിലുണ്ടായിരുന്ന യുവാവ് അശ്ലീല ആംഗ്യം കാണിച്ചെന്നും ശോഭ ആരോപിച്ചു.

ഇതോടെ കൂടുതൽ തെളിവുകളുമായി കോൺഗ്രസ് രംഗത്തെത്തി. പണം നൽകിയ സ്ത്രീ ശോഭയ്ക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതും, വിവിധ ഇടങ്ങളിൽ പ്രചാരണത്തിൽ പങ്കെടുക്കുന്നതും പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പരിപാടിയിയുടെ ഭാഗമായതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പിന്നാലെ എൻഡിഎ പ്രവർത്തകർക്കെതിരേ പൊലീസ് കേസ് എടുക്കുകയായിരുന്നു.

അതിനിടെ ശോഭയ്ക്കെതിരേ ഗുരുതര ആരോപണവുമായി ആലപ്പുഴ നോർത്ത് മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് ബിന്ദു വിനയകുമാർ രംഗത്തെത്തി. ബിന്ദുവിനെ ഫോണിൽ വിളിച്ച് ശോഭ ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോയും ഇവർ പുറത്തുവിടുകയായിരുന്നു. പാലക്കാട്ട് പണം നൽകിയ സ്ത്രീക്കു പിന്നിൽ ബിന്ദു ആണെന്നായിരുന്നു ശോഭയുടെ ആരോപണം. ബിജെപിയിലെ പെൺ ഗുണ്ട എന്നാണ് ശോഭയെ ബിന്ദു വിശേഷിപ്പിച്ചത്.

കിറ്റിൽ കുടുങ്ങി തൃശൂർ

തൃശൂർ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ ഉയർന്നുകേട്ടത് വോട്ടിന് കിറ്റ് ആരോപണമായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും കിറ്റ് വിവാദം ഉയർന്നിരുന്നു. കൂട്ടത്തിൽ വലിയ ചർച്ചയായത് മണലൂർ നിയോജകമണ്ഡലത്തിൽ ഉയർന്ന വിവാദമാണ്. യുഡിഎഫ് ആ‍യിരുന്നു ബിജെപിക്കെതിരേ കിറ്റ് വിവാദം ഉയർത്തിയത്. കിറ്റ് വിവാദത്തിൽ പ്രതിഷേധവുമായി ഇറങ്ങിയ ടി.എൻ. പ്രതാപൻ പൊലീസിന്‍റെയും ബിജെപി പ്രവർത്തകരുടേയും തല്ല് കൊണ്ടത് വെറുതെയായി. മണലൂരിൽ എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥിനോട് 1,613 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

വാടാനപ്പിള്ളിയിലെ സ്വകാര്യ ഗോഡൗണിൽ വോട്ടർമാർക്ക് കൊടുക്കാനായി കിറ്റ് തയാറാക്കി എന്നായിരുന്നു ആരോപണം. തളിക്കുളത്തെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള ചാമ്പ്യൻസ് ട്രേഡേഴ്‌സ് വാടാനപ്പിള്ളി എന്ന സ്വകാര്യ ഗോഡൗണിനു സമീപത്താണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ തന്നെ രംഗത്തെത്തിയതോടെയാണ് വലിയ വാർത്തയായത്. പ്രവർത്തകർക്കൊപ്പം ഗോഡൗണിനു മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രതാപന്‍റെ പ്രതിഷേധം. പിന്നാലെ എൽഡിഎഫ് പ്രവർത്തകരും സ്ഥലത്തെത്തി.

ഈ സമയം വീടിനുള്ളിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റും നടനുമായ ദേവനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ഭഗീഷ് പൂരാടനുമുണ്ടായിരുന്നു. ആരോപണം രൂക്ഷമാകാൻ ഇതു കാരണമായി. ഒന്നാം നിലയിൽ നിന്ന് പ്രതിഷേധക്കാരെ കൈ ഉയർത്തിക്കാണിച്ചും കൂകി വിളിച്ചുമുള്ള ദേവന്‍റെ പ്രകടനം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. യുഡിഎഫ് പ്രതിഷേധമറിഞ്ഞ് ബിജെപി പ്രവർത്തകർ കൂടി സ്ഥലത്തേക്ക് എത്തിയതോടെ കൈയാങ്കളിയായി. അഞ്ചര മണിക്കൂർ നേരമാണ് രാഷ്ട്രീയ നാടകം അരങ്ങേറിയത്.

സംഭവം വിവാദമായതിനു പിന്നാലെ ചാമ്പ്യന്‍സ് ട്രേഡേഴ്‌സ് ഉടമ പ്രവീണ്‍ ജിത്തിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കിറ്റ് ഓര്‍ഡര്‍ ചെയ്ത ആളെയും പ്രതി ചേര്‍ത്തു. കിറ്റില്‍ 72,542 രൂപ വില വരുന്ന സാധനങ്ങളുണ്ടായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്. സംഭവത്തില്‍ കേസെടുക്കാന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. അതിനിടെ ഭക്ഷ്യക്കിറ്റ് വിവാദം ബിജെപിയുമായി ചേര്‍ന്നുള്ള ടി.എന്‍. പ്രതാപന്‍റെ നാടകമാണെന്ന ആരോപണവുമായി നാട്ടികയിലെ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഫിറോസ് രംഗത്തെത്തിയത് കോൺഗ്രസിനെ സമ്മർദത്തിലാക്കി.

തൃശൂരിലെ ഒളരിയിലും സമാന സംഭവമുണ്ടായി. ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് വോട്ടർമാർക്ക് ബിജെപി കിറ്റ് വിതരണം ചെയ്യുകയായിരുന്നു. പ്രദേശത്തെ കാർത്തിക എന്ന സൂപ്പർമാർക്കറ്റ് വഴിയാണ് കിറ്റ് വിതരണം നടത്തിയത്. എൽഡിഎഫ് നൽകിയ പരാതിയിൽ പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ശിവരാമപുരം നഗറിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് 900 രൂപയോളം വിലവരുന്ന കിറ്റുകൾ വിതരണം ചെയ്തത്. 150 കിറ്റുകൾക്കാണ് രാധാകൃഷ്ണൻ ഓർഡർ നൽകിയത്. ബിജെപി പ്രവർത്തകർ പറഞ്ഞതനുസരിച്ച് കിറ്റ് വാങ്ങാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആണുങ്ങൾക്ക് മദ്യം, പെണ്ണുങ്ങൾക്ക് സാരി

പണവും കിറ്റും മാത്രമല്ല, സാരിയും മദ്യവും വരെ ബിജെപി വിതരണം ചെയ്തതായി ആരോപണം ഉയർന്നിരുന്നു. ഒളരിക്കര വടക്കേ ബസ് സ്റ്റാൻഡിനു സമീപത്തെ ബാറിനെതിരേയാണ് എൽഡിഎഫ് പരാതിയുമായി എത്തിയത്. ആവ്യക്കാർക്ക് സ്ലിപ്പ് നൽകി മദ്യം വിറ്റു എന്നായിരുന്നു ആരോപണം.

ശോഭയ്ക്കെതിരേ വോട്ടിന് പണം ആരോപണം ഉയർന്നതിനു പിന്നാലെ പാലക്കാട് സാരിയും വിതരണം ചെയ്തെന്ന ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. പിരിയാരിയിലെ വീട്ടുകളിൽ ബിജെപി പ്രവർത്തകർ സാരി നൽകുന്നതിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കൂടാതെ, ചേർത്തല പള്ളിപ്പുറത്തും തുറവൂരിലും ബിജെപി പ്രവർത്തകർ സാരി വിതരണം ചെയ്തതായി ആരോപണം ഉയർന്നിരുന്നു. ബിജെപി നേതാവും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ വിനീത വിനുവിന്‍റെ നേതൃത്വത്തിലായിരുന്നുവത്രെ സാരി വിതരണം. പള്ളിപ്പുറം ഇടവഴിക്കൽ ശെൽവി, സമീപവാസി റാണി എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതോടെയാണ് സാരിവിതരണം വിവാദമായത്. എന്തായാലും കൈക്കൂലി കൊടുത്ത് വോട്ട് വാങ്ങാം എന്ന് കരുതുന്നവർക്ക് ഈ തെരഞ്ഞെടുപ്പ് ഫലം ഒരു ഓർമപ്പെടുത്തലാണ്.

ബിജെപിയുടെ 'സൈലന്‍റ് സ്ട്രോക്ക്'; നേമത്തിന് പുറമെ കഴക്കൂട്ടത്തും ചാത്തന്നൂരിലും താമര

വിജയ് തരംഗത്തിൽ സ്റ്റാലിൻ തോറ്റു; സൈലന്‍റ് കില്ലറായി വി.എസ്. ബാബു

പി.സി. ജോർജിന്‍റെ വീട്ടിൽ രണ്ട് തോൽവി; മകൻ ഷോണും തോറ്റു

വിയർത്ത് ജയിച്ച് ക്യാപ്റ്റൻ; അരലക്ഷമുണ്ടായിരുന്ന ഭൂരിപക്ഷം 18,437ആ‍യി

ഭരണവിരുദ്ധ തരംഗം; കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ഭരണകക്ഷികൾക്ക് തിരിച്ചടി, വിയർത്ത് മുഖ്യമന്ത്രിമാർ