മുഹമ്മദ് ഷിയാസ്, വിനായകൻ
കൊച്ചി: അശ്ലീലവും അധിക്ഷേപവും സമൂഹമാധ‍്യമങ്ങളിൽ പതിവാക്കിയ മലയാള നടൻ വിനായകൻ പൊതുശല‍്യമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. ലഹരി വ‍്യാപനത്തിനെതിരേ ശനിയാഴ്ച നടക്കുന്ന വാക്കത്തോണുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര‍്യം പറഞ്ഞത്.
എല്ലാ കലാകാരന്മാർക്കും വിനായകൻ അപമാനമാണെന്നും സർക്കാർ പിടിച്ചു കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ ലഹരിയാണെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു ഗായകൻ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും അധിക്ഷേപിച്ച് വിനായകൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് എൻഎസ് നുസൂർ വിനായകനെതിരേ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകിയിരുന്നു.