തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ ഹെലികോപ്റ്ററാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വ്യോമയാന വിദഗ്ധനായ ജേക്കബ് കെ. ഫിലിപ്പാണ് ഇതു സംബന്ധിച്ച കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 28ന് ക്ഷേത്രത്തിനു മുകളിലൂടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ നിരവധി തവണ പറന്നത് ഭീതിജനകമാണെന്ന് ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ഡിസിപി സിറ്റി കമ്മിഷണർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം ക്ഷേത്രത്തിനുമുകളിൽ നോൺ ഫ്ലൈയിങ് സോൺ പ്രഖ്യാപിക്കണമെന്ന് കമ്മിഷണർ ഡിജിപിക്കു ശുപാർശ നൽകി. ഇതിനു പിന്നാലെയാണ് കോപ്റ്റർ യൂസഫലിയുടേതായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഫെയ്സ്ബുക് പോസ്റ്റ് വായിക്കാം:
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ജൂലൈ 28 ന് രാത്രി ഏഴുമണിയോടെ ഒരു ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നുവെന്ന കുമ്മനം രാജശേഖരന്റെ സംഭ്രമജനകമായ വെളിപ്പെടുത്തലിനെപ്പറ്റിയുള്ള വാർത്തകൾ ഇന്നു രാവിലെയാണ് കാണുന്നത്.
കോടികൾ വിലമതിക്കുന്ന നിധി സൂക്ഷിക്കുന്ന ക്ഷേത്രം, രാത്രിയുടെ കൂറ്റാകൂരിരുട്ട്, മുകളിൽ വട്ടമിട്ടു പറക്കുന്ന ഹെലിക്കോപ്ടർ-
ത്രില്ലടിച്ചാണ് ഫ്‌ലൈറ്റ്ട്രാക്കിങ് സൈറ്റായ ഫ്‌ലൈറ്റ്‌റഡാർ24 ൽ അന്നത്തെ, ആ നേരത്തെ പറക്കലുകളുടെ ഒരു റീപ്ലേ നടത്തി നോക്കിയത്.
വെറുതെയായില്ല, റീ പ്ലേ.
നേരിട്ടു കണ്ട സ്‌തോഭജനകമായ കാര്യങ്ങളുടെ ചുരുക്കം-
തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കു ചെയ്തിരുന്ന വിടി-എആർ്‌ഐ എന്ന എയർബസ് എച്ച്145 (യൂറോകോപ്ടർ ഇസി145) ഹെലികോപ്ടർ 28 ന് രാത്രി 7.05 ന് പറന്നുയർന്ന് കുറേ ചുറ്റിപ്പറക്കലുകൾക്കു ശേഷം 7.48 ന് തിരിച്ചിറങ്ങുന്നു (പറക്കൽപ്പാത താഴെ ഇതോടൊപ്പമുണ്ട്).
ഉവ്വ്- ഒരു വേള പദ്മനാഭിസ്വാമി ക്ഷേത്രം പറക്കൽപ്പാതയ്ക്ക് താഴെയായി വന്നിരുന്നു.
അതു കൊണ്ടും തീർന്നില്ല.
പിറ്റേന്നു പട്ടാപ്പകൽ, രാവിലെ 9.32 ന് വിമാനത്താവളത്തിൽ നിന്ന് വീണ്ടുമൊന്നു പറന്നു പൊങ്ങി, 9.38 ന് വിമാനത്താവളത്തിൽ തന്നെ ഇറങ്ങി.
പിന്നെ 11.05 ന് വീണ്ടും പറന്നുയർന്ന് നേരെ വടക്കോട്ടു പറന്നു.
-ലാൻഡു ചെയ്തത് കോട്ടയം പുതുപ്പള്ളി സെന്റ്‌ജോർജ് ഓർത്തോഡോക്‌സ് പള്ളിക്കു സമീപം.
ഇനി 29ന് എല്ലാ പത്രങ്ങളിലും വന്ന വാർത്തകൾ നോക്കുക-
പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ മൈതാനത്ത് ഹെലിക്കോപ്ടറിൽ ഇറങ്ങിയ എംഎ യൂസഫലി, ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. കുടുംബാംഗങ്ങളെ കണ്ടു, അനുശോചനം അറിയിച്ചു.
അതേ- വിടി-എആർഐ എന്ന റജിസ്‌ട്രേഷനുള്ള ഈ ഹെലികോപ്ടർ എംഎ യൂസഫലിയുടേതാണ്.
2021 ഏപ്രിൽ പനങ്ങാടുണ്ടായ അപകടത്തെ തുടർന്ന് ഒഴിവാക്കിയ ഹെലികോപ്ടറിനു ശേഷം ലുലുഗ്രൂപ്പ് വാങ്ങിയ പുതിയ എയർബസ് ഹെലികോപ്ടർ.
(വിടി-എആർഐ യെ ട്രാക്കു ചെയ്യുന്നതിനിടെ ഒന്നു ശ്രദ്ധിച്ചാൽ, 28ന് രാത്രി ഏഴരയോടെ അബുദാബിയിൽ നിന്ന് യൂസഫലിയുടെ പ്രൈവറ്റ്‌ജെറ്റ് എ6-വൈഎംഎ തിരുവനന്തപുരത്തേക്ക് വരുന്നതും ലാൻഡു ചെയ്യുന്നതും കാണാം.)
കോട്ടയത്തു നിന്ന് 29 നു തന്നെ തിരിച്ചു പറന്ന ഹെലികോട്പർ പിന്ന 30 ന് കൊച്ചി വിമാനത്താവളത്തിലേക്കു പറന്നു. പിന്നെ എങ്ങും പോയിട്ടില്ല.
ഇ്‌പ്പോൾ ചെന്നാൽ, നെടുമ്പാശേരി വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ കാണാം.
യാത്രയൊക്കെ കഴിഞ്ഞ് ജൂലൈ 31 ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.56 ന് ഒന്നു പറന്നുയർന്ന് ഒന്നു ചുറ്റിയടിച്ച് 2.01 വീണ്ടും നെടുമ്പാശേരിയിൽ തന്നെ ഇറങ്ങിയിരുന്നു, ഈ എയർബസ് ഹെലിക്കോപ്ടർ.
ആ പറക്കൽപ്പാതയുടെ കീഴെ നിധി സൂക്ഷിക്കുന്ന ക്ഷേത്രങ്ങളേതെങ്കിലുമുണ്ടായിരുന്നോ എ്ന്ന് പരിശോധിക്കാവുന്നതുമാണ്.
ഏതെങ്കിലും ഫ്‌ലൈറ്റ്ട്രാക്കിങ് സൈറ്റിൽ പത്തുമിനിറ്റ് ചെലവഴിച്ചാൽ, അല്ലെങ്കിൽ തിരുവനന്തപുരം അദാനി വിമാനത്താവളത്തിലെ പിആർഒയെ ഒന്നു ഫോൺ ചെയ്താൽ കിട്ടുമായിരുന്ന ഈ വിവരങ്ങൾ ഈ നേരമായിട്ടും ആരും അറിയാൻ മിനക്കെടാത്തത് എന്തുകൊണ്ടായിരിക്കും?