ഫൊറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു

 
Kerala

ഫൊറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു

കേരളത്തിലെ ആദ്യ ഫൊറൻസിക് സർജൻ കൂടിയാണ്.

കോഴിക്കോട്: ഫൊറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളെജിൽ ഫൊറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. വീട്ടിൽ കുഴഞ്ഞ് വീണ നിലയിൽ‌ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജനാണ് ഡോ. ഷേർളി വാസു. 2017ൽ കേരള സർക്കാരിന്‍റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ്, മാന്നാർ കല കൊലക്കേസ് തുടങ്ങി സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്റ്റ് മോർട്ടം നടത്തിയത് ഡോ. ഷേർളി വാസുവാണ്.

ഫൊറൻസിക് മേഖലയിൽ 35 വർഷത്തെ പരിചയമുളള ഷേർലി കേരളത്തിലെ ആദ്യ ഫൊറൻസിക് സർജൻ കൂടിയാണ്. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളെജുകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ആയിരക്കണക്കിന് കേസുകളാണ് ഷേര്‍ളി കൈകാര്യം ചെയ്തത്.

1982ൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ച ഷേർളി 1984ൽ ഫൊറൻസിക് മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടി. കോട്ടയം മെഡിക്കൽ കോളെജിൽ അസിസ്റ്റന്‍റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ പദവികൾ വഹിച്ചിട്ടുണ്ട്. 1997–99ൽ പരിയാരം മെഡിക്കൽ കോളെജിൽ ഡെപ്യൂട്ടേഷനിൽ പ്രൊഫസറായി. അസോ. പ്രൊഫസറായി വീണ്ടും കോഴിക്കോട് മെഡിക്കൽ കോളെജിലെത്തി.

2001 ജൂലൈയിൽ ഇവിടെ പ്രൊഫസറായി സേവനനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകൾക്കു തുമ്പുണ്ടാക്കാൻ സാധിച്ചത്. 2010ൽ തൃശൂർ മെഡിക്കൽ കോളെജിലെത്തി. 2012 വരെ ഫൊറൻസിക് വിഭാഗം മേധാവിയായി. 2014ൽ പ്രിൻസിപ്പലായി. പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍