കൊല്ലത്ത് നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു; അപകടം ആദ്യമായി സ്കൂളിൽ പോവാനിരിക്കെ
ചവറ: അമ്മവീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വിദ്യാർഥി വീടിനടുത്തുള്ള ഓടയിൽ വീണ് ഒഴുക്കിൽപെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ പാലവിളിയിൽ വീട്ടിൽ അനീഷിന്‍റെയും രശ്മിയുടെയും നാലര വയസുള്ള മകൾ അക്ഷിക (കല്യാണി) ആണ് മരിച്ചത്.
പള്ളിക്കൽ എൻഎസ്എസ് എൽപിഎസിൽ എൽകെജി പ്രവേശനം നേടി തിങ്കളാഴ്ച സ്കൂളിലേക്ക് പോവാനിരിക്കെയായിരുന്നു അപകടം. ഒന്നര മാസം മുൻപാണ് മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും അടുത്തേക്ക് അക്ഷിക എത്തിയത്. ഞായറാഴ്ച വൈകിട്ട് വീടിന് സമീപത്തെ ഓടയുടെ സ്ലാബിൽകൂടി സൈക്കിളിൽ സ്കൂളിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.
ഉടൻ തന്നെ നാട്ടുകാർ ഓടയിലിറങ്ങി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മൂന്നൂറുമീറ്റർ അകലെ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.