തേക്കിൻകാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയത് ചോദ്യം ചെയ്ത ഹർജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി
kerala High Court
കൊച്ചി: തേക്കിൻകാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജിയിൽ പിഴ ചുമത്തി ഹൈക്കോടതി. ഹർജിക്കാരനായ തൃശൂർ സ്വദേശി നാരായണൻ കുട്ടിക്കാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് 10,000 രൂപ പിഴ ചുമത്തിയത്. ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
കലോത്സവവുമായി ബന്ധപ്പെട്ട കൃത്യമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. കലോത്സവം തുടങ്ങും മുൻപ് നിർദേശങ്ങൾ ലംഘിച്ചോ എന്ന് പോലും നോക്കാതെ ഹർജി നൽകിയത് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.
കലോത്സവത്തിനായി മരങ്ങൾ മുറിച്ചു മാറ്റിയതായി ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഹർജിയിൽ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൈതാനത്ത് പാചകം പാടില്ല എന്നതടക്കമുള്ള കർശന നിർദേശ പ്രകാരമാണ് കലോത്സവത്തിനായി തേക്കിൻകാട് മൈതാനത്ത് അനുമതി നൽകിയത്.